deltin33 Publish time 2 hour(s) ago

‘സർക്കാർ സമീപനത്തിന്റെ രക്തസാക്ഷി’; ആ പണം ഒരുദിവസം മുൻപ് ലഭിച്ചിരുന്നെങ്കിൽ..; ഏലിയാസിനെ കണ്ണീരോടെ ഓർത്ത് നാട്

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kannur/images/2026/2/16/kerala-farmer-suicide-1.jpg?w=1120&h=583



ചെറുപുഴ ∙ കൃഷിവകുപ്പിൽനിന്നുള്ള സഹായം തലേന്ന് കിട്ടിയിരുന്നെങ്കിൽ ഏലിയാസിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കടംവാങ്ങിയാൽ കൃത്യമായി തിരിച്ചുകൊടുക്കാറുള്ള ഏലിയാസ് സുഹൃത്തിൽനിന്നുവാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ട ദിവസമാണ് മീന്തുള്ളിയിലെ തന്റെ കൃഷിയിടത്തിൽവച്ച് വിഷംകഴിച്ചത്. കൃഷിഭവൻവഴി ലഭിക്കേണ്ട 1,12000 രൂപയിൽ 1,03,000 രൂപ പിറ്റേന്ന് ഇയാളുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഉൽപന്നങ്ങളുടെ വിലയിടിവും രോഗബാധയും ഏലിയാസിനെ കടക്കെണിയിലാക്കി. ഏത്തക്കുല ഉൾപ്പെടെ പച്ചക്കറികൾക്കൊന്നും പ്രതീക്ഷിച്ച വില ലഭിച്ചില്ല. കൂലി ഉൾപ്പെടെയുള്ള ചെലവുകൾക്കു കുറവുമില്ല. ഇതെല്ലാം ഏലിയാസിനെ മാനസികമായി തകർത്തു.

30 വർഷമായി മലയോരത്ത് പച്ചക്കറിക്കൃഷിയിൽ സജീവമായിരുന്നു ഏലിയാസ്. നഷ്ടംസഹിച്ചും കൃഷിചെയ്ത ഏലിയാസിന് ഒടുവിൽ കടക്കെണിയിൽപെട്ടു ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ഓരോ വർഷവും പുതിയ തരിശുഭൂമി കണ്ടെത്തി കൃഷിചെയ്തിരുന്നു. കൃഷിയിടങ്ങൾ തരിശുരഹിതമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി നടപ്പാക്കിയ കർഷകനാണ് കടക്കെണിയൽ ജീവനൊടുക്കേണ്ടിവന്നത്. ഈവർഷം ഏത്തവാഴയ്ക്കു പുറമേ പാവൽ, പയർ, വഴുതന, വെണ്ട, ചീര, വെള്ളരി, കക്കിരി, തലോരി, പടവലം, മത്തൻ, കുമ്പളം തുടങ്ങിയവ പലയിടങ്ങളിലായി കൃഷിചെയ്തു. ഒരുവർഷം രണ്ടും മൂന്നും തവണ കൃഷിയിറക്കാറുണ്ട്.

