cy520520 Publish time 2026-2-12 11:49:36

വെർച്വൽ അറസ്റ്റ്, റിയൽ തട്ടിപ്പ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/editorial/images/2026/1/3/vireal.jpg?w=1120&h=583



2025ൽ ഈ പംക്തിയിൽ ഏറ്റവുമധികം പരാമർശിച്ച കാര്യങ്ങളിലൊന്നാണ് ‘വെർച്വൽ അറസ്റ്റ്’. തീവ്രവാദം, കള്ളപ്പണ ഇടപാട്, ലഹരിമരുന്ന് തുടങ്ങിയ ഏതെങ്കിലും കുറ്റകൃത്യവുമായി ബാങ്ക് അക്കൗണ്ടോ ആധാർ കാർഡോ ബന്ധപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞു നമ്മുടെ ഫോണിലേക്കു വരുന്ന കോളിൽനിന്നാവും വെർച്വൽ അറസ്റ്റിന്റെ തുടക്കം. പൊലീസ് ഉദ്യോഗസ്ഥരാണെന്ന മട്ടിലുള്ള ഈ കോളിൽ നമ്മൾ വീണാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനും സിബിഐക്കാരനും കോടതിയിലെ ജഡ്ജിയുമൊക്കെ പിന്നാലെ വരും. എല്ലാം വ്യാജർ. അവർ പല വ്യാജരേഖകളും ഓൺലൈനിലൂടെ കാണിക്കും. അറസ്റ്റിലാണെന്നു വിശ്വസിപ്പിക്കും. ബാങ്കിലുള്ള പണം മുഴുവൻ പരിശോധനയ്ക്കായി അവർ പറയുന്ന അക്കൗണ്ടിലേക്കു മാറ്റാൻ ആവശ്യപ്പെടും. അങ്ങനെ തട്ടിപ്പുകാർ ഇന്ത്യയിൽനിന്ന് ആകെ കൊണ്ടുപോയ തുക കഴിഞ്ഞയാഴ്ച കൊടുത്തത് ഓർമയുണ്ടോ; 3000 കോടി രൂപ!

[*] Also Read ‘മുംബൈ പൊലീസാണ്, വെർച്വൽ അറസ്റ്റിലാണ്’; വിഡിയോ കോളിൽ കണ്ടത് യഥാർഥ പൊലീസിനെ, തട്ടിപ്പു പൊളിച്ച് സൈബർസെൽ


2026ലെ ആദ്യരണ്ടുദിവസം പിന്നിട്ട ഇന്നലെ, എവിടെയെങ്കിലും വെർച്വൽ അറസ്റ്റ് നടന്നിട്ടുണ്ടോ എന്നൊരു കൗതുകത്തിന് അന്വേഷിച്ചതാണ്; കയ്യോടെ കിട്ടി രണ്ടു കഥകൾ. ഒന്ന് കേരളത്തിൽ, മറ്റൊന്ന് കർണാടകയിൽ.

[*] Also Read ഡേകെയർ തട്ടിപ്പ്: ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത സ്ഥാപനം നിലവിലില്ലെന്ന് റിപ്പോർട്ട്


തിരുവനന്തപുരത്തുനിന്നു കേട്ട കഥ പ്രതീക്ഷ നൽകുന്നതാണ്. ബാങ്ക് മാനേജരുടെ ജാഗ്രതയും പൊലീസിന്റെ ഔചിത്യവും ഒരു വെർച്വൽ അറസ്റ്റിനെ പൊളിച്ചടുക്കിയതാണ് സംഭവം. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ 74 വയസ്സുകാരനെ പതിവുപോലെ ‘മുംബൈ പൊലീസ്’ ആണ് വിളിച്ചത്. അനധികൃതപണം താങ്കളുടെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അതു തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ‘പൊലീസ്’ അറിയിച്ചു. തെളിവായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരിൽ വ്യാജകത്തും കാണിച്ചു. കൃത്യമായ ആധാർ നമ്പർകൂടി തട്ടിപ്പുകാർ പറഞ്ഞതോടെ അദ്ദേഹം പരിഭ്രാന്തനായി. വിവരം പുറത്തറിയിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും 10 ലക്ഷം രൂപ കൈമാറണമെന്നും സംഘം ആവശ്യപ്പെട്ടു. കോളുകൾ ദിവസങ്ങൾ നീണ്ടു. അതിനിടെ ഒരുനാൾ, ‘കേസ്’ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തതായി അറിയിപ്പു വന്നു. ‘എൻഐഎ എഡിജിപി’ എന്ന പേരിൽ വിളിച്ചയാൾ വെർച്വൽ അറസ്റ്റ് ചെയ്യുന്നതിനുള്ള സുപ്രീം കോടതിയുടെ വാറന്റ് ഇറങ്ങിയിട്ടുണ്ടെന്നും രക്ഷപ്പെടാനുള്ള മാർഗം പണം കൈമാറുക മാത്രമാണെന്നും അറിയിച്ചു. പരിഭ്രാന്തനായ വയോധികൻ 30നു രാവിലെ ഫോർട്ടിലുള്ള ബാങ്കിലെത്തി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിക്കാൻ അപേക്ഷ നൽകി.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES


