search

ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘മായാവിയും’; കുപ്പിയിലാക്കാൻ നോക്കണ്ട, ‘ഓം ഹ്രീം’ പറഞ്ഞാൽ വീട്ടിലെത്തും

cy520520 Yesterday 11:19 views 370
  

  



‘മായാവി’ക്ക് എന്താണ് തിരഞ്ഞെടുപ്പിൽ കാര്യം? എന്നാൽ എറണാകുളം കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിലെ എൽഡിഎഫിന്റെ സ്ഥാനാർഥി ‘മായാവി’യാണ്. പക്ഷേ, ബാലരമയിൽ വായിച്ച് പരിചയിച്ച ആ മായാവി അല്ല,  ഇത് മായ വി. സ്വന്തം പേര് കൊണ്ട് തദ്ദേശതിരഞ്ഞെടുപ്പിൽ താരമായിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശി മായ. സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറയുകയാണ്. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചാണ് ട്രോളുകൾ. ചെറുപ്പം മുതൽ ഈ ട്രോളുകൾ ഏറെ കേട്ട് പരിചയിച്ച മായ ഇപ്പോഴും ട്രോളുകളെ ചിരിച്ചു കൊണ്ടാണ് ഏറ്റെടുക്കുന്നത്. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’യിലെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയൻ കൂടിയാണ് മായ. പേരിന് പിന്നിലെ ട്രോളിനെ പറ്റിയും തദ്ദേശ തിര‍ഞ്ഞെടുപ്പ് വിശേഷങ്ങളെ പറ്റിയും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് മായ വി.  

ട്രോളുകൾ ആസ്വദിക്കുന്നു, എല്ലാം പോസിറ്റിവിറ്റി

കഴിഞ്ഞ ദിവസമാണ് എന്റെ പേരിൽ ഇത്രയും ട്രോളുകൾ വന്നതിനെപ്പറ്റിയൊക്കെ ഞാൻ അറിയുന്നത്. പലരും റീൽസെല്ലാം എനിക്ക് ഷെയർ ചെയ്ത് തന്നിരുന്നു. അതെല്ലാം കണ്ടപ്പോൾ ശരിക്കും ‘മായാവി’ സിനിമയിൽ സലിം കുമാർ പറഞ്ഞതുപോലെ ‘എനിക്ക് ഭ്രാന്തായതാണോ നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായതാണോ’ എന്ന അവസ്ഥയായിരുന്നു. ഗുരുപൂജ ചെയ്യണം, ആശാനാണ് ഞാൻ എന്നൊക്കെ പറഞ്ഞ് രസകരമായ കമന്റുകളൊക്കെ ഉണ്ട്.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ട്രോളുകളെ വളരെ നന്നായി ആസ്വദിക്കുന്ന ഒരാളാണ്. തമാശകൾ ഇഷ്ടമാണ്. ആ തമാശകൾ ഒരിക്കലും  നെഗറ്റീവായി കാണുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പോസറ്റിവിറ്റിയാണ്. ട്രോളുകളോ, അതിന് വരുന്ന കമന്റോ ഷെയറോ ഒന്നും എന്റെ വാർഡിൽ വോട്ടായി മാറില്ലെന്ന് നല്ല ഉറപ്പുണ്ട്. എന്നാൽ അതുകൊണ്ട് കുറെ ട്രോളൻമാർ ഹാപ്പിയാകുന്നുണ്ട്. എന്നെ കൊണ്ട് അവർക്കൊക്കെ ഇങ്ങനെയെങ്കിലും ഉപകാരമുണ്ടാകുന്നുണ്ടല്ലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. എല്ലാം ആസ്വദിക്കുന്നുണ്ട്.  

ചെറുപ്പം മുതൽ ഞാൻ ‘മായാവി’

എന്റെ അമ്മയുടെ പേരായ വാസന്തിയാണ് ഞാൻ പേരിനൊപ്പം ചേർത്തത്. അങ്ങനെയാണ് എന്റെ പേര് മായ വി. എന്നായത്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് മായാവി എന്നൊക്കെ പറഞ്ഞ് എന്നെ പലരും കളിയാക്കാറുണ്ട്. അന്നൊക്കെ അത് വലിയ സങ്കടമായിരുന്നു. എന്റെ സുഹൃത്തുക്കൾക്ക് പോലും എന്റെ പേര് കൊണ്ട് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഞാൻ മായാവി ആയതുകൊണ്ട് എനിക്കൊപ്പമുള്ളവരെ ലുട്ടാപ്പി എന്നൊക്കെ വിളിക്കാറുണ്ട്. അത് അവർക്കൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ‘‘എന്തിനാണ് അമ്മേ എനിക്ക് മായാ വി എന്നൊക്കെ പേരിട്ടതെന്ന്’’ ഞാൻ പലപ്പോഴും അന്നൊക്കെ ചോദിക്കുമായിരുന്നു. പിന്നെ മമ്മൂട്ടിയുടെ മായാവി സിനിമ ഇറങ്ങിയതിന് ശേഷമാണ് കുറച്ചൊക്കെ സന്തോഷം ഉണ്ടായത്. അതിന് ശേഷം എനിക്ക് സ്വന്തമായി ഒരു ബിജിഎം ഒക്കെ കിട്ടിയല്ലോ.    സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾ (Photo: Maya V/ Facebook)

ഒരു ചിരി പടര്‍ത്താൻ എനിക്ക് കഴിയുന്നുണ്ട്

എന്റെ പേര് മായ വി എന്ന് പറയുമ്പോൾ തന്നെ പലരും ‘‘മായാവിയോ’’ എന്നാണ് ചോദിക്കുന്നത്. പ്രായമായവരൊക്കെ പേര് കേട്ട് ചിരിച്ചു കൊണ്ടാണ് പലതും ചോദിക്കാറുള്ളത്.  

ആ ചിരിയിലൂടെ എനിക്ക് അവരിലേയ്ക്ക് എത്താൻ പറ്റുന്നുണ്ട്. മായാവിയെ പോലെ രക്ഷപ്പെട്ട് കളയുമോ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നതൊക്കെ കണ്ടു. എന്നാല്‍ എനിക്ക് അവരോട് പറയാനുള്ളത് ഞാൻ എവിടെയും മാഞ്ഞ് പോകില്ലെന്നാണ്. എന്നെ ഒട്ടും അറിയാത്തവരാണ് അത്തരത്തിലുള്ള കമന്റൊക്കെ ഇടുന്നത്. എന്നെ അറിയാവുന്നവർ ഒരിക്കലും അങ്ങനെ പറയില്ല. പിന്നെ വോട്ട് ചോദിക്കാൻ പോകുമ്പോൾ ഞാൻ എല്ലാവരോടും പറയാറുണ്ട് നിങ്ങൾ ‘ഓം ഹ്രീം’ എന്നു വിളിക്കുമ്പോൾ തന്നെ ‍ഞാൻ വിളിപ്പുറത്തെത്തുമെന്ന്.  

വലിയ ഉത്തരവാദിത്തമാണ്; വാർഡിൽ ചിരി പടർത്തും

എന്റെ ഭർത്താവിന്റെ നാടാണ് കൂത്താട്ടുകുളം. വലിയ വാഗ്ദാനങ്ങളോ അവകാശവാദങ്ങളോ ഒന്നും നൽകാനില്ല. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്ത് ഞാൻ ആളുകളെ ചിരിപ്പിക്കാറുണ്ട്. അതുപോലെ എന്റെ വാർഡിലുള്ളവരെയും ചിരിപ്പിക്കും. നല്ല പ്രവൃത്തികൾ ചെയ്ത് അവരിൽ ചിരിയുണ്ടാക്കും. ആളുകളെ കേൾക്കാനും അവരോട് സംസാരിക്കാനും എനിക്ക് ഏറെ ഇഷ്ടമാണ്.  അതുകൊണ്ട് എന്റെ വാർഡിലുള്ളവരെ എല്ലാക്കാലവും ഞാൻ ചേർത്ത് പിടിക്കും.  

സിപിഎം അനുഭാവിയാണെങ്കിലും വലിയ തോതിലൊന്നും പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ല. പെട്ടെന്ന് ഒരു ദിവസം നാട്ടിലെ സിപിഎം പ്രവർത്തകർ വിളിച്ചാണ് സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചത്. എനിക്ക് കിട്ടിയത് വലിയ ഉത്തരവാദിത്തമായി കാണുന്നുണ്ട്. അതില്‍ വിജയിക്കാനാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഒറ്റയ്ക്കാണ് കൂടുതലും പ്രചാരണത്തിനായി വീടുകൾ കയറുന്നത്. ഭർത്താവ് സിജി ദാമോദരന്റെ പൂർണ പിന്തുണയുണ്ട്’’– മായ പറഞ്ഞു.  

നഗരസഭയിലെ പുതിയ ഡിവിഷനാണ് ഇരുപത്തിയാറാം ഡിവിഷൻ. 2020–ലെ തിരഞ്ഞെടുപ്പിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫാണ് അധികാരത്തിൽ എത്തിയത്. വിജയ ശിവൻ ചെയർമാനായി. നാലേമുക്കാൽ വർഷത്തിനു ശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം അംഗമായിരുന്ന കലാ രാജുവും സ്വതന്ത്ര അംഗം പി.ജി. സുനിൽ കുമാറും പിന്തുണച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. യുഡിഎഫ് പിന്തുണയിൽ കലാ രാജു ചെയർപഴ്സനും പി.ജി. സുനിൽകുമാർ ഉപാധ്യക്ഷനുമായി. ഇരുവരും ഇത്തവണ മത്സര രംഗത്തില്ല.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം  Maya V എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നു എടുത്തതാണ്. English Summary:
The Story Behind \“Mayavi\“ Maya V\“s Candidacy: Maya V, the LDF candidate from Koothattukulam, has become a sensation due to her name\“s association with the Malayalam movie \“Mayavi\“.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156723