കൊല്ലം ∙ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ, ആനച്ചമയത്തിന് ഉപയോഗിക്കുന്ന, ചങ്ങലയിൽ ബന്ധിച്ച വലിയ ഓട്ടുമണികൾ ചുഴറ്റി വച്ച് ആക്രമിച്ചു പരുക്ക് ഏൽപ്പിച്ച കേസിൽ പട്ടത്താനം നഗർ പാലയ്ക്കൽ വീട്ടിൽ പ്രകാശിന് (വെട്ടു കുട്ടൻ) ഒരു ദിവസം (കോടതി പിരിയും വരെ) തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ‘ജെല്ലിക്കെട്ട്’ കാളയെ അഴിച്ചുവിട്ടു പൊലീസ് സംഘത്തെ ആക്രമിച്ചെന്നും ഉണ്ടായിരുന്നു. 16 വർഷങ്ങൾക്കു ശേഷമാണു വിധി. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവുശിക്ഷ അനുഭവിക്കാനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (2) ജഡ്ജി ലക്ഷ്മി ശ്രീനിവാസ് ഉത്തരവായി. പിഴ അടച്ചു വൈകിട്ട് മോചിതനായി.
ഈസ്റ്റ് എസ്ഐ ആയിരുന്ന ഇപ്പോഴത്തെ ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ അലക്സാണ്ടർ തങ്കച്ചനെ ആക്രമിച്ചു പരുക്ക് ഏൽപ്പിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആണു ശിക്ഷ. കാളയെ അഴിച്ചു വിട്ട് ആക്രമിച്ചെന്ന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. 2009ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിവിധ ഗുണ്ടാ – ക്വട്ടേഷൻ ആക്രമണക്കേസുകളിലെ പ്രതിയായിരുന്ന പ്രകാശിനെ പിടികൂടുന്നതിന് ഈസ്റ്റ് സിഐ ആയിരുന്ന വിജയൻ, എസ്ഐ അലക്സാണ്ടർ തങ്കച്ചൻ ഉൾപ്പെടുന്ന സംഘമാണ് ഇയാളുടെ താവളത്തിൽ എത്തിയത്.
ഇരുമ്പു ചങ്ങലയുടെ അറ്റത്തു ബന്ധിപ്പിച്ച വലിയ ഓട്ടുമണി ചുഴറ്റി പൊലീസിനെ നേരിട്ടെങ്കിലും അലക്സാണ്ടർ തങ്കച്ചൻ അതു വിദഗ്ധമായി പിടിച്ചെടുത്തു. അപ്പോഴാണ് ജെല്ലിക്കെട്ട് കാളയെ അഴിച്ചുവിട്ടത്. കാളപ്പോരിനു കൊണ്ടുപോകുന്ന കാള, പ്രകാശിന്റെ പ്രത്യേകതരം ശബ്ദം കേട്ടതോടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്ഐയുടെ കാൽമുട്ടിനും കൈകൾക്കും മുഖത്തും പരുക്കേറ്റു. എസ്ഐയും പൊലീസ് സംഘവും കയറിട്ടു കുരുക്കി കാളയെ കീഴ്പ്പെടുത്തിയ ശേഷമാണു പ്രകാശനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.ബിഭു കോടതിയിൽ ഹാജരായി. English Summary:
Prakashan was sentenced to one day in prison and fined ₹2000 for attacking a police team. The incident involved an attack using Ottumani and a Jallikattu bull. The case, dating back to 2009, concluded with Prakashan paying the fine and being released. |
|