ഇവിടെയാണ് വഴിത്തിരിവ്. എന്തിനാണ് ഇത്രയും പണം ഒറ്റയടിക്കു പിൻവലിക്കുന്നതെന്നു മാനേജർ ചോദിച്ചപ്പോൾ വീട്ടിൽ അറ്റകുറ്റപ്പണി നടത്താനാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ മാനേജർ, ബാങ്കിൽ തിരക്കാണെന്നും പിറ്റേന്നു വന്നാൽ പണം പിൻവലിക്കാമെന്നും അറിയിച്ചു. തൊട്ടുപിന്നാലെ സൈബർ പൊലീസിനെ വിവരമറിയിച്ചു. പിറ്റേന്നു പണം പിൻവലിക്കാൻ ബാങ്കിലെത്തിയ വയോധികനോട് സൈബർ ക്രൈമിലെ സിവിൽ പൊലീസ് ഓഫിസർ എം.റോയി സംസാരിച്ചു. എന്നാൽ, ഭയം കാരണം വെർച്വൽ അറസ്റ്റിന്റെ കാര്യം പറയാൻ വയോധികൻ തയാറായില്ല. സ്റ്റേഷനിലേക്കു വരാൻ ആവശ്യപ്പെട്ടെങ്കിലും പണം അയച്ചിട്ടേ വരൂവെന്നായിരുന്നു മറുപടി. ഫോൺ കൈമാറാനും തയാറായില്ല. പരിഭ്രാന്തനാണെന്നു മനസ്സിലാക്കിയ പൊലീസ്, അദ്ദേഹത്തെ അനുനയിപ്പിച്ച് ബാങ്കിനു പുറത്തെത്തിച്ചു. പിന്നാലെ ഫോണിൽ വിളിച്ച സൈബർ ക്രൈം എസിപി കെ.എസ്.പ്രകാശ് സ്റ്റേഷനിലേക്കു വന്നേ പറ്റൂവെന്നറിയിച്ചു. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നുവെന്ന പ്രതീതിയൊഴിവാക്കാൻ ജീപ്പിനു പകരം ബൈക്കിൽ കയറ്റിയാണ് അവിടെത്തിച്ചത്. സൈബർ പൊലീസ് ഫോൺ പരിശോധിക്കുമ്പോൾ, വാട്സാപ് വിഡിയോ കോളിൽ മറുതലയ്ക്കൽ തട്ടിപ്പുസംഘമുണ്ടായിരുന്നു. ഇപ്പുറത്ത് യഥാർഥ പൊലീസാണെന്നറിഞ്ഞപ്പോൾ, തട്ടിപ്പുപൊലീസുകാർ കോൾ കട്ടു ചെയ്തു മുങ്ങി! അങ്ങനെ പുതുവർഷത്തിൽ ‘വെർച്വൽ അറസ്റ്റിൽ’നിന്നു മോചനം! എന്നാൽ, ആ മുതിർന്നയാൾ മാനസിക പിരിമുറുക്കം മൂലം ജീവനൊടുക്കാൻവരെ ചിന്തിച്ച ശേഷമാണ് പണം കൈമാറാൻ ബാങ്കിലെത്തിയത് എന്ന വിവരം ഭയപ്പെടുത്തുന്നതാണ്.

തിരുവനന്തപുരം സ്വദേശി പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടെങ്കിൽ, കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള 72 വയസ്സുകാരന് ആ ഭാഗ്യമുണ്ടായില്ല. മുംബൈയിൽ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത തീവ്രവാദിയുടെ പക്കൽനിന്നു പിടിച്ചെടുത്ത എടിഎം കാർഡുകളിൽ ഒരെണ്ണം താങ്കളുടെ പേരിലുള്ളതാണെന്നു പറഞ്ഞാണ്, വിരമിച്ച അധ്യാപകനായ ഇദ്ദേഹത്തെ ‘മുംബൈ പൊലീസ്’ വിളിച്ചത്. അക്കൗണ്ടിലൂടെ കോടികൾ തീവ്രവാദ പ്രവർത്തനത്തിനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിന്നെ എല്ലാ പതിവുപോലെ.

പൊലീസ് യൂണിഫോമിലുള്ള തട്ടിപ്പുകാരൻ, വ്യാജ ബാങ്ക് രേഖകൾ, അറസ്റ്റ് വാറന്റ്.... അറസ്റ്റ് ഒഴിവാക്കാൻ അക്കൗണ്ടിലുള്ള പൈസ മുഴുവൻ ‘നാഷനൽ ഫണ്ട്’ എന്നൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും തട്ടിപ്പുകാർ അറിയിച്ചു. ഭയന്നുപോയ മുൻ അധ്യാപകൻ അതുതന്നെ ചെയ്തു; ആകെ സമ്പാദ്യമായ 1.61 കോടി രൂപ പലവട്ടമായി തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു. തട്ടിപ്പു തിരിച്ചറിഞ്ഞ് ഇന്നലെ യഥാർഥ പൊലീസിൽ പരാതിയുമായി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്!

മാധ്യമങ്ങളും സർക്കാരും പൊലീസും ബാങ്ക് അധികൃതരും ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പുനൽകുമ്പോഴും നമുക്കു ചുറ്റുമുള്ള പലരും ‘വെർച്വൽ അറസ്റ്റ്’ എന്ന ചതിക്കുഴിയിൽ വീഴുകയാണ്. പറയാൻ കഴിയുന്നവരോടെല്ലാം, പ്രത്യേകിച്ചും മുതിർന്നവരോട്, ഇക്കാര്യം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് വഴി: ഡിജിറ്റൽ അറസ്റ്റ് എന്നൊരു അറസ്റ്റില്ല. നിങ്ങളെ ആർക്കും അങ്ങനെ അറസ്റ്റ് ചെയ്യാനാകില്ല. English Summary:
Vireal: Virtual arrest scams are on the rise, where cyber criminals impersonate officials and trick victims into transferring money, often targeting the elderly. Stay vigilant and informed to avoid falling prey to these online frauds.
Pages: [1]
View full version: വെർച്വൽ അറസ്റ്റ്, റിയൽ തട്ടിപ്പ്