cy520520 • 2025-10-28 09:35:25 • views 1121
5 ലക്ഷത്തിൽ താഴെ രൂപയ്ക്ക് ഇന്നോവ കിട്ടുമെന്നറിഞ്ഞാണു കഴിഞ്ഞമാസം ഡൽഹിയിലെത്തിയത്. ചില മലയാളി വാഹന ഡീലർമാരെ ഓൺലൈനായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചാണ് എത്തിയത്. കരോൾബാഗിലെത്തി ഒരു ഇന്നോവ കണ്ട് പരിശോധിച്ചു. മികച്ച രീതിയിൽ സൂക്ഷിക്കുന്ന വാഹനം. ഓടിച്ചുനോക്കുമ്പോഴും പ്രശ്നങ്ങളില്ല. എൻഒസി എടുക്കാനുള്ള വില അടക്കം പറഞ്ഞുറപ്പിച്ച് പിറ്റേദിവസം അഡ്വാൻസ് കൊടുക്കാനിരിക്കേയാണു ടൊയോട്ടയിൽ ജോലി ചെയ്യുന്ന നാട്ടിലെ ഒരു സുഹൃത്തിനെ വെറുതെ ഒന്നു വിളിച്ച് അന്വേഷിച്ചത്. സർവീസ് ഹിസ്റ്ററിയിൽ വാഹനത്തിന്റെ വിവരങ്ങളെല്ലാം പക്കായാണ്. എന്തോ സംശയം തോന്നിയ സുഹൃത്ത് ഇൻഷുറൻസ് കമ്പനി വഴി അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി. അപകടത്തിൽ ടോട്ടൽ ലോസ് ആയ എൻജിൻ നമ്പറിലാണു വണ്ടിയുള്ളത്. എൻജിൻ അടക്കം കള്ള നമ്പറടിച്ച് സർവീസ് ഹിസ്റ്ററി തിരുത്തി വിൽപനയ്ക്കുവച്ച വണ്ടിയായിരുന്നു അത്. അതോടെ, വാഹനക്കച്ചവടമെന്ന സ്വപ്നം ഉപേക്ഷിച്ച് നാടുപിടിച്ചു.- കണ്ണൂർ സ്വദേശി എബിൻ കുര്യാക്കോസ് പറയുന്നു.
പഴഞ്ചൻ വണ്ടികളുടെ എൻജിൻ മാറ്റി വിൽപന
ന്യൂഡൽഹി ∙ ഭൂട്ടാനിൽനിന്നു കേരളത്തിലേക്കുള്ള കാർ കടത്തിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ അന്വേഷണം നേരിടുമ്പോൾ രാജ്യതലസ്ഥാനത്ത് നിയമം ലംഘിച്ചുള്ള വാഹനവിൽപന തകൃതിയായി നടക്കുകയാണ്. പഴയ വാഹനങ്ങളുടെയും പൊളിക്കാനെത്തിച്ച വാഹനങ്ങളുടെയും എൻജിൻ മാറ്റിയും കൃത്രിമ രേഖകളുണ്ടാക്കിയും ഡൽഹിയിലെ മാർക്കറ്റുകളിൽ വിൽക്കുന്നത്. കേരളത്തിലേക്ക് അടക്കം ഇത്തരം ഒട്ടേറെ വാഹനങ്ങളാണ് വിൽക്കുന്നതായി യൂസ്ഡ് കാർ വിൽപനക്കാർ പറയുന്നു. കാറുകളുടെയും ജീപ്പുകളുടെയും വിദേശ നിർമിത എൻജിൻ ഉൾപ്പെടെ സംസ്ഥാനത്തെ സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽ സുലഭം. ഡൽഹി മായാപുരിയിലാണു വാഹനങ്ങളുടെ രൂപമാറ്റം അധികവും നടക്കുന്നത്.
