LHC0088 • Yesterday 11:21 • views 758
രണ്ടു മാസം മുൻപായിരുന്നു പമ്പയിൽ കൊട്ടിഘോഷിച്ച് ആഗോള അയ്യപ്പസംഗമം. കഴിഞ്ഞയാഴ്ച മണ്ഡലകാലത്തിന്റെ തുടക്കം. ആദ്യദിനംതന്നെ ഭക്തർക്കു നരകയാതന. അവസാനിക്കാത്ത കാത്തിരിപ്പ്, ഭക്ഷണവും വെള്ളവും കിട്ടാനില്ല, പ്രാഥമിക ആവശ്യങ്ങൾക്കുപോലും നിവൃത്തിയില്ലാത്ത ഗതികേട്, നിന്നുതിരിയാൻ ഇടമില്ലാത്ത തിക്കും തിരക്കും, പേടിച്ചരണ്ട കുഞ്ഞുങ്ങളുടെ നിലവിളി, രക്ഷിതാക്കളുടെ അങ്കലാപ്പ്. സഹികെട്ട് ദർശനമോഹം ഉപേക്ഷിച്ച് ആയിരങ്ങൾ പാതിവഴിയിൽ കണ്ണീരോടെ മടങ്ങി.
- Also Read കോട്ടയത്ത് യുവാവിനെ കുത്തിയത് മുൻ നഗരസഭാംഗത്തിന്റെ മകൻ; പിന്നിൽ ബൈക്ക് പണയത്തർക്കം?
അയ്യപ്പസംഗമമൊക്കെ നടത്തിയ സർക്കാരല്ലേ, വൻ സന്നാഹങ്ങളായിരിക്കും എന്നു കരുതി സുഖദർശനം സ്വപ്നം കണ്ടു പാവങ്ങൾ വന്നതാണു കുഴപ്പമായത്. വാസ്തവത്തിൽ യഥാർഥ ഭക്തനാണോ എന്നു സ്വയം തിരിച്ചറിയാൻ ഓരോരുത്തർക്കും സർക്കാർ ഒരുക്കിയ അവസരമായിരുന്നു എന്നു തിരിച്ചറിയാഞ്ഞതുകൊണ്ടുള്ള തകരാറാണ്.
- Also Read ഇന്ത്യ ഹിന്ദു രാഷ്ട്രം, അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു, രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി: മോഹൻ ഭാഗവത്
‘അദ്വേഷ്ടാ സർവഭൂതാനാം, മൈത്ര കരുണ ഏവ ച’ എന്ന ഭഗവദ്ഗീതാ ശ്ലോകം മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പസംഗമത്തിൽ ഉദ്ധരിച്ചത് സകല മാധ്യമങ്ങളും വാർത്തയാക്കിയതാണ്. പിടികിട്ടാതെ പരിഭ്രമിച്ചവർക്കു പച്ചമലയാളത്തിൽ സംഗതി വിശദീകരിച്ചും കൊടുത്തു. ‘ഒന്നിനെയും ദ്വേഷിക്കാത്തവനും സുഖദുഃഖങ്ങളിൽ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനുമാകണം യഥാർഥ ഭക്തൻ’ എന്നാണ് അർഥം.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
തന്റെ ആദ്യ സർക്കാരിന്റെ കാലത്തെ ശബരിമല യുവതീപ്രവേശവും ആചാരലംഘനവും അടുത്ത മണ്ഡലകാലത്തെ തിക്കും തിരക്കും അടക്കം എന്തു പാതകവും ക്ഷമിച്ചും സഹിച്ചും യഥാർഥ ഭക്തനായി മാറാനുള്ള ആഹ്വാനമാണ് യഥാർഥത്തിൽ മുഖ്യമന്ത്രി നൽകിയത്. അതൊന്നും ശ്രദ്ധിക്കാതെ എല്ലാവരും ഇരുമുടിയുമെടുത്തു ശബരിമലയ്ക്കു വന്നാൽ പിണറായി എന്തുചെയ്യും? ‘കല്ലും മുള്ളും കാലുക്കു മെത്ത’ എന്നൊക്കെ ശരണം വിളിച്ചാൽ മാത്രം പോരാ, കഷ്ടപ്പാട് അനുഭവിച്ചുതന്നെ അറിയണം.
