search

യുഎസ് തീരുവ വിധി: നേട്ടം ഈ മേഖലകൾക്ക്; കേരളത്തിനും ആശ്വാസമുണ്ട്, പക്ഷേ: ഡോ. കെ.എൻ. രാഘവൻ

Chikheang 1 hour(s) ago views 280
  



പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ‌ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധി ഇന്ത്യയ്ക്ക് വൻ നേട്ടമാകുമെന്ന് സാമ്പത്തിക നിരീക്ഷകനും സീഫൂഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎഐ) സിഇഒയുമായ ഡോ.കെ.എൻ. രാഘവൻ. പകരംതീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനങ്ങളും കോടതി പിന്നീട് അതു റദ്ദാക്കിയതുമെല്ലാം യുഎസിന്റെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടാൻ ഇടയാക്കിയെന്നും ഡോ. രാഘവൻ ‘മനോരമ ഓൺലൈനിന്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ALSO READ

  • ഇന്ത്യയ്ക്ക് ഇനി തീരുവ 50 അല്ല, 25 അല്ല, 18 ശതമാനവുമല്ല, വെറും 3%; കുഴപ്പിച്ച് ട്രംപിന്റെ പുതിയ പ്രഖ്യാപനം, ഡീലെല്ലാം പൊളിഞ്ഞു Economy
      

         
    •   
         
    •   
        
       


∙ ട്രംപിന്റെ പകരംതീരുവ കോടതി അസാധുവാക്കി, ഇന്ത്യയ്ക്ക് തീരുവ 10 ശതമാനമായി കുറച്ചു. കയറ്റുമതി രംഗത്ത് എതിരാളികൾക്കും ഇതേ തീരുവയാണ് ഇനി ബാധകം, ഫലത്തിൽ ഇന്ത്യയ്ക്ക് ഇതു നേട്ടമാണോ?

- തീരുവ എല്ലാവർക്കും 10 ശതമാനമാണെങ്കിലും ഇന്ത്യയ്ക്ക് വൻ നേട്ടമാണ്. ആദ്യം 26 ശതമാനമായിരുന്ന പകരം തീരുവയാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ പിന്നീട് 50 ശതമാനമാക്കിയത്. ഇത് ഇന്ത്യയുടെ ഒട്ടുമിക്ക കയറ്റുമതി കമ്പനികളെയും സാരമായി ബാധിച്ചു. എതിരാളികളെല്ലാം അതു നേട്ടമാക്കി. ഈ സാഹചര്യത്തിൽ തീരുവ 50ൽ നിന്ന് 10 ശതമാനമാകുന്നത് ഗുണം ചെയ്യും. ഇക്കാര്യത്തിൽ പക്ഷേ ആശയക്കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നുന്നു. ട്രംപ് നേരത്തേ 18 ശതമാനമാണ് ഇന്ത്യയ്ക്ക് തീരുവയെന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു 10% എന്ന്. നിലവിലെ അടിസ്ഥാന തീരുവയ്ക്ക് (എംഎഫ്എൻ) പുറമേയാമോ ഈ പത്ത്? അതോ ആകെ 10 ശതമാനമാണോ? ‌വ്യക്തത വരുത്തേണ്ടത് കേന്ദ്ര വാണിജ്യ മന്ത്രാലയമാണ്. സെക്ഷൻ 122 പ്രകാരം 150 ദിവസത്തേക്ക് മാത്രമാണ് ഈ 10% തീരുവ ബാധകം. ഇതു മറികടക്കാൻ ട്രംപ് എന്തു ചെയ്യുമെന്ന് കണ്ടറിയണം.

∙ ഇന്ത്യയും യുഎസും വ്യാപാരക്കരാറിലേക്ക് കടക്കാൻ ധാരണയിലെത്തിയിട്ടുണ്ടല്ലോ. ഇടക്കാല കരാർ ഒപ്പുവയ്ക്കുംമുൻപ് ഇനി തീരുവകളിൽ മാറ്റം പ്രതീക്ഷിക്കാമോ? ഇന്ത്യയ്ക്ക് മേൽക്കൈയുണ്ടോ? ADVERTISEMENT Go AD-FREE

- ട്രംപ് രണ്ടാമതും അധികാരത്തിലേറുംമുൻപ് യുