cy520520 • 2025-10-28 09:42:34 • views 821
തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സംസ്ഥാനത്തു പൂർണതോതിൽ നടപ്പാക്കേണ്ടി വരുമെന്ന് പദ്ധതിരേഖ. കരാർ ഒപ്പിട്ട ശേഷം സംസ്ഥാനം പിന്തിരിഞ്ഞാൽ അത് പുതിയ സംഘർഷത്തിനാകും വഴിവയ്ക്കുക. നിയമപരമായും സംസ്ഥാനം പ്രതിരോധത്തിലാകും.
- Also Read പിണറായി 3.0 പ്രചാരണത്തിന് സിപിഎം; മുഖ്യമന്ത്രി സ്ഥാനാർഥി ആയി സമൂഹമാധ്യമ പേജുകളിൽ പിണറായിയെ അവതരിപ്പിച്ചു തുടങ്ങി
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും എൻഇപിയിലെ തെറ്റായ അജൻഡകൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടിയും സിപിഎം നേതൃത്വവും പറയുന്നത്. എന്നാൽ പിഎം ശ്രീ പദ്ധതിക്കായി സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്ഥകൾ ഭാഗികമായി നടപ്പാക്കാതിരിക്കാനാകില്ലെന്നു ചുരുക്കം.
സംസ്ഥാനം മുഴുവൻ തിടുക്കത്തിൽ നടപ്പാക്കേണ്ടി വരില്ലെങ്കിലും പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നടപ്പാക്കിയേ മതിയാകൂ എന്നാണ് കേന്ദ്ര നിബന്ധന. കേരളം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ കെട്ടിപ്പടുത്ത സ്കൂളുകളെ എൻഇപി നടപ്പാക്കാനുള്ള കേന്ദ്രങ്ങളായി കേന്ദ്രത്തിന് വിട്ടുനൽകേണ്ടതുണ്ടോ എന്നതാണ് പദ്ധതിയെ എതിർക്കുന്ന സിപിഐ ഉന്നയിക്കുന്ന ചോദ്യം.
എന്നാൽ, പദ്ധതിയിൽ ഒപ്പിടുന്നതിലൂടെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി രണ്ടര വർഷമായി ലഭിക്കാനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുക എന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും ലക്ഷ്യമിടുന്നത്. അതു മാത്രമായി സാധ്യമാകുമോ എന്നതാണ് പ്രശ്നം.
പിഎം ശ്രീ പദ്ധതിയുടെ പ്രഖ്യാപിത കാലാവധി അടുത്ത അധ്യയന വർഷം (2026–27) അവസാനിക്കുകയാണ്. പദ്ധതിയിൽ ഒപ്പിട്ടാലും ഇനി ശേഷിക്കുന്ന ഒരു വർഷത്തെ മാത്രം വിഹിതമേ കേരളത്തിലെ സ്കൂളുകൾക്കു ലഭിക്കുകയുള്ളോ അതോ 5 വർഷ കാലാവധി കഴിയുന്നതു വരെ തുടരുമോ എന്നതിലും വ്യക്തതയില്ല.
സിപിഐ മന്ത്രിമാർ ഇന്ന് മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചേക്കും
തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കെ എതിർപ്പുയർത്തുന്ന സിപിഐയുടെ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം ഉന്നയിച്ചേക്കും. യോഗത്തിന്റെ അജൻഡയല്ലെങ്കിലും അത് ഉന്നയിക്കുമെന്നാണ് സിപിഐ നേതൃത്വം നൽകുന്ന സൂചന.
കഴിഞ്ഞ വർഷവും പദ്ധതിയിൽ പങ്കാളിയാകാൻ സിപിഎമ്മിന്റെ അനുമതിയോടെ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും അന്നത്തെ വകുപ്പ് സെക്രട്ടറി കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്കെത്തിയപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തതോടെ പിന്തിരിയുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ തന്നെ പദ്ധതിയിൽ പങ്കാളിയാകാൻ വകുപ്പ് വീണ്ടും തീരുമാനിച്ചിരിക്കുന്നത്. English Summary:
PM Shri Scheme: Kerala\“s Education Funding Tied to Full NEP 2020 Implementation |
|