ഉൽപന്നങ്ങളുടെ വിലക്കുറവും വിപണി കണ്ടെത്താൻ സാധിക്കാത്തതും ഏലിയാസ് ഉൾപ്പെടെ മലയോര കർഷകർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പയ്യന്നൂർ, ചെറുപുഴ ടൗണുകളിലാണ് ഏലിയാസ് പച്ചക്കറി വിറ്റിരുന്നത്. എന്നാൽ പലപ്പോഴും മുഴുവൻ ഉൽപന്നങ്ങളും വിറ്റഴിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഈസമയത്ത് പച്ചക്കറി വാഹനത്തിൽ കൊണ്ടുവന്നു കവലകളിൽ വിറ്റു പിടിച്ചുനിൽക്കാനുള്ള ശ്രമവും നടത്താറുണ്ട്. മീന്തുള്ളിയിൽ പാട്ടത്തിനെടുത്ത സ്ഥലത്തെ പാവൽക്കൃഷി രോഗംബാധിച്ച് നശിക്കാൻ തുടങ്ങിയതും ഏലിയാസിനെ മാനസികമായി തളർത്തി. വിളവെടുപ്പ് ആരംഭിച്ച ഉടൻ രോഗബാധ ഉണ്ടായത് കനത്ത സാമ്പത്തിക നഷ്ടത്തിനു കാരണമായി. രോഗബാധയും വിലയിടിവുംമൂലം മലയോരത്തെ പല കർഷകരും കൃഷിയിൽനിന്നു പിൻവാങ്ങിയിരുന്നു. എന്നാൽ ലാഭനഷ്ടം നോക്കാതെ പച്ചക്കറിക്കൃഷി ചെയ്യാനിറങ്ങിയതാണ് അമ്പാട്ട് ഏലിയാസിനു വിനയായത്. ADVERTISEMENT Go AD-FREE

സർക്കാർ സമീപനത്തിന്റെ രക്തസാക്ഷി: മാർട്ടിൻ ജോർജ്
കണ്ണൂർ ∙ പിണറായി സർക്കാരിന്റെ കർഷകവിരുദ്ധ സമീപനത്തിന്റെ രക്തസാക്ഷിയാണ് ഏലിയാസ് അമ്പാട്ടെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. കൃഷിമേഖലയെ പരിപോഷിപ്പിക്കാൻ കോടികൾ ചെലവിടുന്നുവെന്നു പരസ്യംചെയ്യുന്ന സർക്കാരാണ് ഇതിന് ഉത്തരം പറയേണ്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുകയും സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുകയും വേണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

ഏലിയാസ് കൃഷിയെ സ്നേഹിച്ചയാൾ; സഹായം വൈകിച്ചില്ലെന്ന് കൃഷിഭവൻ
ചെറുപുഴ ∙ അമ്പാട്ട് ഏലിയാസ് ലാഭനഷ്ടംനോക്കാതെ കൃഷിയെ സ്നേഹിച്ചതായും കൃഷിവകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ സമയത്ത് ചെയ്യാൻ ശ്രമിച്ചതായും ചെറുപുഴ കൃഷിഭവൻ അധികൃതർ പറഞ്ഞു. പച്ചക്കറി കൂടുതലും വേനൽക്കാല കൃഷി ആയതിനാൽ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണ് ആനുകൂല്യം അനുവദിക്കുന്നത്. ഇക്കാര്യം ഏലിയാസിനും അറിയാം. കൃഷിവകുപ്പ് നടത്തിയ ഇടപെടലുകളെത്തുടർന്ന്, മറ്റു കർഷകർക്ക് ലഭിക്കുന്നതിനു മുൻപ് ഏലിയാസിന് ആനുകൂല്യം അനുവദിച്ചു. 1,12,000 രൂപയുടെ ആനുകൂല്യങ്ങളാണു നൽകാൻ ഉണ്ടായിരുന്നത്. ഇതിൽ 1,03000 രൂപ 13ന് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും കൃഷിഭവൻ അധികൃതർ പറയുന്നു.

നാടിന് നഷ്ടമായത് മികച്ച കർഷകനെ
ചെറുപുഴ ∙ സുഹൃത്തുക്കളോടും നാട്ടുകാരോടും കളിച്ചുചിരിച്ചു നടന്ന ഏലിയാസിനു കൃഷിചെയ്തു ഭീമമായ കടം ഉള്ള കാര്യം പലർക്കും അറിയില്ലായിരുന്നു. നല്ലൊരു കർഷകനെയും സുഹൃത്തിനെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണു ഏലിയാസിന്റെ സുഹൃത്തുക്കളും നാട്ടുകാരും. ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറികൃഷി ചെയ്യുന്ന ഏലിയാസ് നാട്ടുകാർക്ക് ഏറെ സുപരിചിതനാണ്. മലയോരത്തു ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന കർഷകനായ അമ്പാട്ട് ഏലിയാസ് ആശുപത്രിയിലാണെന്ന് അറിഞ്ഞെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തിലായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് മരണവിവരം അറിഞ്ഞാണ് ഇന്നലെ രാവിലെ നാടുണർന്നത്. ADVERTISEMENT Go AD-FREE

