കണ്ണൂർ∙ കൊട്ടിയൂരിൽ കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് കച്ചേരിക്കുഴി രാജേന്ദ്രൻ (രാജേഷ്– 50) ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് ഇയാൾ വനത്തിലേക്ക് ഓടിപ്പോയത്. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞു മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പൊലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ ഭാഗത്തുനിന്നും ഇയാളുടേതെന്നു കരുതുന്ന രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെടുത്തിരുന്നു. തുടർന്ന് ആർആർടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താൻ സാധിച്ചില്ല.
- Also Read ആദിവാസി വിദ്യാർഥിയെ വീട്ടിൽ കയറി മർദിച്ച് പ്ലസ്ടു വിദ്യാർഥി; മുഖത്തും നെഞ്ചിനും പരുക്ക്
ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും വനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ച്, കൊട്ടിയൂർ വൈൽഡ് ലൈഫ് യൂണിറ്റ്, ആർആർടി എന്നിവരും പൊലീസും നാട്ടുകാരും ചേർന്നാണു രാത്രി വൈകുവോളം തിരച്ചിൽ നടത്തിയത്. എന്നാൽ വെളിച്ചക്കുറവും വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയായതിനാലും രാത്രിയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ഇന്നു രാവിലെ എട്ടു മണിയോടെയാണു വനത്തിനുള്ളിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചത്. ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങൾ ആക്രമിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. വനത്തിൽനിന്ന് മൃതദേഹം പുറത്തെത്തിച്ചു കൂടുതൽ പരിശോധന നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബ പ്രശ്നമാണ് കഴുത്തു മുറിക്കാൻ കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന. English Summary:
Kottiyoor Forest Search: Kottiyoor Forest Death refers to the tragic discovery of a middle-aged man\“s body in the Kottiyoor forest after a search operation. The man had fled into the forest following a self-inflicted injury, prompting a wide-scale search by authorities and locals. |