നാലാമത് ജി-ടെക് മാരത്തൺ; സോനു യാദവ്, ചന്ദ്രവന്ദി കുമാരി എന്നിവർ ജേതാക്കൾ
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/2/15/g-tech-marathon.jpg?w=1120&h=583കൊച്ചി∙ ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് (ജി- ടെക്) ഇൻഫോപാർക്ക് ക്യാംപസിൽ സംഘടിപ്പിച്ച നാലാമത് മാരത്തണിന്റെ പുരുഷവിഭാഗം ഹാഫ് മാരത്തണിൽ ജയ്‌പൂർ സ്വദേശി സോനു യാദവും വനിതാ വിഭാഗം ഹാഫ് മാരത്തണിൽ ബീഹാർ നവാഡ സ്വദേശിനി ചന്ദ്രവന്ദി കുമാരിയും ജേതാക്കളായി. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോനു യാദവ് 1 മണിക്കൂർ 18 മിനിറ്റ് 44 സെക്കൻഡിൽ ഫിനിഷ് ചെയ്തു. കൊൽക്കത്ത മാരത്തണിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള താരം ഇതാദ്യമായാണ് കേരളത്തിൽ മാരത്തൺ ഓടുന്നത്. 4 വർഷമായി ദീർഘദൂര മാരത്തണുകളിൽ സ്ഥിരസാന്നിധ്യമായ സോനു യാദവ് നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2 മണിക്കൂർ 8 മിനിറ്റ് 7 സെക്കൻഡിലാണ് ചന്ദ്രവന്ദി കുമാരി ഹാഫ് മാരത്തൺ പൂർത്തിയാക്കിയത്. കസ്റ്റംസ് വകുപ്പിൽ ഉദ്യോഗസ്ഥനായ സന്ദീപ് കുമാർ വർമയുടെ ഭാര്യയാണ് ചന്ദ്രവന്ദി കുമാരി. കൊച്ചിയിൽ നടന്ന നമ്മുടെ റൺ മാരത്തൺ, സ്‌പൈസ് കോസ്റ്റ് മാരത്തൺ എന്നിവയിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
പുരുഷ വിഭാഗം ഹാഫ് മാരത്തണിൽ മലയാളിയായ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി സജിത്ത്.കെ.എം (01:20:08) രണ്ടാം സ്ഥാനവും ആഗ്ര സ്വദേശി രോഹിത് ഗുർജാർ (01:23:21) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണിൽ ചോറ്റാനിക്കര സ്വദേശിനി ശ്രീപ്രിയ.എം.വി (02:09:09) രണ്ടാം സ്ഥാനവും രമ്യ.ടി (02:12:33) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള മെഡലുകൾ കൊച്ചി മേയർ വി.കെ.മിനിമോൾ, ജി- ടെക് ചെയർമാൻ വി.കെ.മാത്യൂസ്, ലിറ്റിമസ് 7 സിഇഒ വേണു ഗോപാലകൃഷ്‌ണൻ, ചലച്ചിത്രതാരം അദിതി രവി എന്നിവർ വിതരണം ചെയ്തു. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിങ്ങനെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷണലുകൾ, ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പതിനായിരത്തിലധികം ആളുകൾ മാരത്തണിൽ പങ്കെടുത്തു. മത്സരാർഥികളിൽ 33 ശതമാനവും സ്ത്രീകളാണ്. \“നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്\“ (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് ഇത്തവണത്തെ മാരത്തണിന്റെ പ്രമേയം. പ്രമുഖ ഡിജിറ്റൽ സേവനദാതാക്കളായ ലിറ്റിമസ് സെവനുമായി സഹകരിച്ചാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മാരത്തൺ ഇൻഫോപാർക്കിൽ സംഘടിപ്പിച്ചത്. English Summary:
Fourth G-Tech Marathon saw Sonu Yadav and Chandravandhi Kumari emerge as the winners in the men\“s and women\“s half marathon categories, respectively. Held at Infopark, Kochi, the event was organized by G-Tech to promote the message \“No to Drugs, Yes to Fitness\“.
Pages:
[1]