കാസർകോട് ∙ കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ധൻ ധാന്യക്കൃഷി യോജന’ (പിഎം ധൻ ധാന്യക്കൃഷി) പദ്ധതിയിൽ കാസർകോടിനെയും കൂടി ഉൾപ്പെടുത്തിയതോടെ ജില്ലയിൽ കാർഷികോൽപാദനത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് കർഷകർ. കമുക്, നെല്ല്, തെങ്ങ് ഉൾപ്പെടെ ഒട്ടേറെ കാർഷിക വിളകളുള്ള ജില്ലയിൽ കേന്ദ്ര സർക്കാർ വിവിധ വകുപ്പുകളുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുമ്പോൾ കാർഷിക മേഖലയിൽ വൻ മുന്നേറ്റ സാധ്യതയുണ്ടാകുമെന്നാണ് അധികൃതർ നിരീക്ഷിക്കുന്നത്. രാജ്യത്തെ 100 ജില്ലകൾക്കു കൈത്താങ്ങാകാനുള്ള ഈ പദ്ധതിയിൽ സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളാണുള്ളത്.
പദ്ധതി സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു ജില്ലാ കൃഷി ഓഫിസിൽ നിന്നറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഓൺലൈൻ യോഗം ചേർന്നു. രാജ്യത്തു പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെയും കേന്ദ്ര–സംസ്ഥാന കൃഷി വകുപ്പ് മേധാവികളുമാണു യോഗത്തിൽ പങ്കെടുക്കുന്നത്. ജില്ലയുടെ മേൽനോട്ടത്തിനായി നിലവിൽ കേന്ദ്രസർവീസിലുള്ള കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്.ഹരികിഷോറിനെ സെൻട്രൽ നോഡൽ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്.
സർക്കാരിലെ 11 വകുപ്പുകളെ ഏകോപിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ഈ വകുപ്പുകൾ കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ജില്ലാ കാർഷിക വികസന പദ്ധതിയിലേക്കു സംയോജിപ്പിക്കും. ഇതിനായി അതതു വകുപ്പുകളുടെ പദ്ധതി ഫണ്ടുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തും.
ഇതിനുപുറമേ സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ പദ്ധതിയുടെ ഭാഗമാക്കും.കൃഷി, കർഷകക്ഷേമം, കാർഷികഗവേഷണം, വിദ്യാഭ്യാസം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ജല വിഭവ–നദി വികസനം, ഗ്രാമീണ വികസനം, ഭൂവിഭവം, സഹകരണം, ഭക്ഷ്യ സംസ്കരണ വ്യവസായം, നൈപുണ്യ വികസനം–സംരംഭകത്വം തുടങ്ങിയ വിവിധ വകുപ്പുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. ഈ വകുപ്പുകളുടെ മേധാവികളുടെ യോഗം അടുത്ത ദിവസം നടക്കും. കാർഷിക ഉൽപാദനത്തിലെ നിലവിലെ സ്ഥിതിയറിയുന്നതിനുള്ള സർവേയാണ് ആദ്യ ഘട്ടത്തിൽ നടത്തുക.
വിളകൾ തിരിച്ചറിയൽ, ഉൽപാദനക്ഷമത കുറവുള്ള സ്ഥലങ്ങൾ കണ്ടെത്തൽ, മണ്ണിന്റെ ആരോഗ്യം തിരിച്ചറിയൽ, കന്നുകാലികളുടെ രോഗങ്ങൾ എന്നിവയ്ക്കു സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ തുടങ്ങിയവാണു സർവേയിൽ കണ്ടെത്തുക. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർഷിക വികസന മാതൃക തയാറാക്കും.
പ്രിൻസിപ്പൽ കൃഷി ഓഫിസർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ കമ്മിറ്റികളുണ്ടാകും. നിതി ആയോഗ് പദ്ധതിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകും.കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ പദ്ധതിയുടെ ഭാഗമാകും. ഓരോ ജില്ലയ്ക്കും കാർഷിക വികസന പ്ലാൻ തയാറാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പദ്ധതിക്കു നവംബറിൽ തുടക്കം
കണ്ണൂർ ∙ കാർഷികോൽപാദനം കുറഞ്ഞ ജില്ലകൾക്കു കൈത്താങ്ങേകാനുള്ള ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പദ്ധതിക്കു നവംബറിൽ തുടക്കം. രാജ്യത്തെ 100 ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കലക്ടർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം ഇന്നലെ ചേർന്നു. അഞ്ചു കൊല്ലമാണ് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പദ്ധതിയുടെ കാലാവധി. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് എന്നിങ്ങനെ 11 വകുപ്പുകളെ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ കർഷകർക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്.
