LHC0088 • 1 hour(s) ago • views 323
താമരശ്ശേരി ∙ അതിരാവിലെ അപകടങ്ങൾ സൃഷ്ടിച്ചും അക്രമം കാണിച്ചും യുവാവ് നടത്തിയ പരാക്രമം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതി വെളിമണ്ണ എലിയൻപറമ്പിൽ മുഹമ്മദ് റാസിഖിനെ (25) പൊലീസ് തിരയുന്നു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് യുവാവിന്റെ പരാക്രമത്തിന്റെ തുടക്കം. താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട പിക്കപ് എടുത്തുകൊണ്ടു പോകുന്ന വഴി ഓമശ്ശേരി വെളിമണ്ണയിൽ നിർത്തിയിട്ട കാറിനെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന എരയച്ചൻ വീട്ടിൽ അബ്ദുൽ ജബാറിന്റെ ഗ്രീൻ പ്ലസ് വെളിച്ചെണ്ണ മില്ലിന് തീയിട്ടു. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിനും തീ പിടിച്ചു. തീ പടരുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതി സ്ഥലം വിട്ടു.
ഓമശ്ശേരി മങ്ങാട്ടുള്ള പെട്രോൾ പമ്പിൽ എത്തിയതോടെ പ്രതി ഉപയോഗിച്ച പിക്കപ്പിന്റെ ടയർ പൊട്ടുകയും ഇതോടെ പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ് എടുത്ത് സ്ഥലം വിടുകയും ചെയ്തു. പിക്കപ് വെളിമണ്ണയിൽ സ്വന്തം വീടിന്റെ പോർച്ചിലേക്ക് ഇടിച്ചു കയറ്റി. ഇതു കണ്ട് പുറത്തു വന്ന പിതാവിനോട് അതിക്രമം കാണിച്ച് അവിടെ നിന്ന് മുങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. പിക്കപ്പിനെ പിന്തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് നിർത്തിയിട്ടിരിക്കുന്നത് പ്രതിയുടെ വീട്ടിൽ തന്നെയാണെന്ന് അറിയുന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
ഇന്നലെ പുലർച്ച 2ന് ആണ് വെളിമണ്ണ കൂടത്തായി റോഡിലെ കിഴക്കെ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിനെ ഇടിച്ച് എതിർവശത്തേക്കു മറിച്ചിട്ടത്. പൂർവ വൈരാഗ്യം മൂലം ഇടിപ്പിച്ചാതണന്നാണ് കാർ ഉടമ അബിൻ ചന്ദ്ര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറിൽ മൂന്നു നാല് തവണ പിക്കപ് ഇടിപ്പിച്ച് ഏതിർവശത്തെ പറമ്പിലേക്ക് മറിച്ചിടുകയായിരുന്നു. റോഡരികിലെ സുരക്ഷാ പില്ലറും നശിപ്പിച്ചു. പുലർച്ച 3ന് ആണ് വെളിമണ്ണ അങ്ങാടിക്കു സമീപം എരയച്ചൻ വീട്ടിൽ ഇ.പി.അബ്ദുൽ റസാഖിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ പ്ലസ് കോക്കനട്ട് ഓയിൽ മിൽ കത്തിച്ചത്. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ഡീസൽ ഊറ്റി എടുത്താണ് ഓയിൽ മില്ലിന് തീ വച്ചത്. മെയിൻ സ്വിച്ചും മറ്റും പ്രവർത്തിക്കുന്ന ഭാഗത്താണ് തീ കത്തിയത്. 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മിൽ ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആംബുലൻസ് കത്തി 30,000 രൂപയും സമീപത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനത്തിന്റെ ഡീസൽ ടാങ്ക് തുറന്ന് ഡീസൽ എടുത്തത് ഉൾപ്പടെ ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. ഓയിൽ മിൽ കത്തുന്നത് കണ്ട് നാട്ടുകാർ വളിച്ച് അറിയിച്ചിതിനെ തുടർന്ന് ഇവിടെ നിന്നും 500 മീറ്ററോളം ദൂരത്ത് താമസിക്കുന്ന അബ്ദുൽ റസാഖ് ഓടിയെത്തുമ്പോഴേക്കും നാട്ടുകാർ തീ അണയ്ക്കുകയായിരുന്നു. ADVERTISEMENT Go AD-FREE
ഇവിടെ നിന്ന് മങ്ങാട് പെട്രോൾ പമ്പിൽ എത്തിയ പ്രതി ക്രഷറിൽ വെള്ളം അടിക്കുന്ന പിക്കപ്പ് എടുത്താണ് സ്ഥലം വിട്ടത്. ഇന്നലെ പുലർച്ചെ ഒന്നോടെ ചുങ്കത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസ് എടുത്തുകൊണ്ട് പോകാൻ ശ്രമിച്ചത് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് നടക്കാതെ വന്നപ്പോൾ തൊട്ടടുത്ത് കിടന്നിരുന്ന പിക്കപ് എടുത്ത് സ്ഥലം വിടുകയായിരുന്നു. ഇന്നലെ രാവിലെ 10ന് ശേഷം താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫിസിനടുത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ സീറ്റുകൾ കുത്തിക്കീറിയ നിലയിൽ കണ്ടെത്തിട്ടുണ്ട്. പ്രതിയുടെ ഫോട്ടോ കണ്ട ചിലർ പ്രതിയ ഈ ഭാഗത്ത് കണ്ടതായും പറയുന്നു. താമരശ്ശേരി ഇൻസ്പെക്ടർ ജയന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുബിൻ ബിജു,വി.കെ.റസാഖ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. English Summary:
Thamarassery witnessed a terrifying morning rampage by a 25-year-old youth, Muhammed Rasik, who caused extensive damage to vehicles and set fire to a coconut oil mill. Police are actively searching for the accused who fled the scene after his destructive spree. |
|