കോഴിക്കോട് ∙ ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ, 3 ഇടങ്ങളിൽ വൻ അപകട സാധ്യത. മലാപ്പറമ്പ്, പനാത്തുതാഴം നേതാജി നഗർ, അറപ്പുഴ എന്നിവിടങ്ങളിലാണു മീഡിയൻ തുറന്നു വച്ച്, ഇരുഭാഗത്തെ സർവീസ് റോഡുകളിലേക്ക് ദേശീയപാത മുറിച്ചു കടന്ന് വാഹനങ്ങൾ കടന്നുപോകുന്നതാണ് അപകടഭീഷണിയുയർത്തുന്നത്.
താൽക്കാലിക സിഗ്നൽ സംവിധാനം പോലും ഇവിടങ്ങളിലില്ല. മീഡിയൻ തുറന്നിട്ടില്ലെങ്കിലും വെങ്ങളം ഭാഗത്തേക്കു പാലാഴിയിലെ അനധികൃത എൻട്രിയും അപകട ഭീഷണിയുയർത്തുന്നു. ഉദ്ഘാടനമോ ഔദ്യോഗികമായി പാത തുറന്നു കൊടുക്കലോ നടന്നിട്ടില്ലെങ്കിലും നിലവിൽ ബൈപാസിൽ ഇരുഭാഗത്തേക്കും വാഹന ഗതാഗതം നടക്കുന്നുണ്ട്. അനുവദനീയമായതിനേക്കാളും വേഗത്തിലാണു പല വാഹനങ്ങളും കടന്നുപോകുന്നതും. അര മീറ്റർ കനത്തിലുള്ള മീഡിയനാണു ദേശീയപാതയുടെ ഇരുഭാഗത്തേക്കും 3 വരി വീതമുള്ള ആറുവരിപ്പാതയെ വേർതിരിക്കുന്നത്.
∙ അറപ്പുഴ
അറപ്പുഴയിൽ 25 മീറ്ററോളം നീളത്തിൽ മീഡിയൻ ഇല്ല. ഇവിടെ രാമനാട്ടുകര ഭാഗത്തേക്കുള്ള പാതയിൽ എക്സിറ്റും വെങ്ങളം ഭാഗത്തേക്കുള്ള പാതയിൽ എൻട്രിയും നൽകിയിട്ടുണ്ട്. രാമനാട്ടുകര ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വലത്തോട്ടു തിരിഞ്ഞ് ബൈപാസ് മുറിച്ചു കടന്നു പടിഞ്ഞാറു ഭാഗത്തുള്ള എക്സിറ്റിലൂടെ പുറത്തു കടക്കുന്നുണ്ട്. ഇവ വെങ്ങളം ഭാഗത്തു നിന്നു വേഗത്തിൽ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെയധികമാണ്. മീഡിയനില്ലാത്തതിനാൽ യു ടേൺ എടുക്കാൻ ശ്രമിച്ചാലും അപകടമുണ്ടാകും.
∙ നേതാജി നഗർ
ഇരുവശങ്ങളിലും ക്രാഷ് ബാരിയറോ നടുവിൽ മീഡിയനോ ഇല്ലാത്ത പനാത്തുതാഴം നേതാജി നഗറിലാകട്ടെ, ബൈപാസ് പൂർണമായും മുറിച്ചു കടന്നു ബസ് ഉൾപ്പെടെയുള്ള ഒട്ടേറെ വാഹനങ്ങൾ ഇരുവശത്തേക്കും നിരന്തരം കടന്നുപോകുന്നുണ്ട്. ഇത്, ഇവിടെ സ്ഥിരമായി ഗതാഗതക്കുരുക്കിനിടയാക്കുന്നുമുണ്ട്. പൊലീസ് കാവലിലാണ് ഇവിടെ ഗതാഗത നിയന്ത്രണം. പക്ഷേ, ഇത് എല്ലാ സമയത്തും ഇല്ല. എൻട്രി, എക്സിറ്റ് പോയിന്റുകൾ പോലും ഇല്ലാത്ത സ്ഥലത്ത് ബൈപാസ് പൂർണമായും മുറിച്ചു കടക്കുന്നതു വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. നേരത്തെ ഇവിടെ സിഗ്നൽ ലൈറ്റുകളുള്ള ജംക്‌ഷനായിരുന്നു.
