LHC0088 • 2025-10-28 09:37:10 • views 1259
പാലക്കാട് ∙ കോട്ടുവായ് ഇട്ടതിനു ശേഷം വായ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ ട്രെയിൻ യാത്രക്കാരനു റെയിൽവേ ഡോക്ടർ രക്ഷകനായി. കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസിലെ യാത്രക്കാരൻ ബംഗാൾ സ്വദേശി അതുൽ ബിശ്വാസാണു(27) വായ് അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയത്.
ടിടിഇ അറിയിച്ചതിനെത്തുടർന്നു പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിലെ മെഡിക്കൽ ഓഫിസർ ഡോ.പി.എസ്.ജിതിനാണു ചികിത്സ നൽകിയത്. കൊച്ചിയിലെ വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരനായ അതുൽ അതേ ട്രെയിനിൽ നാട്ടിലേക്കു യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ 2.35ന് ട്രെയിൻ പാലക്കാട് ജംക്‌ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
താടിയെല്ലുകൾ സ്തംഭിക്കുന്ന ടെംപറോമാൻഡിബ്യൂലർ ജോയിന്റ് (ടിഎംജെ) ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണു സംഭവിച്ചതെന്നു ഡോ. ജിതിൻ പറഞ്ഞു. കീഴ്ത്താടിയെല്ലിന്റെ ബോൾ-ആൻഡ്-സോക്കറ്റ് സന്ധി സ്ഥാനത്തു നിന്നു തെറ്റിപ്പോകുന്ന അവസ്ഥയാണിത്. വായ തുറന്ന അവസ്ഥയിൽ സ്തംഭിക്കുകയും വേദനിക്കുകയും ചെയ്യും.അമിതമായി കോട്ടുവായ് ഇടുമ്പോഴോ അപകടങ്ങളിലോ പ്രത്യേക രോഗാവസ്ഥകളിലോ ആണ് ഇങ്ങനെ സംഭവിക്കുക. ഡോക്ടർക്കു കൈകൊണ്ടുതന്നെ ഇതു പൂർവസ്ഥിതിയിലാക്കാൻ സാധിക്കും. എന്നാൽ ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. English Summary:
Palakkad train incident highlights a railway doctor\“s quick response to a passenger with a dislocated jaw after yawning. The doctor provided immediate treatment, allowing the passenger to continue his journey. |
|