LHC0088 Publish time 1 hour(s) ago

‘പാപ്പയുടെ കൈ ഒന്ന് അയഞ്ഞിരുന്നെങ്കിൽ..’; ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അച്ഛനും മകളും

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kollam/images/2026/2/26/father-and-daughter-narrowly-elephant-attack-1.jpg?w=1120&h=583



പത്തനാപുരം ∙ ‘പാപ്പയുടെ കൈ, ഒന്ന് അയഞ്ഞിരുന്നെങ്കിൽ, പിന്നാലെയെത്തിയ കാട്ടാന ഞങ്ങളെ..’ കഴിഞ്ഞ രാത്രിയിൽ ബൈക്കിൽ വീട്ടിലേക്കു പോകുമ്പോൾ കാട്ടാനയുടെ മുന്നിലകപ്പെട്ട കടശേരി മൈലവിളയിൽ സജിയും മകൾ ആർഷയും ഇപ്പോഴും ആ അത്ഭുത രക്ഷപ്പെടലിന്റെ ഭീതി നിറഞ്ഞ ഓർമകളിലാണ്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കടശേരിയിലെ സജിയുടെ കുടുംബ വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും. വീടിനടുത്തെത്തിയപ്പോഴാണ് ഇരുട്ടിൽ നിൽക്കുന്ന കാട്ടാനയുടെ മുന്നിലകപ്പെട്ടെന്ന കാര്യം അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷം, പ്ലസ് വണ്ണിനു പഠിക്കുന്ന മകൾ ഒപ്പമിരിക്കുന്നു. എന്തും വരട്ടെയെന്ന ആത്മവിശ്വാസത്തിൽ മകളുടെ കയ്യിൽ പിടിച്ച് ബൈക്കിൽ നിന്ന് ഇറങ്ങി ഒരു ഓട്ടമായിരുന്നു. ചിഹ്നം വിളിച്ച്, പിന്നാലെ കാട്ടാനയും.

‘പാപ്പാ– കൈയും കാലും കുഴയുന്നു, ഓടാൻ കഴിയുന്നില്ലെ’ന്ന് മകളുടെ വാക്കുകളും കൂടിയായപ്പോൾ ജീവിതം അവിടെ അവസാനിച്ചെന്നു തോന്നി. എന്നാലും ധൈര്യം വിടാതെ ഓടിയെന്നു സജി പറയുന്നു. പേടിച്ചു പോയ മകളെ വലിച്ചുകൊണ്ടാണു പോയത്. 100 മീറ്ററിലധികം ദൂരം കാട്ടാന പിറകേയോടി. ശേഷം വഴിയിൽ തന്നെ നിലയുറപ്പിച്ചു. ഫോണിൽ റേഞ്ച് ഇല്ലാത്തതിനാൽ ഒരാളെ പോലും വിളിച്ചറിയിക്കാൻ കഴിഞ്ഞില്ല. സമീപത്തെങ്ങും വീടില്ലാത്തിനാൽ ആരും രക്ഷക്കെത്തില്ലെന്നു വരെ ചിന്തിച്ചു. മൂന്നു ചുറ്റും വനമായതിനാൽ ആന കാട്ടിലേക്ക് മടങ്ങും വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് സജി പറഞ്ഞു. പുലിയും കടുവയും ഇറങ്ങുന്ന സ്ഥലമായതിനാൽ എന്തും വരട്ടേയെന്ന ധൈര്യമാണ് ആ സമയത്തെ നയിച്ചതെന്നും ഇരുവരും പറഞ്ഞു.

വൈദ്യുതി ഇല്ലാതിരുന്ന കാലത്തു പോലും ഇവിടെ ജീവിച്ചിട്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ലെന്നും സജി പറഞ്ഞു. കടശേരിയിൽ കഴിഞ്ഞ ദിവസവും അർധരാത്രി കാട്ടാനയിറങ്ങി കൃഷിത്തോട്ടങ്ങൾ നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടാണ് പ്രദേശത്ത് ആനയിറങ്ങുന്നത്. ഇതിന് പരിഹാരമായി സോളർ തൂക്കു വേലി സ്ഥാപിച്ചെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്. English Summary:
A father and daughter narrowly escaped a wild elephant attack in Pattanamthitta, Kerala, after their motorcycle stalled. The terrifying ordeal saw them fleeing on foot as the elephant pursued them for over 100 meters, leaving them with a chilling tale of survival.
Pages: [1]
View full version: ‘പാപ്പയുടെ കൈ ഒന്ന് അയഞ്ഞിരുന്നെങ്കിൽ..’; ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അച്ഛനും മകളും