പിണറായി പറഞ്ഞ പല കാര്യങ്ങളും കാലാതിവർത്തിയാണ്. ‘താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്നാണ് കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ പി.പി.ദിവ്യയുടെ കാര്യത്തിൽ പറഞ്ഞത്. തുടർഭരണത്തിനു വോട്ടു ചെയ്ത ജനത്തിനു തൊട്ട് ശബരിമല ശ്രീകോവിലിന്റെ സ്വർണവാതിൽ അടിച്ചുമാറ്റാൻ കൂട്ടുനിന്ന എൻ.വാസുവിനും എ.പത്മകുമാറിനും വരെ ഇതു തങ്ങളെ ഉദ്ദേശിച്ചല്ലേ എന്നു തോന്നിപ്പോകുന്ന പ്രവചനസ്വഭാവമുള്ള വാക്കുകൾ. ‘പാപിക്കൊപ്പം ചേർന്നീടിൽ ശിവനും പാപിയായിടും’ എന്നും പിന്നീടൊരിക്കൽ പിണറായി പറഞ്ഞു. ഇ.പി.ജയരാജൻ ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടതിനെപ്പറ്റി പറഞ്ഞതാണെങ്കിലും അതും ശബരിമലക്കേസിൽ കിറുകൃത്യം. ആദ്യം ഉണ്ണിക്കൃഷ്ണൻ പോറ്റി മാത്രമായിരുന്നു പാപി. ബാക്കിയെല്ലാം ശിവൻമാരും. പിന്നീട് ശിവൻമാരുടെ പക്ഷത്തുനിന്നു പാപിക്കൊപ്പം ചേരാൻ ഘോഷയാത്രയായിരുന്നു.
ക്ഷേത്രമോഷണം നിത്യസംഭവമായതോടെ അമ്പലങ്ങൾക്കു സുരക്ഷ കൂട്ടണമെന്ന ആവശ്യം വന്നപ്പോഴാണ് ‘ഭഗവാനെന്തിനാടോ പാറാവ്’ എന്ന സംശയം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇ.കെ.നായനാർക്കുണ്ടായത്. ‘ഭഗവാനെന്തിനാടോ സ്വർണം’ എന്നാണ് ഭഗവാനു പിണറായി കാവൽ നിർത്തിയ പാറാവുകാർക്കു സംശയം. നേരിയ വ്യത്യാസമേ ഉള്ളൂ.
ഇക്കൊല്ലം മണ്ഡലതീർഥാടനത്തിന്റെ ആദ്യദിനംതന്നെ പതിവിലും തിരക്ക് എന്തുകൊണ്ടാണെന്നു പലരും സംശയിച്ചു കേട്ടു. സ്വർണക്കൊള്ളയ്ക്കു പിന്നിൽ രാജ്യാന്തര വിഗ്രഹക്കടത്തുസംഘമാണോ എന്നു ഹൈക്കോടതി പോലും പേടിച്ച കാലമാണ്. മൂന്നാമതും തുടർഭരണം എന്നു സിപിഎം തന്നെ പറയുന്നുമുണ്ട്. ശബരിമല ശ്രീകോവിലിന്റെ സ്വർണപ്പാളി വരെയേ ഇതുവരെ അടിച്ചുമാറ്റിയിട്ടുള്ളൂ. വീണ്ടും ഭരിച്ചാൽ എന്താകും സ്ഥിതിയെന്ന് ആർക്കും ഭയം തോന്നുക സ്വാഭാവികം. അതൊക്കെ കാണും മുൻപ് ജീവിതാഭിലാഷം സാധിക്കാനായി ഭക്തർ കൂട്ടത്തോടെ എത്തിയതായിക്കൂടായ്കയില്ല.
സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ പട്ടിക നീണ്ടുനീണ്ടു പോകുന്ന മട്ടാണ്. ശബരിമലയിലെ തീർഥാടകരുടെ കാര്യത്തിലെന്നതുപോലെ അറസ്റ്റിനും വെർച്വൽ ക്യൂ സമ്പ്രദായം തുടങ്ങിയാൽ മോശം വരില്ല. ഇന്നല്ലെങ്കിൽ നാളെ പിടിയിലാകുമെന്ന് ഉറപ്പുള്ളവർക്ക് അറസ്‌റ്റിനു സൗകര്യപ്രദമായ ദിവസം സ്വയം തിരഞ്ഞെടുക്കാം. വഴങ്ങാത്തവർക്കു മാത്രം സ്പോട് ബുക്കിങ്.
ശക്തനായാലും ക്ഷീണിക്കും
തന്നോടു പോക്കണംകേടു കാണിച്ചിട്ടും പോട്ടെന്നു വയ്ക്കുന്നത് ശക്തിയില്ലാത്തവനാണെങ്കിൽ പേടിച്ചിട്ടാണെന്നേ കാണുന്നവർ കരുതൂ. ക്ഷമിക്കുന്നതു ശക്തനാണെങ്കിൽ അത് അവരുടെ നല്ലമനസ്സുകൊണ്ടെന്നും കരുതും. എങ്കിലും ഏതു ശക്തന്റെയും ക്ഷമയ്ക്ക് ഒരതിരുണ്ട്. ആ നെല്ലിപ്പലകയിലാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ പ്രസിഡന്റ് എൻ.ശക്തന്റെ നിൽപ്.
കാര്യം മന്ത്രിയും സ്പീക്കറുമൊക്കെയായി പണ്ടു വലിയ നിലയിൽ കഴിഞ്ഞ ആളാണ്. ഒടുവിൽ കോൺഗ്രസിന്റെ ക്ഷീണകാലത്തും കെപിസിസി വൈസ് പ്രസിഡന്റായി വലിയ തട്ടുകേടില്ലാതെ പോകുകയായിരുന്നു. അപ്പോഴാണ് ‘പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൂന്നാമതു പോകും, നിയമസഭയിൽ ഉച്ചികുത്തി വീഴും, കോൺഗ്രസിന്റെ അധോഗതിയായിരിക്കും’ എന്നൊക്കെ ചങ്കിൽത്തറയ്ക്കുന്ന വർത്തമാനം ഫോണിൽ പ്രവർത്തകനോടു പറഞ്ഞ ഡിസിസി അധ്യക്ഷൻ പാലോട് രവിയെ പാർട്ടി പിടിച്ച പിടിയാലേ രാജിവയ്പിച്ചത്.
പകരത്തിനു പെട്ടെന്നു മുന്നിൽക്കിട്ടിയതു ശക്തനെയാണ്. അപ്പോഴേ പിടിച്ച് ജില്ലാ അധ്യക്ഷന്റെ താൽക്കാലിക ചുമതലയും കൊടുത്തു. തൽക്കാലത്തേക്കാണെങ്കിലേ താനുള്ളൂ എന്നു ശക്തൻ അന്നേ പറഞ്ഞതാണ്. ഇപ്പോൾ കാലം കുറെയായി. ചുമതല ഏൽപിച്ചവരെയും കാണാനില്ല, പകരക്കാരനുമില്ല. ആനയ്ക്കു മുന്നിൽ തീവെട്ടി പിടിച്ചു നിന്നയാൾ ‘ഇപ്പൊ വരാ’മെന്നു പറഞ്ഞ് തീവെട്ടി കണ്ടുനിന്നവനു കൈമാറി ഉത്സവസ്‌ഥലത്തെ ആൾക്കൂട്ടത്തിൽ മുങ്ങിയതുപോലുള്ള ചതിയായിപ്പോയി.
