LHC0088 • 2025-10-28 09:38:47 • views 685
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾക്കു മത്സരിക്കാനുള്ള സീറ്റുകൾ കൂടി ലക്ഷ്യമിട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തനച്ചുമതല നൽകി ബിജെപി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണു തിരുവനന്തപുരം കോർപറേഷനിലെ പ്രവർത്തനത്തിന്റെ ചുമതല. കോർപറേഷൻ പരിധി ഉൾപ്പെടുന്ന നേമം മണ്ഡലത്തിലാണു രാജീവ് ചന്ദ്രശേഖർ മത്സരിക്കാൻ സാധ്യത. വർക്കലയിലോ കഴക്കൂട്ടത്തോ സാധ്യത തുറന്നുകൊണ്ട് വി.മുരളീധരനു വർക്കല നഗരസഭയുടെയും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെയും ചുമതല നൽകി.
- Also Read പിഎം ശ്രീ പദ്ധതി: സി‘പിഎം ശ്രീ’ക്ക് സിപിഐ ചെക്ക്; ഇടതുമുന്നണിയിൽ തുറന്ന പോര്
കുമ്മനം രാജശേഖരനു ചെങ്ങന്നൂർ, മാവേലിക്കര നഗരസഭകളുടെ ചുമതലയാണ്. ചെങ്ങന്നൂർ നിയമസഭാ മണ്ഡലമാണു പരിഗണനയിൽ. കാട്ടാക്കടയിൽ മത്സരിക്കാൻ സാധ്യതയുള്ള പി.കെ.കൃഷ്ണദാസിനു കാട്ടാക്കട നിയമസഭാ മണ്ഡലവും പന്തളം നഗരസഭയുമാണു ചുമതല. തൃശൂർ കോർപറേഷന്റെ ചുമതല കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാണ്. കോർപറേഷനിലെ 10 വാർഡുകളുടെ ചുമതല പത്മജ വേണുഗോപാലിനു നൽകിയിട്ടുണ്ട്. തൃശൂർ സീറ്റിൽ പത്മജ മത്സരിക്കാനാണു സാധ്യത. ശോഭ സുരേന്ദ്രനു കൊല്ലം കോർപറേഷനും കായംകുളം, ഹരിപ്പാട് നഗരസഭകളുമാണു നൽകിയിട്ടുള്ളത്.
കായംകുളം സീറ്റിൽ ശോഭയുടെ പേരാണ് ഉയരുന്നത്. കണ്ണൂരിൽ മത്സരിക്കാൻ സാധ്യതയുള്ള എ.പി.അബ്ദുല്ലക്കുട്ടി കണ്ണൂർ കോർപറേഷനിലാണു പ്രവർത്തിക്കുക. പി.സി.ജോർജിനു പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയാണ്. പി.സി.ജോർജ് ഈ സീറ്റുകളിലൊന്നിൽ മത്സരിച്ചേക്കും. പാലായിൽ മത്സരിക്കാൻ സാധ്യതയുള്ള ഷോൺ ജോർജിനു നഗരസഭയുടെയും മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണ്. കെ.സുരേന്ദ്രനു കോഴിക്കോട് കോർപറേഷന്റെയും രാജ്യസഭാ എംപി സി.സദാനന്ദനു തലശ്ശേരി നഗരസഭയുടെയും കേന്ദ്രമന്ത്രി ജോർജ് കുര്യനു കൊച്ചി കോർപറേഷന്റെയും സി.കെ.പത്മനാഭനു കാസർകോട് നഗരസഭയുടെയും പ്രവർത്തനച്ചുമതല നൽകി.
- Also Read ബിഹാറിൽ തിരഞ്ഞെടുപ്പ് ചൂട്, തയാറെടുത്ത് ബിജെപി; മോദി ഒക്ടോബർ 24ന് പ്രചാരണം ആരംഭിക്കും
കോട്ടയം സീറ്റിൽ മത്സരിക്കാൻ പാർട്ടി താൽപര്യപ്പെടുന്ന അൽഫോൻസ് കണ്ണന്താനത്തിനു കോട്ടയം നഗരസഭയുടെ ചുമതല നൽകി. അനിൽ ആന്റണി പത്തനംതിട്ട നഗരസഭയുടെയും അനൂപ് ആന്റണി തിരുവല്ല നഗരസഭയുടെയും തിരുവല്ല നിയമസഭാ മണ്ഡലത്തിലെ മറ്റു തദ്ദേശസ്ഥാപനങ്ങളുടെയും ചുമതല വഹിക്കും. തിരുവല്ല സീറ്റിൽ അനൂപ് മത്സരിച്ചേക്കും.
മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കു തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ കോർപറേഷനിൽ ഉൾപ്പെടുന്ന 10 വാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു നിർദേശം. നടൻ ജി.കൃഷ്ണകുമാറിനും തിരുവനന്തപുരം കോർപറേഷനിലെ 10 വാർഡുകളുടെ ചുമതലയാണു നൽകിയത്. നിയമസഭയിലേക്ക് തിരുവനന്തപുരത്തും വട്ടിയൂർക്കാവിലും ഇവർ സ്ഥാനാർഥികളായേക്കും. മുൻ ഡിജിപി ജേക്കബ് തോമസിന് ഇരിങ്ങാലക്കുട നഗരസഭയുടെ ചുമതലയാണുള്ളത്. English Summary:
BJP\“s Dual Strategy: BJP Kerala focuses on assigning local responsibilities with an eye on assembly seats. They are gearing up for the upcoming election campaign through strategic local body assignments. The party aims to strengthen its base at the grassroots level. |
|