ന്യൂഡൽഹി ∙ ബിഎസ്എൻഎൽ ഡയറക്ടർമാരിലൊരാളായ വിവേക് ബൻസാൽ പ്രയാഗ്‌രാജ് സന്ദർശിക്കുമ്പോൾ ‘രാജകീയ’ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉത്തരവിട്ട സംഭവത്തിൽ നടപടി. ബൻസാലിന് കേന്ദ്ര ടെലികോം വകുപ്പ് കാരണംകാണിക്കൽ നോട്ടിസ് നൽകി. 7 ദിവസത്തിനകം മറുപടി നൽകണം. ഉത്തരവ് അസംബന്ധവും ഞെട്ടിക്കുന്നതുമാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ബൻസാലിന്റെ ഔദ്യോഗിക സന്ദർശനത്തിനായി സോപ്പ് മുതൽ അടിവസ്ത്രം വരെ ഒരുക്കാൻ ആവശ്യപ്പെട്ടുള്ള ഓഫിസ് ഉത്തരവ് ഓൺലൈനിൽ പ്രചരിച്ചതോടെ പൊതുപണം ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ പട്ടികയടക്കം വിശദീകരിച്ചുള്ള യാത്രാപരിപാടി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്നലെയും ഇന്നും നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം റദ്ദാക്കി. സംഭവത്തിൽ യുപിയിലെ 2 മുതിർന്ന ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
ഏകദേശം 50 ഉദ്യോഗസ്ഥരെയാണ് യാത്രയ്ക്കായി ചുമതലപ്പെടുത്തിയത്. പ്രയാഗ്‌രാജിൽ എത്തുമ്പോൾ സംഗമസ്നാനം, ബോട്ട് യാത്ര, ക്ഷേത്രസന്ദർശനം എന്നിവയെല്ലാം പദ്ധതിയിട്ടിരുന്നു. സ്നാനത്തിനുള്ള കിറ്റിൽ തൂവാല, അടിവസ്ത്രം, ചെരിപ്പ്, ചീപ്പ്, കണ്ണാടി, എണ്ണ എന്നിവയും തയാറാക്കാൻ നിർദേശിച്ചിരുന്നു.
പുരുഷന്മാർക്കായി 6 കിറ്റുകളും സ്ത്രീകൾക്കായി 2 കിറ്റുകളും ഒരുക്കണം. ഉണങ്ങിയ പഴങ്ങൾ, മറ്റു പഴവർഗങ്ങൾ, ഷേവിങ് കിറ്റ്, ഷാംപൂ, ചീപ്പ്, എണ്ണ എന്നിവ വേണം– ഉത്തരവിൽ പറയുന്നു. സന്ദർശനവുമായി ബന്ധപ്പെട്ട് ചട്ടലംഘനമുണ്ടായതായി ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Did BSNL Director Vivek Bansal\“s lavish Prayagraj visit plan with bath kits and 50 staff get cancelled after going viral? |