LHC0088 Publish time 2026-2-12 11:38:59

മെസ്സി മുംബൈയിൽ പറന്നിറങ്ങുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്; ചുക്കാൻപിടിച്ചത് പിള്ള സർവകലാശാലയും

/uploads/allimg/2025/12/8548480853497464265.jpg



മുംബൈ ∙ ഫുട്ബോൾ ഇതിഹാസം മെസ്സി ഇന്നു മുംബൈയിൽ പറന്നിറങ്ങുമ്പോൾ, ഇവിടത്തെ മലയാളികൾക്കും അഭിമാനിക്കാൻ ഒരു വകയുണ്ട്. കൊല്ലം കല്ലട സ്വദേശിയായ ഡോ.കെ.എം.വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ പൻവേലിലുള്ള പിള്ള സ്വകാര്യ സർവകലാശാലയാണു മെസ്സിയുടെ സന്ദർശനത്തിന്റെ പ്രധാന സ്പോൺസർമാരിൽ ഒരെണ്ണം. പൻവേലിലെ പിള്ള ക്യാംപസ് നവിമുംബൈയിലെ ആദ്യത്തെ സ്വകാര്യ സർവകലാശാലയായി മാറിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ആ വാർത്ത വിളംബരം ചെയ്യാനും ലക്ഷ്യമിട്ടാണു മെസ്സിയുടെ സന്ദർശന പരിപാടിയുമായി പിള്ള ഗ്രൂപ്പ് കൈകോർത്തത്.

‘പഠനത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണു കായികം. അതിന് ഏറെ പ്രാധാന്യം കൊടുക്കുന്നമുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഞങ്ങളുടേത്. അതിനാൽ, ലോകം ആരാധിക്കുന്ന ഫുട്ബോൾ താരവുമായുള്ള കൂട്ടുകെട്ട് ഞങ്ങൾക്ക് അഭിമാനവും സന്തോഷവും പകരുന്നു. മെസ്സിയുമായുള്ള പങ്കാളിത്തത്തിലൂടെ പിള്ള സർവകലാശാലയുടെ യശസ്സ് ദേശീയ, രാജ്യാന്തരതലത്തിലേക്കെത്തുമെന്നാണു പ്രതീക്ഷക്കുന്നത്’– ഡോ.കെ.എം.വാസുദേവൻ പിള്ള പറഞ്ഞു. ദക്ഷിണ കിഴക്കൻ ഏഷ്യയിൽ ഫിഫയുടെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്ന ഏക സ്ഥാപനമാണു പിള്ള ഗ്രൂപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാങ്കഡെ സ്റ്റേഡിയത്തിൽ നടത്തുന്ന മെസ്സിയുടെ പ്രദർശന ഫുട്ബോൾ മത്സരത്തിനായി പിള്ള ഗ്രൂപ്പിന്റെ കോളജിൽനിന്നുള്ള നൂറുകണക്കിനു വിദ്യാർഥികൾ വൊളന്റിയർമാരായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളുടെ കലാവിരുന്നും ഒരുക്കുന്നുണ്ട്. പത്താം ക്ലാസിനു ശേഷം തുടർപഠനത്തിനായി മുംബൈയിൽ എത്തിയതാണു വാസുദേവൻ പിള്ള. സോമയ്യ കോളജിലെ പഠനം കഴിഞ്ഞ് അവിടെ തന്നെ അധ്യാപകനായി ജോലി ചെയ്ത ശേഷമാണു ചെമ്പൂരിൽ സ്വന്തമായി സ്കൂൾ തുടങ്ങിയത്. 1979ൽ പൻവേലിൽ സ്കൂൾ ആരംഭിച്ചു. ഇന്ന് 48 ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 30,000 വിദ്യാർഥികൾ പിള്ള ഗ്രൂപ്പ് സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. English Summary:
Lionel Messi\“s Mumbai visit is primarily sponsored by Pillai College. This partnership aims to elevate Pillai University\“s reputation nationally and internationally. Dr. K.M. Vasudevan Pillai emphasizes the importance of sports alongside education and expresses pride in the collaboration.
Pages: [1]
View full version: മെസ്സി മുംബൈയിൽ പറന്നിറങ്ങുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്; ചുക്കാൻപിടിച്ചത് പിള്ള സർവകലാശാലയും