LHC0088 • 2025-10-16 16:21:17 • views 585
വാഷിങ്ടൻ∙ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന് അവകാശപ്പെട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഈ പ്രസ്താവനയ്ക്കു യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇന്ത്യയിൽനിന്നോ റഷ്യയിൽനിന്നോ വന്നിട്ടില്ല. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ സ്ഥിരമായ മുൻഗണനയെന്ന് രാവിലെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. അതേസമയം, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ പേരിൽ പുറത്തുവന്ന പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ ഉറപ്പ് എന്ന ട്രംപിന്റെ വാദം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ കടൽ വഴിയുള്ള അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ രണ്ട് ഇറക്കുമതിക്കാർ.
- Also Read വെനസ്വേലയിൽ സിഐഎയുടെ രഹസ്യ ഓപ്പറേഷൻ; മഡുറോ സർക്കാർ വീഴുമോ? 2 കാരണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ്
∙ കണക്കുകൾ പറയുന്നത് ഇങ്ങനെ
2025 ലെ ആദ്യ എട്ട് മാസങ്ങളിൽ ഇറക്കുമതിയിൽ 10% ഇടിവുണ്ടായിട്ടും സെപ്റ്റംബറിൽ മാത്രം ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ 34 ശതമാനവും റഷ്യയിൽനിന്നായിരുന്നുവെന്ന് ചരക്ക്, ഷിപ്പിങ് മാർക്കറ്റ് ട്രാക്കറായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 4.5 ദശലക്ഷം ബാരലിലധികം (bpd) ആയിരുന്നു. ഓഗസ്റ്റിലെ ഇറക്കുമതിയെക്കാൾ 70,000 ബാരൽ കൂടുതലാണിത്, എന്നാൽ ഒരു വർഷം മുൻപുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവാണുള്ളതെന്ന് ഡേറ്റ കാണിക്കുന്നു.
- Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?
ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയുടെ പൊതുമേഖലാ റിഫൈനറികൾ റഷ്യൻ എണ്ണ ഇറക്കുമതി 45 ശതമാനത്തിലധികം കുറച്ചതായി കണക്കുകൾ കാണിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിനിടെയുള്ള യുഎസ് തീരുവ ഭീഷണിയും റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെക്കുറിച്ചുള്ള യൂറോപ്യൻ വിമർശനവുമല്ല ഈ കുറവിന് കാരണം. മറിച്ച്, ഇത് വിപണിയിലെ ചലനാത്മകത മൂലമാണെന്ന് ഈ മേഖലയിലെ നിരീക്ഷകർ പറയുന്നു. അതിനാൽ രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ഇത് കാര്യമായി ബാധിച്ചില്ലെന്നും ഇവർ പറയുന്നു.
∙ ട്രംപ് പറഞ്ഞത് ഇങ്ങനെ
‘‘അദ്ദേഹം (പ്രധാനമന്ത്രി നരേന്ദ്ര മോദി) എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്, റഷ്യയിൽനിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന്... നിങ്ങൾക്കറിയാമല്ലോ, ഇത് ഉടൻ തന്നെ ചെയ്യാൻ കഴിയില്ല. ഇത് ഒരു ചെറിയ പ്രക്രിയയാണ്, പക്ഷേ ആ പ്രക്രിയ ഉടൻ അവസാനിക്കും. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങാതിരുന്നാൽ, റഷ്യയും യുക്രെയ്നും തമ്മിൽ സമാധാന കരാറുണ്ടാക്കാൻ എനിക്ക് വളരെ എളുപ്പമാകും. ...യുദ്ധം അവസാനിച്ചതിനു ശേഷം അവർ റഷ്യയിലേക്കു മടങ്ങും’’ – ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യക്ക് യുഎസ് 25% തീരുവ ചുമത്തി മാസങ്ങൾക്കു ശേഷമാണ് ട്രംപിന്റെ അവകാശവാദം പുറത്തുവരുന്നത്. റഷ്യയുടെ ഊർജ വരുമാനം തടയാനുള്ള യുഎസിന്റെ ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ, ചൈനയെക്കൊണ്ടും സമാനമായ നടപടി എടുപ്പിക്കാൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
∙ ഇന്ത്യയുടെ നിലപാട് അന്നും ഇന്നും
അതേസമയം, ഊർജ സുരക്ഷയും വിലക്കുറവുമാണു പ്രധാനമെന്നാണ് ഇന്ത്യയുടെ നിലപാട്. യുക്രെയ്നിനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് റഷ്യയിൽനിന്നു വിലക്കുറവുള്ള എണ്ണ വാങ്ങുന്നത് തുടരുന്നത്. തീരുവകൾ ഉണ്ടായിരുന്നിട്ടും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ ഇന്ത്യ നിരന്തരം ന്യായീകരിച്ചിട്ടുണ്ട്. യുഎസ് ഏർപ്പെടുത്തിയ തീരുവകൾ അന്യായമാണ് എന്നും ഇന്ത്യ പറഞ്ഞിട്ടുണ്ട്.
റഷ്യൻ എണ്ണ വാങ്ങിയതിനുള്ള പിഴയായി ട്രംപ് ഭരണകൂടം ഇന്ത്യക്കുമേൽ അധിക 25% തീരുവ ചുമത്തിയിട്ടുണ്ട്. ഇതോടെ യുഎസ് ഇന്ത്യക്കുമേൽ ചുമത്തിയ മൊത്തം തീരുവ ലോകത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായ 50 ശതമാനമായി. ചൈനയും റഷ്യൻ ക്രൂഡിന്റെ പ്രധാന ഉപഭോക്താവാണെങ്കിലും ഈ നടപടിക്ക് വിധേയമാകുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണ്. English Summary:
Trump\“s Claim on India\“s Russian Oil Imports: Russian oil imports in India have been a topic of discussion following claims by Donald Trump. The imports are influenced by factors like energy security and cost-effectiveness, amidst geopolitical tensions and US tariffs. India continues to navigate its energy needs while considering international relations. |
|