search

താക്കറെ വീണു; താമര വിരി‍ഞ്ഞു

Chikheang Yesterday 11:52 views 371
  



മുംബൈയുടെ മണ്ണിൽ പതിറ്റാണ്ടുകൾക്കു മുൻപു മൊട്ടിട്ട താമരയാണ് ഇപ്പോൾ വിരിഞ്ഞത്. ശിവസേനയുടെ തണലിൽനിന്നു പറന്നുയർന്ന ബിജെപി 2014ൽ സംസ്ഥാനഭരണം പിടിച്ചെങ്കിലും മുംബൈയുടെ അധികാരം സ്വപ്നമായി തുടർന്നു. അതാണിപ്പോൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് യാഥാർഥ്യമാക്കിയത്. താക്കറെമാരുടെ കുത്തകയായിരുന്ന, 75,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള, രാജ്യത്തെ ഏറ്റവും സമ്പന്ന കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഏക്നാഥ് ഷിൻഡെയുടെ ശിവസേനയുമായി ചേർന്ന് വിജയക്കൊടി നാട്ടിയിരിക്കുന്നു.  

മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിൽ 24ലും എൻഡിഎ അധികാരം ഉറപ്പിച്ചിരിക്കെ, താക്കറെ, പവാർ കുടുംബങ്ങളുടെ അടിവേരാണ് ഇളകുന്നത്. സഖ്യകക്ഷികളുമായി ചേർന്നുനിൽക്കുകയും ക്രമേണ അവരെ വിഴുങ്ങുകയും ചെയ്യുന്ന ബിജെപി തന്ത്രത്തിന്റെ തനിയാവർത്തനമാണ് മഹാരാഷ്ട്രയിലും സംഭവിച്ചത്.  

പതിറ്റാണ്ടുകളോളം അവിഭക്ത ശിവസേനയുടെ ജൂനിയർ പങ്കാളിയായി ബിജെപി ഒതുങ്ങുകയും ശിവസേന വല്യേട്ടനായി വിലസുകയും ചെയ്യുമ്പോഴായിരുന്നു 2014ലെ മോദി തരംഗം. അതേവർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 122 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ ബിജെപിയുടെ മട്ടും ഭാവവും മാറി. 44 വയസ്സുള്ള എംഎൽഎ ദേവേന്ദ്ര ഫഡ്നാവിസിനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു മുഖ്യമന്ത്രിയാക്കി റിമോട്ട് കൺട്രോൾ കയ്യിലേന്തി. എന്നാൽ, അവരെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ മഹാരാഷ്ട്രയെ ഫഡ്നാവിസ് താമരഭൂമിയാക്കുന്നതാണ് പിന്നെ കണ്ടത്.  
    

  • കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ‌ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
      

         
    •   
         
    •   
        
       
  • ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
      

         
    •   
         
    •   
        
       
  • ഏതുനിമിഷവും മണ്ണിടിയാം, ഇരുട്ടിൽ വിഷവാതകം; ആഴങ്ങളിലേക്കു പോകുന്തോറും മൃതദേഹങ്ങൾ; മേഘാലയ ഖനി അപകടം; ഞെട്ടിക്കുന്ന കാഴ്ചകൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശിവസേനയെയും എൻസിപിയെയും പിളർത്തിയ അദ്ദേഹം കോൺഗ്രസിനെ തളർത്തി. ബിജെപിക്ക് ഏറ്റവും വേരോട്ടമുള്ള മണ്ണായി ഇപ്പോൾ മഹാരാഷ്ട്ര. 2004ൽ നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന അധ്യക്ഷനായ വേളയിൽ കുറിച്ചുവച്ച ‘ലോട്ടസ് മുംബൈ’ എന്ന ലക്ഷ്യമാണ് ഫഡ്നാവിസ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.  സംഘാടന പാടവം, രാഷ്ട്രീയ തന്ത്രജ്ഞത, പ്രസംഗചാതുര്യം, ഹിന്ദുത്വമുഖം, അടുത്ത ആർഎസ്എസ് ബന്ധം, വികസനനായകനെന്ന പ്രതിഛായ എന്നിങ്ങനെ ഫഡ്നാവിസിന്റെ വിശേഷണങ്ങൾ നീളുമ്പോൾ ഡൽഹിയിലെ പ്രധാന പദവികളിലേക്കു പാകമായ നേതാവു കൂടിയായി മാറുന്നു അദ്ദേഹം.  

ബിജെപിയുടെ ജയഘടകങ്ങൾ

കൃത്യമായ ആസൂത്രണം
ഹിന്ദുത്വ അജൻഡയിലൂടെ ഭൂരിപക്ഷ മതവിഭാഗത്തെ ഒപ്പം നിർത്തി. മറുവശത്ത്, വികസന മുദ്രാവാക്യവുമായി മറ്റുള്ളവരെയും ആകർഷിച്ചു. പ്രതിമാസം അക്കൗണ്ടിൽ പണമെത്തുന്ന ക്ഷേമപദ്ധതികളിലൂടെ സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താൻ ശ്രമിച്ചു.  

    പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാൻ തന്ത്രങ്ങളും മെനഞ്ഞു. ഫഡ്നാവിസിന്റെ സംഘാടനശക്തിയും മോദിയുടെ പിന്തുണയും അമിത് ഷായുടെ ഇടപെടലുകളും തുണയായി. അധികാരവും പാർട്ടിയുടെ പണക്കൊഴുപ്പും ഇതോടു ചേർന്നപ്പോൾ വിജയസൂത്രവാക്യമായി.  

വികസന മുദ്രാവാക്യം
കടൽപാലം, നവിമുംബൈ വിമാനത്താവളം, മെട്രോ, തീരദേശപാതകൾ, മുംബൈ– നാഗ്പുർ എക്സ്പ്രസ് വേ, മുംബൈ– ഗോവ എക്സ്പ്രസ് വേ എന്നിങ്ങനെ മുംബൈയിൽ പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയത്. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു. ധാരാവി ചേരി പുനർനിർമാണം, ഗുജറാത്ത് അതിർത്തിയിലെ വാഡ്‌വൻ തുറമുഖം, മുംബൈയിലെ മൂന്നാം വിമാനത്താവളം എന്നിവ നടപ്പാക്കാനിരിക്കുന്ന വൻപദ്ധതികൾ.  

ഹിന്ദുത്വ അജൻഡ
ന്യൂനപക്ഷങ്ങൾക്കെതിരെ പലവിധ ആരോപണങ്ങൾ ഉയർത്തി ഭൂരിപക്ഷ മതവിഭാഗത്തെ ധ്രുവീകരിക്കാൻ ശ്രമം നടത്തി. ഉദ്ധവിനു വോട്ടുചെയ്താൽ ഖാൻമാരുടെ കൈകളിലായിരിക്കും മുംബൈ ഭരണമെന്നു പ്രചരിപ്പിച്ചു.  

പ്രതിപക്ഷത്തിന്റെ പിഴവുകൾ

ഏകോപനമില്ലായ്മ
വലിയ ഒരുക്കത്തോടെയാണ് ബിജെപിയും ഫഡ്നാവിസും കോർപറേഷൻ തിരഞ്ഞെടുപ്പിനിറങ്ങിയത്. മറുവശത്ത്, ഏകോപനമില്ലാതെ പ്രതിപക്ഷം ദുർബലമായി. ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളായ ശിവസേന ഉദ്ധവ് പക്ഷവും ശരദ് പവാറിന്റെ എൻസിപിയും കോൺഗ്രസും ഫലപ്രദമായ ചർച്ചകൾപോലും നടത്തിയില്ല. ഉദ്ധവ് കോൺഗ്രസിനെയോ കോൺഗ്രസ് തിരിച്ചോ ചർച്ചകൾക്കു ക്ഷണിച്ചില്ല; പവാറാകട്ടെ കാര്യമായി ഇടപെട്ടതുമില്ല.  

പഴകിയ മുദ്രാവാക്യം
മണ്ണിന്റെ മക്കൾ വാദമാണ് ‘ജെൻ സീ’ കാലഘട്ടത്തിലും താക്കറെമാരുടെ പ്രധാന മുദ്രാവാക്യം. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളുടെ പ്രാധാന്യം മറന്ന് മറാഠി ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷകരായി അവർ ചുരുങ്ങുന്നു. മറുവശത്ത് ഗുജറാത്തി, ഉത്തരേന്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുന്നു.   

പാളിയ താക്കറെ ബ്രാൻഡ്
ബിജെപി– ഷിൻഡെ സഖ്യത്തെ നേരിടാൻ ഉദ്ധവ് താക്കറെ രണ്ടു പതിറ്റാണ്ടത്തെ പിണക്കം മറന്ന് പിതൃസഹോദരപുത്രനായ രാജ് താക്കറെയുടെ എംഎൻഎസുമായി കൈകോർത്തെങ്കിലും ഇരുവരും ചേർന്ന് മൂന്നിടത്തു മാത്രമാണ് പ്രചാരണം നടത്തിയത്. ഫഡ്നാവിസ് എഴുപതിലേറെ റാലികൾ നടത്തിയപ്പോൾ താക്കറെ സഹോദരൻമാർ പ്രചാരണത്തിൽ പിന്നിലായിരുന്നു. അതേസമയം, മുംബൈയിൽ 65 സീറ്റുകളിൽ ജയിച്ച ഉദ്ധവ് താക്കറെ ശിവസേനയുടെ പരമ്പരാഗതകോട്ടകളിൽ ബിജെപിക്കെതിരെ പിടിച്ചുനിന്നു. എന്നാൽ, രാജ് 6 സീറ്റുകളിൽ ഒതുങ്ങി.

