deltin33 • 2025-10-28 09:34:50 • views 627
ന്യൂഡൽഹി ∙ വിവാദ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയ്‌ക്കു കൈമാറാൻ ബെൽജിയം കോടതിയുടെ അനുമതി. ബെൽജിയത്തിലെ തുറമുഖ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയാണ് ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ച് ഉത്തരവിട്ടത്. ഇന്ത്യയുടെ അഭ്യർഥനപ്രകാരം ബെൽജിയം പൊലീസ് ചോക്സിയെ അറസ്റ്റു ചെയ്തത് നിയമപരമായി ശരിയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതിരെ ബെൽജിയത്തിലെ ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ ചോക്സിക്ക് അവകാശമുണ്ട്.
- Also Read കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; പ്രതി ഓടി രക്ഷപ്പെട്ടു
‘കോടതി ഉത്തരവ് ഇന്ത്യയ്‌ക്ക് അനുകൂലമാണ്. ഇന്ത്യയുടെ അഭ്യർഥനപ്രകാരം ബെൽജിയം പൊലീസ് ചോക്സിയെ അറസ്റ്റു ചെയ്തത് നിയമപരമായി സാധുവാണെന്ന് കോടതി നിരീക്ഷിച്ചു. ചോക്സിയെ കൈമാറണമെന്നുള്ള ഇന്ത്യയുടെ നിലപാടിന് വലിയ അംഗീകാരമാണ് കോടതി ഉത്തരവ്. ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ആദ്യ നിയമനടപടി വിജയിച്ചിരിക്കുകയാണ്.’ – അധികൃതർ അറിയിച്ചു.
- Also Read ഫോട്ടോ മോർഫ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി ബലാത്സംഗം; വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ
വജ്രവ്യാപാരിയും ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനുമായ മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ വിവാദ വ്യവസായി നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ചെന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമാണ് ഇന്ത്യയുടെ ആരോപണം. 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. ചോക്സിക്കെതിരെ ഇന്റർപോൾ നേരത്തെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2018 ൽ ഇന്ത്യയിൽ നിന്നു കടന്നുകളഞ്ഞ ചോക്സി, ആന്റിഗ്വയിലും അയൽരാജ്യമായ ഡൊമിനിക്കയിലും താമസിച്ച ശേഷമാണ് ബെൽജിയത്തിലേക്ക് കടന്നത്. ഡൊമിനിക്കയിൽ അറസ്‌റ്റിലായ ചോക്സിക്ക് ചികിത്സാ ആവശ്യത്തിന് ആന്റിഗ്വയിലേക്കു മടങ്ങിപ്പോകാൻ ഡൊമിനിക്ക ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ആരോഗ്യം വീണ്ടെടുത്താലുടൻ മടങ്ങിയെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2021 മേയിൽ ആന്റിഗ്വയിൽനിന്നു മെഹുൽ ചോക്സിയെ കാണാതായത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. മെഹുൽ ചോക്സിക്ക് 2023 നവംബർ 15നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ഭാര്യ പ്രീതി ചോക്‌സി ബെൽജിയൻ പൗരയാണ്. മെഹുൽ ചോക്സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു.
ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ ഭാര്യ പ്രീതി ചോക്സിക്കൊപ്പം താമസിക്കുകയായിരുന്ന ചോക്സിയെ ഇക്കഴിഞ്ഞ ഏപ്രിൽ 12 നാണ് ബെൽജിയം പൊലീസ് അറസ്‌റ്റു ചെയ്‌തത്. ചികിത്സാ ആവശ്യങ്ങൾക്കായി സ്വിറ്റ്‌സർലാൻഡിലേക്കു പോകാനിരിക്കെയായിരുന്നു അറസ്‌റ്റ്. ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇ.ഡി, സിബിഐ എന്നിവരാണ് മെഹുൽ ചോക്സിയെ ബെൽജിയത്തിൽനിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്. English Summary:
Mehul Choksi Extradition: Belgian Court Upholds India\“s Request in PNB Fraud Case |
|