cy520520 • 2025-10-7 00:21:07 • views 1254
തിരുവനന്തപുരം ∙ അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
- Also Read ചുമച്ചു മടുത്തോ? ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമ, ശ്വാസംമുട്ട് ലക്ഷണങ്ങളും; കാരണമെന്ത്?
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി ബോധവൽക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിന് അനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിനു കുറിച്ചു നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
- Also Read കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ചത് 17 കുട്ടികൾ; ഡോക്ടറെ അറസ്റ്റു ചെയ്തു, കമ്പനിക്കെതിരെ കേസ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവൽക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.
- Also Read വിവാദ ചുമമരുന്ന് നിരോധിച്ചു കേരളവും; മരുന്നുകടകളിലും ആശുപത്രികളിലും വിൽക്കരുതെന്ന് നിർദേശം
കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്, ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് പ്രശ്നമുണ്ടായ ബാച്ച് മരുന്നുകള്‍ വിതരണം ചെയ്തത്. രാജസ്ഥാനില്‍ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ആയതിന്റെ വിതരണവും വില്‍പനയും നിര്‍ത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു. English Summary:
Health Department Issues Strict Guidelines for Pediatric Medications: The Kerala Health Department has mandated prescriptions for medicines for children under 12, aiming to ensure correct dosage and prevent misuse. |
|