തിരൂരങ്ങാടി ∙ പുതിയ ആറുവരിപ്പാതയിൽ ദേശീയപാത അതോറിറ്റി നിർമിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകി. കക്കാട് കരുമ്പിൽ പ്രദേശത്താണ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. ലോറികൾ നിർത്താനുള്ള സ്ഥലവും ഇതോടൊപ്പമുണ്ട്. ശുചിമുറി സൗകര്യത്തിനു പുറമേ, കുടിവെള്ളവും ലഭ്യമാണ്. പുരുഷൻമാർക്ക് 3 ശുചിമുറികളും സ്ത്രീകൾക്ക് 2 ശുചിമുറികളുമാണ് ഉള്ളത്.
എന്നാൽ യൂറോപ്യൻ ക്ലോസറ്റ് ഇല്ലാത്ത സാധാരണ ശുചിമുറിയാണെന്ന് പരാതിയുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്കുള്ള സൗകര്യവുമില്ല. കംഫർട്ട് സ്റ്റേഷനിലേക്ക് കയറാൻ പടികളാണുള്ളത്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്താണ് കംഫർട്ട് സ്റ്റേഷനുള്ളത്.
ദേശീയപാതയിൽനിന്നുള്ള വാഹനങ്ങൾ ഇവിടേക്കു വരാനും അസൗകര്യമുണ്ട്. കംഫർട്ട് സ്റ്റേഷൻ എത്തുന്നതിനു മുൻപ് ദേശീയപാതയിൽനിന്ന് വാഹനങ്ങൾ ഇറങ്ങാനുള്ള സൗകര്യത്തിന് പകരം കയറാനുള്ള സംവിധാനമാണുള്ളത്. ഇതിനാൽ തൃശൂർ ഭാഗത്തു നിന്നുള്ള ലോറികളും മറ്റും വെന്നിയൂരിൽ ദേശീയപാതയിൽ നിന്നിറങ്ങി സർവീസ് റോഡ് വഴി വരണം. കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കാച്ചടിയിൽ സർവീസ് റോഡിലേക്കിറങ്ങി അടിപ്പാത വഴി കംഫർട്ട് സ്റ്റേഷനിലേക്കു വരണം.
English Summary:
Comfort stations are now open on the new six-lane highway, providing restrooms and drinking water. Located in Kakkad Karumbil near Tirurangadi, the facility includes parking for trucks. However, there are complaints about the lack of European closets and facilities for the disabled, plus accessibility issues from the highway. |
|