കോഴിക്കോട്∙ താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമണമെന്ന് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഡിഐജി പറഞ്ഞു. അറവുമാലിന്യ കേന്ദ്രത്തിനുള്ളിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടതെന്നും പൊലീസ് ആരോപിക്കുന്നു. തീ അണയ്ക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. കർശനമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡിഐജി അറിയിച്ചു. അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം ഇന്നലെ അക്രമത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. റൂറൽ എസ്പി കെ.ഇ.ബൈജുവിനും താമരശ്ശേരി എസ്എച്ച്ഒയ്ക്കും ഉൾപ്പെടെ പതിനാറോളം പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
- Also Read മാലിന്യ കേന്ദ്രത്തിനെതിരെ സമരം, ഫാക്ടറിക്ക് തീയിട്ട് നാട്ടുകാർ; സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് പരുക്ക്
അതേസമയം, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമാധാനത്തോടെ അമ്പായത്തോട്ടെ ഫ്രഷ് കട്ടിനു മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവര്‍ മറുപടി പറയേണ്ടിവരുമെന്ന് കൊടുവള്ളി എംഎല്‍എ ഡോ.എം.കെ മുനീര്‍ പറഞ്ഞു. ‘‘ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്ന, ദുർഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമം തീർത്തും പ്രതിഷേധാർഹമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ ടിയർ ഗ്യാസ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി സമരക്കാർക്കാണ് പരുക്കേറ്റിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാൻ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയാറാകണം’’ – മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു.
- Also Read അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
അതിനിടെ, സംഭവത്തിൽ 321 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്. ഡിഐജി യതീഷ് ചന്ദ്ര സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്, കരിമ്പാലക്കുന്ന്, ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ.കട്ടിപ്പാറ, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിൽ സമര സമിതി ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. English Summary:
Thamaraserry violence involved planned attacks using women and children as human shields near the Fresh Cut waste plant. The police are taking strict action against those responsible, and an investigation is underway. |