പാരിസ്∙ ചരിത്രത്തെ കണ്ണികളിൽ കോർത്ത് ലൂവ്രിലെ ഗാലറികളിൽ തിളങ്ങിയിരുന്ന ആഭരണങ്ങൾ ഇനി തിരിച്ചുകിട്ടുമോ? കൊള്ളയ്ക്കു ശേഷമുള്ള 48 മണിക്കൂർ അതിനിർണായകമാണെന്നു പുരാവസ്തു മേഖലയിലെ വിദഗ്ധനായ ക്രിസ് മാരിനെല്ലോ പറഞ്ഞു. അതിനുള്ളിൽ ആഭരണങ്ങൾ വീണ്ടെടുത്തില്ലെങ്കിൽ ഇവ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- Also Read ലൂവ്ര് കള്ളൻമാർ കാണാമറയത്ത്; നൂറ്റാണ്ടിന്റെ കൊള്ള, അമ്പരന്ന് ലോകം
ആഭരണങ്ങൾ അതേരൂപത്തിൽ അനധികൃത വിപണിയിൽ വിൽക്കാനോ വിഘടിപ്പിച്ച് രത്നങ്ങൾ പ്രത്യേകമായി വിൽക്കാനോ സാധ്യതയുണ്ട്. രണ്ടാമത്തേതാണു നടക്കുന്നതെങ്കിൽ ആഭരണങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെടും. യൂറോപ്പിലെമ്പാടും ബന്ധങ്ങളുള്ള പ്രഫഷനൽ തസ്കരൻമാരാണു കൊള്ളയ്ക്കു പിന്നിലെന്നാണു ഫ്രഞ്ച് അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ യൂറോപ്പിൽ പലയിടങ്ങളിലുമുള്ള മ്യൂസിയങ്ങളിൽ കവർച്ചാശ്രമം നടന്നിരുന്നു.
ഫ്രാൻസിലെ പൊലീസ് സംവിധാനങ്ങൾ അതിവേഗത്തിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. അതിർത്തിരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രതയിലാണ്. ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. കവർച്ചക്കാരിലൊരാൾ ആഭരണങ്ങളിലൊന്ന് സൂക്ഷിച്ചിരുന്ന ചില്ലുപെട്ടി തല്ലിപ്പൊട്ടിക്കുന്നതിന്റെ വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. മ്യൂസിയത്തിൽ അലാം അടിച്ചതോടെയാണു മോഷ്ടാക്കൾ ധൃതിപ്പെട്ട് ആഭരണങ്ങളുമായി കടന്നത്.
രാജ്യത്തിനാകെ അപമാനമാണിതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ഒരു വർഷം ഒരു കോടിയോളം സന്ദർശകരെ അനുവദിക്കാൻ ലൂവ്രിനു ശേഷിയില്ലെന്നു ഫ്രഞ്ച് സാംസ്കാരിക മന്ത്രി റഷീദ ദത്തി പറഞ്ഞു. ലൂവ്ര് മ്യൂസിയത്തിന്റെ സുരക്ഷാ നിലവാരം കൂട്ടണമെന്നും ആവശ്യം ശക്തമാണ്.
ഇന്ത്യൻ വജ്രം റീജന്റ് രക്ഷപ്പെട്ടു
ലോകത്തെ ഞെട്ടിച്ച ഈ കവർച്ചയ്ക്കിടയിലും കള്ളൻമാർ വളരെ പ്രശസ്തമായ ഒരു വജ്രം എടുക്കാൻ വിട്ടു. 6 കോടി യൂറോ വിലയുള്ള റീജന്റ് എന്ന വജ്രമാണ് ഇത്. കവർച്ച നടന്നതിനു തൊട്ടടുത്തായിരുന്നു ഇതുണ്ടായിരുന്നത്. ഇന്ത്യയിലെ കൊല്ലൂർ ഖനിയിൽ കുഴിച്ചെടുത്ത ഈ അമൂല്യവജ്രം പിന്നീട് ലണ്ടനിലെത്തി. ഫിലിപ് രണ്ടാമൻ രാജാവ് 1717ൽ ഇതു വാങ്ങി. മേരി അന്റോണീറ്റയുടെ തലപ്പാവ്, നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വാൾ എന്നിവയിൽ ഈ രത്നം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. English Summary:
Louvre Jewel Recovery: The Race Against Time After Paris Heist |
|