cy520520 Publish time 3 hour(s) ago

മുംബൈ നഗരത്തിലെ മേൽപാലങ്ങൾക്ക് താഴെ കൃഷിയിടം ഒരുങ്ങും; 24,000 ചതുരശ്രയടിയിൽ പച്ചക്കറി, പഴം കൃഷികൾ

https://img-mm.manoramaonline.com/content/dam/mm/mo/district-news/mumbai/images/2026/2/24/mumbai-tree.jpg?w=1120&h=583



മുംബൈ ∙ നഗരത്തിലെ മേൽപാലങ്ങൾക്കു താഴെയുള്ള സ്ഥലം കൃഷിയോഗ്യമാക്കാൻ ബിഎംസി ഒരുങ്ങുന്നു. വെസ്റ്റേൺ എക്സ്പ്രസ് പാതയ്ക്കു താഴെയുള്ള 24,000 ചതുരശ്രയടിയിൽ പച്ചക്കറി, പഴം കൃഷികൾ ചെയ്യുകയാണു ലക്ഷ്യം. മുംബൈ വിമാനത്താവളത്തിനടുത്തു മെട്രോ സ്റ്റേഷനു സമീപം അടുത്തമാസം പദ്ധതി ആരംഭിക്കും. വാഹനങ്ങളുടെ അനധികൃത പാർക്കിങ്, സാമൂഹികവിരുദ്ധരുടെ ശല്യം എന്നിവ ഇല്ലാതാക്കാനും പാലത്തിനടിയിലെ ക‍ൃഷി സഹായിക്കും. പാട്ടവ്യവസ്ഥയിൽ വിവിധ സന്നദ്ധസംഘടനകൾക്കും വ്യക്തികൾക്കും മേൽപാലങ്ങൾക്കടിയിലെ സ്ഥലം കോർപറേഷൻ കൈമാറും.

കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതുമെല്ലാം ഭൂമി ഏറ്റെടുക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ഭൂമി കൃഷിയോഗ്യമാക്കുക, വെള്ളം, വൈദ്യുതി ലഭ്യത ഉറപ്പാക്കുക, സുരക്ഷ ഒരുക്കുക എന്നിവയാണു ബിഎംസിയുടെ ഉത്തരവാദിത്തം. 3 അടി വീതിയും 6 അടി നീളവുമുള്ള പ്ലോട്ടുകളായാണു കൃഷിസ്ഥലത്തിന്റെ ക്രമീകരണം. 24 പ്ലോട്ടുകൾ മേൽപാലത്തിനു താഴെ തയാറായിട്ടുണ്ടെന്നും ആവശ്യക്കാർ എത്തുന്നതനുസരിച്ചു കൂടുതലിടം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

രാസവളം ഔട്ട്, സർവം ജൈവമയം
നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരുങ്ങുന്ന അർബൻ ഫാമിലേക്കു വളം കണ്ടെത്തുന്നതും പരിസ്ഥിതിസൗഹൃദമായ രീതിയിലാണ്. പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ സംസ്കരിച്ചാണു വളമെത്തിക്കുക. അതിനുള്ള സൗകര്യം ബിഎംസി ഒരുക്കും. നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്കു ചെറിയ അളവിൽ പരിഹാരമാകുമെന്നതിനൊപ്പം രാസവളങ്ങൾ ഒഴിവാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

വെല്ലുവിളികളുണ്ട്, പരിഹാരവും
മുംബൈ പോലെ തിരക്കേറിയ നഗരങ്ങളിലെ മേൽപാലങ്ങൾക്കു താഴെ കൃഷി ചെയ്യുമ്പോൾ ഒട്ടേറെ വെല്ലുവിളികളുമുണ്ട്. പാലത്തിനു താഴെ ആയതിനാൽ സൂര്യപ്രകാശം നേരിട്ടു ലഭിക്കില്ല. വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും മറ്റൊരു പ്രതിസന്ധിയാണ്. നഗരത്തിൽ വലിയ തോതിലുള്ള പ്രാവുകളും എലികളും ഭീഷണിയാകും. അതേസമയം, അതിനു പരിഹാരമുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. നിലത്തു മാത്രമായി കൃഷി ഒതുക്കാതെ ഭിത്തികളിലും തൂണുകളിലും ലംബമായി ചെടികൾ വച്ചുപിടിപ്പിക്കുന്ന വെർട്ടിക്കൽ ഗാർഡനിങ്ങാണ് ഒന്ന്. ADVERTISEMENT Go AD-FREE

പരിസരങ്ങളിൽനിന്നു വ്യത്യസ്തമായി പാലത്തിനു താഴെ ചൂടുകുറഞ്ഞ സവിശേഷ കാലാവസ്ഥ സൃഷ്ടിക്കാൻ അതിലൂടെ സാധിക്കും. എലികൾക്കും മറ്റും കയറാൻ സാധിക്കാത്തവിധം സുരക്ഷിതമായ വേലി ചുറ്റും സ്ഥാപിക്കും. നേരിട്ടു സൂര്യപ്രകാശം ആവശ്യമില്ലാത്ത, തണലിൽ വളരുന്ന സസ്യങ്ങൾക്കു കൂടുതൽ പ്രാമുഖ്യം നൽകുന്നതിലൂടെ സൂര്യപ്രകാശം സംബന്ധിച്ച പ്രതിസന്ധിക്കും പരിഹാരമാകും. മണ്ണില്ലാതെ പോഷകങ്ങൾ അടങ്ങിയ വെള്ളത്തിൽ സസ്യങ്ങൾ വളർത്തുന്ന ഹൈഡ്രോപോണിക് കൃഷിരീതിയും പരീക്ഷിക്കും. മാട്ടുംഗ, പരേൽ എന്നിവിടങ്ങളിൽ പരീക്ഷിച്ചു വിജയിച്ചതിനു ശേഷമാണു വ്യാപിപ്പിക്കുന്നത്.

അവധിക്കാല ആഘോഷങ്ങൾ, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി കുറച്ചു ദിവസങ്ങൾ വീട്ടിൽ നിന്നു മാറിനിൽക്കുമ്പോൾ ബാൽക്കണിയിലും മറ്റും നട്ട ചെടികൾ ഏൽപിക്കാനുള്ള പ്ലാന്റ് ക്രെഷും മേൽപാലത്തിലെ കൃഷിയിടത്തോടു ചേർന്നു സ്ഥാപിക്കും. ബാൽക്കണിയിലും ടെറസിലും കൃഷി നടത്തുന്നതിനെക്കുറിച്ചുള്ള പരിശീലനവും നൽകും. ADVERTISEMENT Go AD-FREE English Summary:
Mumbai urban farming initiatives are underway as BMC plans to cultivate vegetables and fruits under city flyovers. This project aims to transform unused spaces into productive agricultural plots, fostering sustainable and organic practices within the bustling metropolis.
Pages: [1]
View full version: മുംബൈ നഗരത്തിലെ മേൽപാലങ്ങൾക്ക് താഴെ കൃഷിയിടം ഒരുങ്ങും; 24,000 ചതുരശ്രയടിയിൽ പച്ചക്കറി, പഴം കൃഷികൾ