deltin33 • 2025-10-28 09:04:07 • views 1054
ഏറ്റുമാനൂർ ∙ കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം 59–ാം വയസ്സിലാണ് ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സിന് എംജി യൂണിവേഴ്സിറ്റിയിൽ ചേർന്നത്. അവിടെ സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയിൽ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.
- Also Read മറ്റ് സ്ത്രീകളുമായി ബന്ധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ, ഇറാനിയൻ യുവതിയും കസ്റ്റഡിയിൽ
പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകൾനിലയിൽ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോൺ വിളിക്കാറുള്ള മക്കൾ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. 1994ൽ ബെംഗളൂരുവിലെ വിവേക് നഗറിൽ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ല. കാണക്കാരി സ്വദേശി ജെസിയുടെ മൃതദേഹം കണ്ടെത്തിയ ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് കുറവിലങ്ങാട് കരിമണ്ണൂർ സ്റ്റേഷനുകളിലെ പൊലീസുകാരും തൊടുപുഴ ഫയർഫോഴ്സും എത്തിയപ്പോൾ.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം വൈക്കം ഡിവൈഎസ്പി ടി.പി.വിജയൻ, എസ്എച്ച്ഒ ഇ.അജീബ്, എസ്ഐമാരായ മഹേഷ് കൃഷ്ണൻ, വി.വിനോദ്കുമാർ, എഎസ്ഐ ടി.എച്ച്.നിയാസ്‍, സിപിഒ പ്രേംകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
ആളൊഴിയാൻ പുലർച്ചെവരെ കാത്തുനിന്നു
ഏറ്റുമാനൂർ ∙ കൃത്യമായി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ജെസിയുടെ കൊലപാതകത്തിന് സാം തയാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങൾക്കു മുൻപ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രാത്രി വൈകിയും സഞ്ചാരികൾ വാഹനം നിർത്തിയിറങ്ങി നിൽക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാൽ പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിയത്. നാട്ടിൽനിന്നു മുങ്ങിയ സാമിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസും നീങ്ങി. തൊടുപുഴയിൽ ഇയാൾ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുൻപേ വിദേശ വനിതയ്ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.
50 താഴ്ചയിൽ ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ഇന്നലെ വൈകിട്ട് ആറരയോടെ തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് മുകളിലെത്തിച്ചത്. തുടർന്ന് അവിടെത്തന്നെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസിനൊപ്പം കരിമണ്ണൂർ പൊലീസും സ്ഥലത്ത് എത്തിയാണ് നടപടികൾ സ്വീകരിച്ചത്. English Summary:
Ettumanoor Murder: How Children\“s Unanswered Calls Led to the Discovery of Jessy\“s Death |
|