സർക്കാരിന്റെ കർഷകപുരസ്കാര ജേതാവ് കടബാധ്യതയെത്തുടർന്ന് ജീവനൊടുക്കി
ചെറുപുഴ ∙ മികച്ച കർഷകനുള്ള സർക്കാരിന്റെ പുരസ്കാരജേതാവ് കടബാധ്യതയെത്തുടർന്ന് ജീവനൊടുക്കി. കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറിക്കർഷകനുള്ള 2016-17ലെ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങിയ ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) തന്റെ കൃഷിയിടത്തിൽ കീടനാശിനികഴിച്ചു ജീവനൊടുക്കിയത്. കൃഷിവകുപ്പിൽനിന്നുള്ള സഹായം സമയത്തു ലഭിക്കാത്തത് ഇയാളെ പ്രതിസന്ധിയിലാക്കിയതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, മറ്റു കർഷകർക്കു നൽകുന്നതിനു മുൻപുതന്നെ ഏലിയാസിനുള്ള സഹായം നൽകിയതായി ചെറുപുഴ കൃഷിഭവൻ അധികൃതർ പറയുന്നു.

സുഹൃത്തിൽനിന്നു വാങ്ങിയ പണം തിരികെനൽകേണ്ട ദിവസമാണു വിഷംകഴിച്ചത്. പണം തരുന്നകാര്യം ഓർമിപ്പിച്ച് സുഹൃത്ത് രാവിലെ ഫോൺ ചെയ്തതായും പറയുന്നു. കൃഷിഭവനിൽനിന്ന് 1,12,000 രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതിൽ 1,03,000 രൂപ വിഷംകഴിച്ചതിന്റെ പിറ്റേന്ന് അക്കൗണ്ടിലെത്തി. വ്യക്തികൾ, സ്വാശ്രയസംഘങ്ങൾ, ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 40 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. 11നു രാവിലെ കൃഷിയിടത്തിലേക്കുപോയ ഏലിയാസിനെ പിന്നീട് വിഷം ഉള്ളിൽചെന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മികച്ച കർഷകനുള്ള ബ്ലോക്ക്, പഞ്ചായത്തുതല അവാർഡുകളും ഏലിയാസിനു ലഭിച്ചിട്ടുണ്ട്. 35 വർഷമായി ഭൂമി പാട്ടത്തിനെടുത്തു പച്ചക്കറിക്കൃഷി ചെയ്യുന്നു. നിലവിൽ നാലേക്കറോളം സ്ഥലത്ത് പച്ചക്കറികളും ഏത്തവാഴയും കൃഷിചെയ്തിട്ടുണ്ട്. സംസ്കാരം ഇന്നു രാവിലെ 11ന് കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ലൈസമ്മ. മക്കൾ: റോബിൻ (മാലദ്വീപ്), റോഷ്ന. മരുമകൻ: ലിജേഷ്. ADVERTISEMENT GO AD-FREE English Summary:
Malayalam farmer suicide highlights the devastating impact of agricultural crises in Kerala. The tragedy underscores the urgent need for government intervention and support for farmers struggling with debt and price fluctuations.
Pages: [1]
View full version: ‘സർക്കാർ സമീപനത്തിന്റെ രക്തസാക്ഷി’; ആ പണം ഒരുദിവസം മുൻപ് ലഭിച്ചിരുന്നെങ്കിൽ..; ഏലിയാസിനെ കണ്ണീരോടെ ഓർത്ത് നാട്