തിരുവനന്തപുരം ∙ പിണറായി വിജയനെ ഒരിക്കൽക്കൂടി സിപിഎം മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചു തുടങ്ങി. സിപിഎം സംസ്ഥാന ഘടകത്തിന്റെ സമൂഹമാധ്യമ പേജുകളിൽ പിണറായിയുടെ ചിത്രവുമായി ‘എൽഡിഎഫ് 3.0’ പ്രത്യക്ഷപ്പെട്ടു. പിണറായി ‘മൂന്നാം ഊഴത്തിലേക്ക് എൽഡിഎഫിനെ നയിക്കുന്ന’ വിഡിയോയാണ് സിപിഎമ്മിന്റെ പേജുകൾ പുറത്തുവിട്ടത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടിയോ പിണറായി സ്വയമോ പ്രഖ്യാപിക്കും മുൻപാണു സമൂഹമാധ്യമങ്ങൾ വഴിയുള്ള ഈ പ്രചാരണം.
- Also Read പണം മാത്രമല്ല പിഎം ശ്രീ പദ്ധതി: എല്ലാ വ്യക്തമാക്കി പദ്ധതിരേഖ; കേരളം നടപ്പാക്കേണ്ടി വരും ദേശീയ വിദ്യാഭ്യാസനയം
മുഖ്യമന്ത്രിയായ പിണറായി 2026 ൽ എൽഡിഎഫിന്റെ പ്രചാരണം നയിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ‘മത്സരിക്കാതെയും പ്രചാരണം നയിക്കാമല്ലോ’ എന്ന പ്രതികരണത്തിലൂടെ അദ്ദേഹം മത്സരരംഗത്ത് ഉണ്ടാകുമോ എന്നതിൽ സസ്പെൻസ് നിലനിർത്തുകയാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചെയ്തത്.
വീണ്ടും മത്സരിക്കാനില്ലെന്ന സൂചന മാസങ്ങൾക്കു മുൻപ് പിണറായി അടുപ്പമുള്ളവർക്കു നൽകിയിരുന്നു. എന്നാൽ, മത്സരിച്ചേക്കുമെന്നാണ് അതേ കേന്ദ്രങ്ങൾ തന്നെ ഇപ്പോൾ പറയുന്നത്. ‘ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കും’ എന്നാണ് ഇതെക്കുറിച്ചു പിണറായി ഇതുവരെ നൽകിയ ഏക പ്രതികരണം.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലൂടെ പാർട്ടിയിലും സർക്കാരിലുമുള്ള നിയന്ത്രണം കൂടുതൽ ഉറപ്പിക്കുകയാണ് പിണറായി ചെയ്തത്. കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പൂർണപിന്തുണ നൽകി അദ്ദേഹത്തോടുള്ള കൂറ് പാർട്ടിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കുകയും ചെയ്തു. പിണറായി പ്രചാരണം നയിക്കുമെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി തീരുമാനിക്കുമെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
തുടർഭരണം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും ഒരുക്കങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് ഇപ്പോൾ മുഖ്യമന്ത്രി തന്നെയാണ്. മണ്ഡലവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അറിയാനും രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാനുമായി എൽഡിഎഫിന്റെ എംഎൽഎമാരെ പിണറായി പ്രത്യേകം കണ്ടിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് തയാറെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങൾ വിളിച്ചു ചേർക്കുന്നതും മുഖ്യമന്ത്രി തന്നെ. English Summary:
Pinarayi 3.0: CPM Begins Social Media Campaign for Third Term |
|