LHC0088 • 2025-10-20 15:21:04 • views 1271
മുംബൈ∙ റോഡിലും വീടുകൾക്കുള്ളിലും ഉൾപ്പെടെ വിള്ളലുകൾ രൂപപ്പെട്ട ബീഡ് ജില്ലയിലെ കപിൽധർവാഡി ഗ്രാമത്തിൽനിന്നു മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. ഗ്രാമത്തിലെ 80ലേറെ വരുന്ന കുടുംബങ്ങളെ സമീപത്തുള്ള മൻമഥ സ്വാമി ക്ഷേത്രത്തിലെ വിശ്രമ കേന്ദ്രത്തിലേക്കാണു താൽക്കാലികമായി മാറ്റിയത്. ഛത്രപതി സാംബാജിനഗറിൽനിന്ന് 150 കി.മീ. അകലെയാണ് നാനൂറോളം പേർ താമസിക്കുന്ന കപിൽധർവാഡി ഗ്രാമം. കപിൽധർ വെള്ളച്ചാട്ടത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
- Also Read പൊതുമേഖലാ ബാങ്ക് ലയനം: 9 ബാങ്കുകൾ ലയിച്ചില്ലാതാകും; മികച്ച പ്രകടനം നടത്തുന്നവയും ലയിക്കും, നിർമലയ്ക്ക് കത്തയച്ച് ജീവനക്കാർ
ഗ്രാമവാസികളുടെ പുനരധിവാസത്തിനായി, 2 കിലോമീറ്റർ അകലെ സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പ്രദേശം കണ്ടെത്തിയിട്ടുണ്ട്. ഓരോ കുടുംബത്തിനും 500 ചതുരശ്രയടി വീതം നൽകുമെന്നും ദീപാവലിക്കു ശേഷം തീരുമാനം അന്തിമമായി അറിയിക്കുമെന്നും ബീഡ് കലക്ടർ വിവേക് ജോൺസൺ പറഞ്ഞു. കഴിഞ്ഞ 30ന് രാത്രിയാണു ഗ്രാമത്തിൽ ആദ്യമായി വിള്ളൽ വീണത്. ഓരോ ദിവസം കഴിയുന്തോറും വിള്ളലിന്റെ വലുപ്പം കൂടുകയായിരുന്നു. അതോടെ, പ്രദേശത്തെ ചില വീടുകൾ തകർന്നു. ഒട്ടേറെ വീടുകൾക്കകത്തും വിള്ളലുകളുണ്ട്. പലയിടങ്ങളിലും മതിലുകൾ തകർന്നു.
- Also Read ഇടുക്കിയിലുണ്ടായത് മഴകളുടെ കൂടിച്ചേരൽ, പഴമക്കാർ പറഞ്ഞ പ്രതിഭാസം സത്യമാകുന്നു; വേണം മുല്ലപ്പെരിയാറിലും അതീവ ജാഗ്രതയുടെ കണ്ണ്
കഴിഞ്ഞ ദിവസം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംഘം സ്ഥലം സന്ദർശിച്ചു. പ്രകൃതിദത്തമായ ഡ്രെയ്നേജ് സംവിധാനങ്ങളുടെ കുറവ് മഴക്കാലത്ത് വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുകയും മൺപാളികളെ ബലഹീനമാക്കുകയും ചെയ്തതാണു വിള്ളലിന് കാരണമെന്നാണു പ്രാഥമിക റിപ്പോർട്ട്. പരിശോധനകൾ പുരോഗമിക്കുകയാണ്. അതേസമയം, ഉപജീവന മാർഗങ്ങളിലൊന്നായ കന്നുകാലികളെ താൽക്കാലിക താമസസ്ഥലത്തേക്കു കൂടെക്കൊണ്ടുവരാൻ അധികൃതർ സമ്മതിക്കാതിരുന്നതിൽ ഗ്രാമീണർ പ്രതിഷേധം അറിയിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TV9Marathiഎന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Beed Village Residents Relocated Due to cracks appearing in homes and roads: Residents have been temporarily relocated, and the government plans to provide new housing after Diwali. The cause is preliminarily attributed to drainage issues weakening the soil. |
|