കാർഷിക ഉൽപാദനവർധന, വിളവൈവിധ്യം, മൂല്യവർധിത ഉൽപന്ന നിർമാണം, സുസ്ഥിര കൃഷിരീതികൾ, വിപുലമായ ജലസേചന പദ്ധതികൾ എന്നിവയ്ക്കൊപ്പം കർഷകർക്കായി പലതരം വായ്പകളും പദ്ധതിയിലൂടെ നൽകും. തരിശുഭൂമി, ക്വാറികൾ, പാറമടകൾ എന്നിവയെല്ലാം കൃഷിക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ സാധിച്ചാൽ കർഷകർക്ക് വായ്പയായി സാമ്പത്തിക സഹായമാണു ലഭിക്കുക. കാർഷികോൽപന്നങ്ങളുടെ മാർക്കറ്റിങ്, സംഭരണം എന്നിവയ്ക്കെല്ലാമുള്ള പദ്ധതികളും നടപ്പാക്കും. നടപ്പാക്കേണ്ട കാർഷിക വികസന പദ്ധതികൾ എന്തെല്ലാമെന്നതുസംബന്ധിച്ച് 31ന് അകം ജില്ലാതല ആക്‌ഷൻ പ്ലാൻ തയാറാക്കണം. നവംബർ മുതൽ ഇതു നടപ്പാക്കണം. കേന്ദ്ര സർക്കാരിന്റെ 36 സ്കീമുകൾ ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’യിൽ ചേർക്കും. ഇതിൽ 19 എണ്ണം കൃഷിവകുപ്പിന്റെതാണ്.
കർഷകർക്കുള്ള ഗുണങ്ങൾ
∙ ദീർഘ–ഹ്രസ്വകാല വായ്പകൾ കുറഞ്ഞ പലിശയ്ക്കു കൂടുതൽ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട പുത്തൻ പദ്ധതികൾക്കായിരിക്കും പ്രാധാന്യം. ഏകവിളയ്ക്കു പകരം ബഹുവിള ചെയ്യുന്നവർ, സമ്മിശ്രകൃഷിക്കാർ എന്നിവർക്കൊക്കെ പ്രാധാന്യം ലഭിക്കും. ചെറുധാന്യ കൃഷിക്കും പ്രോത്സാഹനമുണ്ടാകും.
∙ നെൽക്കൃഷിയിൽ വൈവിധ്യവൽക്കരണം, ഉൽപാദനം വർധിപ്പിക്കൽ എന്നിവയ്ക്കു പ്രാധാന്യം ലഭിക്കും. നിലവിൽ ഒരു ഹെക്ടറിൽ 2.5 ടൺ ആണ് ജില്ലയുടെ ഉൽപാദനം. അത് 6 വരെയാക്കാൻ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
∙ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ പാറമടകളും ചെങ്കൽപണകളുമുണ്ട്. പാറമടകളിൽ മീൻവളർത്താനുള്ള പദ്ധതികൾക്കു സാമ്പത്തിക സഹായം ലഭിക്കും. ചെങ്കൽപണകളിൽ കൃഷി ചെയ്യാനുള്ള പദ്ധതികളുണ്ടെങ്കിൽ അതിനും സഹായമുണ്ടാകും.
എന്തുകൊണ്ട് കണ്ണൂർ
∙ നിതി ആയോഗ് വയനാട്, കാസർകോട് ജില്ലയിലെ പരപ്പ എന്നിവിടങ്ങളിൽ നടപ്പാക്കിയ ‘ആസ്പിറേഷൻ ഡിസ്ട്രിക്ട്സ്’ പദ്ധതിയുടെ വിജയമാണ് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ നടപ്പാക്കാനുള്ള പ്രചോദനം. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണു വിളവൈവിധ്യം കൂടുതൽ. നെല്ലും തെങ്ങും കുരുമുളകും റബറും കമുകുമെല്ലാം ഒരേയിടങ്ങളിൽതന്നെ കൃഷി ചെയ്യുന്നുണ്ട്. അതേസമയം, തരിശുഭൂമി കൂടുതലും ഇവിടെയാണ്. ഇതെല്ലാമാണ് 3 ജില്ലകളെ തിരഞ്ഞെടുക്കാൻ കാരണം. English Summary:
Pradhan Mantri Dhan Dhaanya Krishi Yojana is set to transform agriculture in Kasaragod. With the inclusion of Kasaragod in the scheme, farmers anticipate significant advancements in agricultural production through coordinated efforts across various government departments. |