യാത്രക്കാരുടെ സമ്മർദം മൂലവും പൊലീസ് സഹകരിക്കാത്തതിനാലും ഇവിടെ മീഡിയൻ വയ്ക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ അണ്ടർപാസോ ഓവർപാസോ അനുവദിക്കാത്തതു കാരണം സർവീസ് റോഡിലൂടെ ഏറെ ചുറ്റി വളഞ്ഞു യാത്ര ചെയ്യേണ്ടി വരുന്നുവെന്നാണു യാത്രക്കാരുടെ പരാതി. അനധികൃത താൽക്കാലിക ജംക്‌ഷനു സമീപത്തു രാമനാട്ടുകര ഭാഗത്തേക്ക് എൻട്രിയും വെങ്ങളം ഭാഗത്തേക്ക് എക്സിറ്റുമുണ്ടെങ്കിലും അധിക വാഹനങ്ങളും ഉപയോഗിക്കുന്നില്ല. ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ പോലും അനധികൃത ജംക് ഷനിലൂടെയാണു പുറത്തു കടക്കാൻ ശ്രമിക്കുന്നത്. ഇത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു.
∙ പാച്ചാക്കലിൽ
മലാപ്പറമ്പിനു സമീപം പാച്ചാക്കലിലും ഇതേ അവസ്ഥയാണ്. ഇവിടെയും 20 മീറ്ററോളം മീഡിയനില്ല. 10 മീറ്ററോളം രണ്ടു ഭാഗത്തും ക്രാഷ് ബാരിയറുമില്ല. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ള ബസുകളടക്കമുള്ള വാഹനങ്ങൾ ബൈപാസ് മുറിച്ച് കടന്നുപോവുകയാണ്. നേരത്തെ ജംക്‌ഷൻ ഉണ്ടായിരുന്ന ഇവിടെ, സർവീസ് റോഡ് എൻട്രിയോ എക്സിറ്റോ ഇല്ല. പക്ഷേ, വാഹനങ്ങൾ യഥേഷ്ടം മുറിച്ചു കടക്കുകയാണ്. നേരത്തെ പ്രധാനപ്പെട്ട ജംക്‌ഷൻ ആയിരുന്ന ഇവിടെയും ഇപ്പോൾ ഗതാഗതക്കുരുക്കു രൂക്ഷമാണ്. മാത്രമല്ല, നേതാജി നഗറിലെ അതേ അപകട സാധ്യത ഇവിടെയും ആശങ്കയുയർത്തുന്നു.
പാലാഴിയിലാകട്ടെ, വെങ്ങളം ഭാഗത്തേക്കുള്ള എക്സിറ്റ് കഴിഞ്ഞ് 50 മീറ്റർ പിന്നിടുമ്പോൾ 50 മീറ്ററോളം ക്രാഷ് ബാരിയർ ഇല്ല. വാഹനങ്ങൾ യഥേഷ്ടം ഇവിടെ നിന്ന് ബൈപാസിലേക്ക് അനധികൃതമായി പ്രവേശിക്കുന്നുണ്ട്. ഇവിടെ, വെങ്ങളം ഭാഗത്തേക്ക് സർവീസ് റോഡില്ലെന്നതും അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിനു കാരണമായിട്ടുണ്ട്. അനധികൃതമായ വഴിയിലൂടെ പ്രവേശിക്കുന്നത്, രാമനാട്ടുകര ഭാഗത്തു നിന്നുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ കാരണമായേക്കാം.
പ്രാദേശിക സമ്മർദമാണു നിർമാണഘട്ടത്തിൽ ബൈപാസ് മുറിച്ചു കടക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകാൻ കാരണം. എന്നാൽ, പാത പൂർത്തിയായ ശേഷവും അത് അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. തുറന്ന ജംക്‌ഷനുകൾ അടയ്ക്കുന്നതിനു മുൻപു പകരം സംവിധാനമേർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. English Summary:
Vengalam Ramanattukara Bypass safety is a major concern due to accident-prone areas. The absence of proper median openings and service roads leads to increased traffic congestion and potential collisions, demanding immediate safety measures. |