ന്യൂഡൽഹി ∙ പാർലമെന്റിന്റെ 24 സ്ഥിരം സമിതികളും പുനഃസംഘടിപ്പിച്ചു. വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷൻ ശശി തരൂർ അടക്കം എല്ലാ കമ്മിറ്റികളുടെയും തലവന്മാർ തുടരും. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ തരൂർ കോൺഗ്രസ് നിലപാടിൽ നിന്നു വ്യത്യസ്തമായി അഭിപ്രായപ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തെ പാർട്ടി വീണ്ടും നോമിനേറ്റ് ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയെന്ന നിലയിൽ സോണിയ ഗാന്ധിയാണു സ്പീക്കർക്കു കത്തുനൽകുന്നത്. തരൂരിനു പുറമേ ദിഗ്‍വിജയ് സിങ് (വിദ്യാഭ്യാസം), ചരൺജിത് സിങ് ഛന്നി (കൃഷി), സപ്തഗിരി ഉലാക (ഗ്രാമവികസനം) എന്നിവരെയും കോൺഗ്രസ് നിലനിർത്തി.
- Also Read ഗാന്ധിജിയെ \“വീണ്ടും\“ വെടിവച്ച പൂജ ശകുൻ പാണ്ഡെ കൊലപാതക കേസിൽ ഒളിവിൽ; ആരോപണത്തിൽ അവിഹിതവും
എല്ലാ വർഷവും സെപ്റ്റംബറിലാണു സ്ഥിരം സമിതികൾ പുനഃസംഘടിപ്പിക്കുന്നത്. ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ജൻ വിശ്വാസ് ഭേദഗതി ബിൽ, പാപ്പരത്ത നിയമ ഭേദഗതി ബിൽ എന്നിവ പരിഗണിക്കാനായി പാർലമെന്റിന്റെ 2 സിലക്ട് കമ്മിറ്റികളും രൂപീകരിച്ചു. ജൻ വിശ്വാസ് ഭേദഗതി ബിൽ പരിഗണിക്കുന്ന കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് എൻ.കെ.പ്രേമചന്ദ്രൻ അംഗമാണ്. ബിജെപിയുടെ തേജസ്വി സൂര്യയാണ് അധ്യക്ഷൻ. ഐബിസി സിലക്ട് കമ്മിറ്റിയുടെ അധ്യക്ഷൻ ബിജെപിയുടെ ബൈജയന്ത് പാണ്ഡയാണ്. അതേസമയം, ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്കു സ്ഥാനം നഷ്ടമാകുന്നതു വ്യവസ്ഥ ചെയ്യുന്ന 3 ബില്ലുകൾ പരിഗണിക്കേണ്ട സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. English Summary:
Parliamentary Standing Committees Reorganized: Shashi Tharoor remains chairman of the Foreign Affairs Standing Committee. Despite differing opinions, the Congress party renominated him. The Parliament has reorganized its 24 standing committees, retaining key leaders including Digvijay Singh and others. |
|