ഇതിനിടെ കെപിസിസി പുനഃസംഘടന വന്നു. പാലോട് രവി വൈസ് പ്രസിഡന്റായി. ശക്തൻ പുറത്തുമായി. 13 കെപിസിസി വൈസ് പ്രസിഡന്റുമാരിൽ ഒരാളോ 14 ഡിസിസി പ്രസിഡന്റുമാരിൽ ഒരാളോ ആരാണ് കൂടുതൽ ശക്തൻ എന്ന കൺഫ്യൂഷനിലാണ് കോൺഗ്രസ് പ്രവർത്തകർ പോലും. ഇനി ഒരുവേള പാലോട് രവിക്കു കൊടുത്തതു സ്‌ഥാനക്കയറ്റമായിരിക്കുമോ?. ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാകണമെങ്കിൽ ഇനി ശക്തനും രവി ഫോണിൽ പറഞ്ഞതുപോലെ എന്തെങ്കിലും കടുംകൈ ചെയ്യേണ്ടിവരുമോ? ആർക്കറിയാം കോൺഗ്രസിന്റെ രീതികൾ.
ശക്തനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പാണ്. ആയിരക്കണക്കിനു പത്രികകളിൽ ഒപ്പിട്ടു ചിഹ്‌നമനുവദിക്കുന്നതു തൊട്ട് പണി പിടിപ്പതാണ്. തലസ്ഥാനജില്ലയിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിന്റെ കരുത്തുകൊണ്ട് ഒറ്റയാളും സഹായിക്കാൻ ഉണ്ടാകണമെന്നുമില്ല. ക്ഷീണിച്ചുപോകും എത്ര ശക്തനായാലും.
ഒരു പാലം അങ്ങോട്ടുമിങ്ങോട്ടും
‘അഴിമതിക്കു ഗ്രൂപ്പ് വ്യത്യാസമില്ല’ എന്നാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയുടെ ചരിത്രപ്രസിദ്ധമായ പ്രസ്താവന. രമേശിനും പ്രിയപ്പെട്ടയാളാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. കശുവണ്ടി വികസന കോർപറേഷൻ ചെയർമാനായിരുന്ന കാലത്ത് ചന്ദ്രശേഖരനും കോർപറേഷൻ എംഡി കെ.എ.രതീഷും കൂട്ടായി നടത്തിയ ഇറക്കുമതി സംബന്ധിച്ച അഴിമതിക്കേസ് അന്വേഷിക്കാനാണു സിബിഐ ശ്രമിക്കുന്നത്. പക്ഷേ, പിണറായിയുടെ സർക്കാരുണ്ടോ സമ്മതിക്കുന്നു. മൂന്നാംവട്ടവും അനുമതി നിഷേധിച്ചുകളഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോർപറേഷനു ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം കിടന്നിട്ടുണ്ട് ചന്ദ്രശേഖരൻ. അന്നു പിണറായി വിജയനും സിഐടിയു നേതാവ് എളമരം കരീമും ആനത്തലവട്ടം ആനന്ദനും അടക്കം സമരപ്പന്തൽ സന്ദർശിച്ചതു തൊട്ടാണ് രഹസ്യബാന്ധവത്തിന്റെ അന്തർധാര പുറത്തറിഞ്ഞുതുടങ്ങിയത്. ആശാസമരത്തെ താറടിക്കുന്നതിലും കരീമും ചന്ദ്രശേഖരനും ‘ഞാൻ മുന്നിൽ’ എന്ന മത്സരമായിരുന്നു. എന്തായാലും അഴിമതിക്കേസ് മുന്നോട്ടുപോകാതെ കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന സിപിഎം സർക്കാരിന്റെ വിശാലമനസ്സ് സുമനസ്സുകൾ കാണാതെ പോകരുത്. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നാണ് പണ്ടേ ന്യായം. ഗ്രൂപ്പ് എന്നല്ല മുന്നണിവ്യത്യാസംപോലും ബാധകമല്ലാത്ത ചക്കരക്കുടമാണ് അഴിമതി എന്നു തിരിച്ചറിയുന്നിടത്തോളം മധുരം വേറെയെന്ത്?.
സ്റ്റോപ് പ്രസ്
നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന്റെ ആസ്തിമൂല്യം നാലിരട്ടി കൂടിയെന്ന് ഇ.ഡി.
ആളിന്റെ വിലയോ? English Summary:
Aazhchakurippukal: Sabarimala Pilgrimage Issues are causing significant problems for devotees, including long waits and lack of basic amenities. The article discusses the challenges faced by pilgrims and political commentary regarding governance and corruption. It further examines the political landscape, corruption, and the struggles within political parties. |
|