സഖ്യമൊഴിഞ്ഞ കോൺഗ്രസ്
രാജ് താക്കറെയുമായി ഉദ്ധവ് കൈകോർത്തതോടെ കോൺഗ്രസ് മുംബൈയിലും മഹാരാഷ്ട്രയുടെ പല മേഖലകളിലും സഖ്യം വെടിഞ്ഞു. ഉത്തരേന്ത്യൻവിരുദ്ധനായ രാജിനോടു ചേർന്നുനിന്നാൽ തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന നിഗമനത്തിലാണ് കോൺഗ്രസ് ഒറ്റയ്ക്കു നീങ്ങിയത്.  

  ചിതറിയ മുസ്‌ലിം വോട്ടുകൾ
കോൺഗ്രസിനോടു ചേർന്നുനിന്നിരുന്ന മുസ്‌ലിം വോട്ടുകൾ ചിതറി. ബിജെപിയുടെ ബി ടീം എന്ന ആരോപണം നേരിടുന്ന അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം നൂറിലേറെ സീറ്റുകളിൽ ജയിച്ച് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മുസ്‌ലിം പാർട്ടിയായി. മുസ്‌ലിംലീഗ് ഒറ്റയ്ക്കു മത്സരിച്ച് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിൽ 4 സീറ്റിൽ വിജയിച്ചു. ന്യൂനപക്ഷ പിന്തുണയുള്ള സമാജ്‌വാദി പാർട്ടിയും സ്വന്തം നിലയ്ക്കു മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകളെ ചിതറിച്ചു.   

ദലിത് വോട്ടുകളുടെ വിഭജനം
ഡോ. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കറുടെ ദലിത് പാർട്ടിയുമായി മുംബൈയിൽ സഖ്യമുണ്ടാക്കിയ കോൺഗ്രസ് അദ്ദേഹത്തിന്റെ വിബിഎയ്ക്ക് 46 സീറ്റുകൾ നൽകിയെങ്കിലും അവർ ഒരിടത്തുപോലും ജയിച്ചില്ല. പല ചെറുനേതാക്കളും പാർട്ടികളുമായി ദലിത് വോട്ടുകളും ഭിന്നിച്ചിരിക്കുന്നു. മുംബൈ, നാസിക്, സോലാപുർ എന്നിങ്ങനെ വേരോട്ടമുള്ള പോക്കറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് എവിടെയും നേട്ടമുണ്ടാക്കാനായില്ല.  

ഏക്നാഥ് ഷിൻഡെയുടെ നിലപാട് നിർണായകം
ഒന്നിച്ചു നിന്നിരുന്നെങ്കിൽ
ബാൽ താക്കറെ സ്ഥാപിച്ച ശിവസേന മൂന്നായി പിളർന്നെങ്കിലും മുംബൈയിൽ മൂന്നു പാർട്ടികളും ജയിച്ച സീറ്റുകൾ ചേർത്തുവച്ചാൽ 100 ആയി. ഉദ്ധവ് വിഭാഗം ശിവസേന– 65, രാജ് താക്കറെയുടെ എംഎൻഎസ്– 6, ബിജെപി  സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേന– 29 എന്നതാണ് സീറ്റുനില. ബിജെപിക്ക് 89 സീറ്റാണ് നേടാനായത്. മൂന്നു സേനകൾ ഒന്നിച്ചാൽ ബിജെപിക്കു വീണ്ടും വെല്ലുവിളി ഉറപ്പ്.  

പിണക്കം മറന്ന് ഒന്നിച്ചിട്ടും നേട്ടം ഉണ്ടാക്കാനാകാതെ ഉദ്ധവ് താക്കറെ, രാജ്  താക്കറെ
റിസോർട്ട് രാഷ്ട്രീയം
വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണം പിടിക്കാനാകില്ല. അധികാര വീതംവയ്പിലേക്കു കടക്കാനിരിക്കെ ഷിൻ‍ഡെ വിഭാഗം കോർപറേറ്റർമാരെ ഹോട്ടലിലേക്കു മാറ്റിയത് എൻഡിഎ ജയത്തിനു മങ്ങലേൽപിച്ചു. മേയർപദം ഉൾപ്പെടെ സുപ്രധാന പദവികൾക്കായുള്ള ഷിൻഡെയുടെ സമ്മർദതന്ത്രത്തിന്റെ ഭാഗമാണ് റിസോർട്ട് രാഷ്ട്രീയമെന്നാണ് വിലയിരുത്തപ്പെടുന്നത്. English Summary:
BJP\“s Rise in Maharashtra Politics: BJP Victory in Mumbai marks a significant shift in Maharashtra politics, with the party gaining control of the Mumbai Municipal Corporation. This victory underscores Devendra Fadnavis\“s strategic leadership and the BJP\“s growing influence in the state. The political landscape in Maharashtra is changing with the BJP’s increased dominance.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160861