കൊച്ചി ∙ ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നിലവിൽ നീട്ടിയിരിക്കുന്നത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോൾ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
- Also Read ‘അയവില്ലാതെ കുരുക്ക്’; മുരിങ്ങൂരിൽ ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നിര, ജനത്തിന് ‘അടിയായി’അടിപ്പാത
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടത്തും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരി പാതയിൽ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങൾ വന്നു കയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെയുണ്ടായ അപകടത്തിന്റെ കാര്യം ഹർജിക്കാരും ചൂണ്ടിക്കാട്ടി. എന്നാൽ ദേശീയപാത അതോറിറ്റി ഇതിനെ എതിർത്തു. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ എങ്ങനെയാണ് അതിലെ ഗതാഗതം അനുവദിക്കുന്നതെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ ആരാഞ്ഞു. അടുത്തിടെയുണ്ടായ അപകടം അശ്രദ്ധ മൂലമോ ഉറങ്ങിപ്പോയതു കൊണ്ടോ ആവാം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടം ജനുവരിയിലും അടുത്തത് മാർച്ചിലും മൂന്നാം ഘട്ടം ജൂണിലും പൂർത്തിയാകും. ഈ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവയ്ക്കുന്നതിന് കാരണമില്ല. അതിനാൽ മുൻ ഉത്തരവ് മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
- Also Read പട്ടിണി മരണങ്ങൾക്കിടയിലും മുഖ്യം ആണവബോംബ്! ഉത്തര കൊറിയയ്ക്ക് റഷ്യ എല്ലാം കൊടുക്കാൻ കാരണം ആ സഹായം; ചൈനയിലെ ഇരിപ്പിടം ഉന്നിന്റെ വിജയം
എന്നാൽ കരാറുകാരുടെ കാര്യത്തിൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 65 കിലോമീറ്റർ പാതയിൽ 4 കിലോമീറ്ററോളം ഭാഗത്താണ് പ്രശ്നമുള്ളത്. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് കേന്ദ്ര സർക്കാരിന് മുമ്പും നിർദേശം നൽകിയിരുന്നു. എന്നാൽ ടോൾ നിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. തുടർന്നാണ് മൂന്നു ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. English Summary:
Paliyekkara Toll Plaza ban extension is the main focus of this article. The Kerala High Court has extended the ban on toll collection at Paliyekkara Toll Plaza due to unresolved traffic congestion issues related to underpass construction, and the court will reconsider the matter on Friday. |
|