മുംബൈ ∙ ആഹ്ലാദത്തിന്റെ പൂത്തിരികൾ വിരിഞ്ഞ, മധുരം നിറഞ്ഞ ദീപാവലി രാത്രിക്കു ശേഷം നവിമുംബൈയിലെ മലയാളി സമൂഹമുണർന്നത് ഒരു ദുഃസ്വപ്നത്തിലേക്കായിരുന്നു. അവരുടെ പ്രിയപ്പെട്ട മൂന്നു പേർ, ആറു വയസ്സുകാരി വേദികയും അവളുടെ അച്ഛനമ്മമാരായ സുന്ദറും പൂജയും ചൊവ്വാഴ്ച പുലർച്ചെ എംജി കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.
- Also Read ഇടുങ്ങിയ തെരുവിൽ നിറയെ വാഹനങ്ങൾ, അപ്പാർട്മെന്റിന് കാലപ്പഴക്കം; പുറത്തിറങ്ങാനാകാതെ കുടുങ്ങി മലയാളി കുടുംബം
മൃതദേഹങ്ങൾ പാതി കത്തിയ നിലയിലായിരുന്നെന്നും സുന്ദറിന്റെയും കുടുംബത്തിന്റെയും മരണകാരണം പുക ശ്വസിച്ചതാവാമെന്നുമാണ് ദുരന്തമുണ്ടായ പാർപ്പിട സമുച്ചയത്തിനു സമീപം താമസിക്കുന്ന മലയാളികൾ പറയുന്നത്. ‘‘പൂജയുടെ വീട്ടുകാരാണ് ആദ്യം ദുരന്തസ്ഥലത്തെത്തിയത്. മൃതശരീരങ്ങൾ മുറിയിൽ കിടക്കുന്ന നിലയിലായിരുന്നു. ഫ്ലാറ്റിലാകെ പുക നിറഞ്ഞിരിക്കുകയായിരുന്നു’’ – ഒരു സമീപവാസി പറഞ്ഞു.
മുംബൈയിലെ മലയാളി വ്യവസായി സമൂഹത്തിലെ പ്രമുഖരിലൊരാളാണ് പൂജയുടെ പിതാവ് രാജൻ. മൂന്നു ദശകത്തിലേറെയായി മുംബൈയിൽ ജീവിക്കുന്ന അദ്ദേഹത്തിന് രണ്ടു ടയർ ഷോപ്പുകളുണ്ട്. പൂജയും സുന്ദറും അടുത്തിടെയാണ് വാശിയിലുള്ള രഹേജ റസിഡൻസിയിലെ ത്രീ ബെഡ്റൂം ഫ്ലാറ്റിലേക്കു മാറിയത്. കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപീടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് രാജന്റെ സുഹൃത്തും നവിമുംബൈയിലെ വ്യാപാരിയുമായ രാജു പറയുന്നു. ‘‘സുന്ദറും കുടുംബവും 12ാം നിലയിലായിരുന്നു. തീ പെട്ടെന്നു മുകൾനിലകളിലേക്കു പടർന്നു. ഓരോ നിലയിലും മൂന്നു ഫ്ലാറ്റുകൾ വീതമാണ് ഉള്ളത്. തീ പടർന്നതോടെ താമസക്കാരിലേറെയും രക്ഷപ്പെട്ടു. സുന്ദറും കുടുംബവും കിടപ്പിലായിരുന്ന ഒരു വയോധികയും മാത്രമാണ് കെട്ടിടത്തിൽ കുടുങ്ങിപ്പോയത്.’’ – രാജു പറഞ്ഞു.
- Also Read മുംബൈ തീപിടിത്തം: അപകടം എസിയിൽനിന്ന് തീപടർന്ന്, മരിച്ചത് തിരുവനന്തപുരം സ്വദേശികൾ
പോസ്റ്റ്മോർട്ടം നടന്ന വാശി മുനിസിപ്പാലിറ്റി ആശുപത്രിയുടെ മോർച്ചറിക്കു മുന്നിൽ, മലയാളി അസോസിയേഷൻ അംഗങ്ങളിൽ മിക്കവരും എത്തിയിരുന്നു. ‘‘അവരെല്ലാം തിങ്കളാഴ്ച സുന്ദറിന്റെ ഫ്ലാറ്റിൽ ദീപാവലി ആഘോഷക്കാനെത്തിയിരുന്നു. രാത്രി പതിനൊന്നര വരെ അവർ അവിടെയുണ്ടായിരുന്നു. രാജൻ സാറും കുടുംബവും അടുത്തുതന്നെയാണ് താമസിക്കുന്നത്. അർധരാത്രിയോടെയാണ് അവരും മടങ്ങിപ്പോയത്. തീപിടിത്തമുണ്ടായപ്പോൾത്തന്നെ അവരെ അറിയിച്ചിരുന്നു’’ – രാജു പറഞ്ഞു.
അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതും അതു പടർന്നതും. മരണങ്ങൾ പുലർച്ചെയോടെയാണ് സ്ഥിരീകരിച്ചത്. സുന്ദറിന്റെയും കുടുംബത്തിന്റെയും ദാരുണമരണം മുംബൈയിലെ മലയാളിസമൂഹത്തെയാകെ ഞെട്ടിച്ചെന്ന് മുംബൈ നിവാസിയും ശ്രീനാരായണ മന്ദിരസമിതി അംഗവുമായ ബാലൻ പണിക്കർ പറഞ്ഞു. ‘‘ഇതു തീർത്തും ദുഃഖകരമായ സംഭവമാണ്. കഴിഞ്ഞ രാത്രി ഞങ്ങൾക്ക് ആഘോഷത്തിന്റേതായിരുന്നു. ഇന്ന് അവധിയുമായിരുന്നു. ഞങ്ങൾ ഉണർന്നത് ഈ ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്’’ – പണിക്കർ പറഞ്ഞു.
- Also Read അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
മൂന്നു ജീവനെടുത്ത തീപിടിത്തത്തിനു ശേഷം അപ്പാർട്മെന്റിന്റെ ഉൾഭാഗത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. തീ വിഴുങ്ങാതെ ബാക്കിയാക്കിയ ചില ഫോട്ടോകളിൽ സുന്ദറിനും പൂജയ്ക്കുമൊപ്പമുള്ള വേദികയുടെ ചില ചിത്രങ്ങൾ തീ വിഴുങ്ങാതെ ബാക്കിയാക്കിയിരിക്കുന്നു. അവയിൽ കരിയും പുകയും പുരണ്ടിട്ടുണ്ട്. ഫർണിച്ചറുകൾ കത്തിയമർന്ന് കരിക്കട്ടകളായി. നിലത്ത്, തീയിൽ കത്തിപ്പോയ തുണികളുടെയും മറ്റും അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ട്. കനത്ത ചൂടിൽ ഭിത്തിയിൽ പെയിന്റിങ്ങുകൾ ഇളകിപ്പോയി. മുറികളിലെല്ലാം പുകയും കരിയും പിടിച്ചിരിക്കുന്നു. English Summary:
Mumbai Fire Accident: Mumbai Fire Accident tragically claimed the lives of a Malayali family, including a young child, during a Diwali night fire in Navi Mumbai. The fire, which occurred in an apartment complex, is under investigation to determine its cause and prevent future incidents. |