വാഹനങ്ങളുടെ മായാബസാർ
പഴയ വാഹനങ്ങളുടെയും വാഹന സ്പെയർപാർട്സുകളുടെയും രാജ്യത്തെതന്നെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പടിഞ്ഞാറൻ ഡൽഹിയിലെ മായാപുരി. അപകടങ്ങളിൽ ഭാഗികമായി തകർന്നതും പൊളിക്കാൻ എത്തിച്ച വാഹനങ്ങളും വാഹന ഭാഗങ്ങളും മായാപുരിയിൽ സുലഭം. സൈന്യം ഉപയോഗത്തിനുശഷം ലേലം ചെയ്ത വാഹനങ്ങളും ഇവിടെയുണ്ട്. ഇന്ത്യൻ വാഹനങ്ങളിൽ വിദേശ നിർമിത എൻജിൻ ഘടിപ്പിച്ചാണ് തട്ടിപ്പുകളിലേറെയും നടക്കുന്നത്. എൻജിൻ കേടായ വാഹനത്തിൽ മോട്ടർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയോടെ നിർമാണ കമ്പനിയുടെ കർശന വ്യവസ്ഥകൾ അനുസരിച്ചുമാത്രമേ പുതിയ എൻജിനുകൾ ഘടിപ്പിക്കാവൂ. എന്നാൽ തോന്നുംപടി വാഹനങ്ങളുടെ എൻജിൻ മാറ്റിവച്ചാണ് ഇവിടെ കച്ചവടം. മായാപുരിയിൽ പണിതിറക്കുന്ന വാഹനങ്ങൾ കരോൾബാഗിനും പരിസര പ്രദേശത്തുമുള്ള യൂസ്ഡ് കാർ വിപണികൾ വഴിയാണ് കേരളത്തിലേക്കും മറ്റും വിറ്റഴിക്കുന്നത്.
പെട്രോൾ വണ്ടിക്ക് ഡീസൽ എൻജിൻ
ടൊയോട്ടയുടെ എറ്റിയോസ്, ഇന്നോവ എന്നിവയുടെ ഡീസൽ വാഹനത്തിന് യൂസ്ഡ് കാർ വിപണിയിൽ വലിയ ഡിമാൻഡുണ്ട്. ഈ സാഹചര്യം മുതലെടുക്കുന്ന തട്ടിപ്പുകാർ പെട്രോൾ വാഹനത്തിൽ ഡീസൽ എൻജിൻ ഘടിപ്പിക്കുന്നു. അതേ വാഹനത്തിന്റെ തന്നെ എൻജിൻ ആകണമെന്ന് യാതൊരു നിർബന്ധവുമില്ല. പിന്നീട് ഷാസി നമ്പറടക്കം രേഖകൾ വ്യാജമായുണ്ടാക്കിയാണ് വിൽപന. നാഗാലാൻഡ്, അസം. ഹിമാചൽപ്രദേശ് തുടങ്ങിയ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ റജിസ്ട്രേഷൻ വാഹനങ്ങളാണ് ഇത്തരത്തിൽ അധികവും തട്ടിപ്പിന് ഉപയോഗിക്കുന്നത്. തകർന്ന വാഹനങ്ങളുടെ എൻജിൻ, എൻജിൻ തകരാറായ മറ്റു വാഹനങ്ങളിൽ ഘടിപ്പിച്ച് നൽകുന്ന പരിപാടിയുമുണ്ട്. ആർസി ബുക്കിലെ എൻജിൻ നമ്പർ തന്നെ പുതിയ എൻജിനിലും പതിപ്പിച്ചു നൽകും. വെറും 5000 രൂപയ്ക്ക് കേരളത്തിലേക്കുള്ള എൻഒസി എടുത്ത് നൽകുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നു.
സർവീസ് ഹിസ്റ്ററിയിലും തട്ടിപ്പ്
നിസാൻ കമ്പനിയുടെ വിന്റേജ് എസ്‍യുവി വാഹനത്തിൽ ടാറ്റ 407ന്റെ എൻജിൻ ഘടിപ്പിച്ച് നൽകും. പുറമേയ്ക്കു വാഹനത്തിന് മാറ്റമൊന്നുമില്ലെങ്കിലും കുറച്ച് ഓടുമ്പോഴറിയാം മാറ്റം. ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ വാഹനങ്ങളിൽ സ്വിഫ്റ്റിന്റെയും പോളോയുടെയും എൻജിൻ വച്ച് വിറ്റ സംഭവങ്ങൾ അടുത്തയിടെ കരോൾബാഗിലുണ്ടായെന്ന് മലയാളി വാഹന ഡീലർമാർ പറഞ്ഞു. ഡൽഹിയിൽ ചെറിയ വിലയ്ക്ക് വാഹനങ്ങൾ കിട്ടുമെന്നറിഞ്ഞു നാട്ടിൽനിന്നെത്തുന്ന ആളുകളാണ് ഇത്തരം തട്ടിപ്പുകാരുടെ സ്ഥിരം ഇര. വാഹനങ്ങളുടെ സർവീസ് ഹിസ്റ്ററിയടക്കം വ്യാജനായി തയാറാക്കാൻ വാഹനകമ്പനികളുടെ സർവീസ് സെന്ററുകളിലടക്കം ഇത്തരക്കാർക്ക് ആളുകളുണ്ടെന്നാണ് വിവരം. English Summary:
Used car scams are prevalent in Delhi, involving engine tampering and fraudulent documentation. These scams often target those seeking affordable vehicles, leading to significant financial losses for unsuspecting buyers. Always verify a vehicle\“s history thoroughly before purchase. |
|