തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം സംഘം ഇന്നും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു പരിശോധന നടത്തി. സ്വര്‍ണത്തിന്റെ അളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് സംഘം ഇന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസവും ദേവസ്വം ആസ്ഥാനത്തെത്തിയ സംഘം ദേവസ്വം വിജിലന്‍സ് എസ്പിയില്‍നിന്നു വിവരങ്ങള്‍ തേടുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
- Also Read ഉണ്ണി വെറും ഉണ്ണിയല്ല, ഇടപാടുകൾ ദുരൂഹം; സ്പോൺസർ ചെയ്യാനുള്ള വരുമാനം ഉണ്ണിക്കൃഷ്ണൻ പോറ്റിക്കില്ലെന്ന് വിജിലൻസ്
2019ലെ ദേവസ്വം ബോര്‍ഡിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ അന്വേഷണപുരോഗതി ഏറെ രാഷ്ട്രീയ ചലനങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്. ശബരിമലയില്‍നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്‍പത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണം വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ ദേവസ്വം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്ര ദിവസം കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലും പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കാതിരിക്കുന്നത് തെളിവു നശിപ്പിക്കാന്‍ സമയം അനുവദിക്കുന്നതിനു തുല്യമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
- Also Read എവിടെ മലയിറങ്ങിയ സ്വിസ് ഗോൾഡ്? വയലിലെ പൂക്കൾക്ക് മൂല്യം 5 കോടി; വിജയ്‌യുടെ സ്വന്തം ബുസി ആനന്ദ്- ടോപ് 5 പ്രീമിയം
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ വ്യക്തമായ നിരീക്ഷണങ്ങളാണ് ദേവസ്വം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്നും 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണമാണ് കാണാതായിട്ടുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണം പൂശുന്നതിന് 3 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സില്‍ നല്‍കിയതെന്നും ബാക്കി വന്ന 474.9 ഗ്രാം സ്വര്‍ണം കൈപ്പറ്റിയെങ്കിലും നാളിതു വരെ ദേവസ്വം ബോര്‍ഡിനു തിരികെ നല്‍കിയിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇത്രയും സ്വര്‍ണം കാണാതായത് ഗുരുതര കുറ്റകൃത്യമാണെന്നു ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെയുള്ള തുടര്‍നടപടികള്‍ നീളുകയാണ്.
- Also Read സ്വർണപ്പാളി വിവാദം: കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ദേവസ്വം; അസി.എൻജിനീയറെ സസ്പെൻഡ് ചെയ്തു
ദേവസ്വം അധികൃതരുടെ പങ്കും ഗൗരവമായി അന്വേഷിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ബോര്‍ഡിനെയും പ്രതിചേര്‍ത്താണ് പ്രത്യേക അന്വേഷണസംഘം ഗൂഢാലോചന കേസ് കൂടി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണം കവര്‍ന്ന കേസിലാണ് 2019ലെ ബോര്‍ഡിനെ എട്ടാം പ്രതിയാക്കിയത്. പ്രസിഡന്റ് എ.പത്മകുമാര്‍, കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്ന് അംഗങ്ങള്‍. ദ്വാരപാലക ശില്‍പപാളിയിലെ സ്വര്‍ണക്കവര്‍ച്ച, കട്ടിളയിലെ സ്വര്‍ണക്കവര്‍ച്ച എന്നിവ 2 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്താണ് അന്വേഷിക്കുന്നത്. ദ്വാരപാലകശില്‍പ സ്വര്‍ണപ്പാളി കേസില്‍ 10 പ്രതികളും കട്ടിള കേസില്‍ 8 പ്രതികളുമാണ് ഉള്ളത്. കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. സ്വര്‍ണം പൂശിയ സ്മാര്‍ട് ക്രിയേഷന്‍സ് നിലവില്‍ പ്രതിയല്ല. English Summary:
Sabarimala Gold Plating Scam investigation special team examining Devaswom Board records: Sabarimala Gold Plating Scam investigation continues with a special team examining Devaswom Board records. The investigation seeks clarity on gold measurements and aims to proceed with arrests after gathering more evidence. |
|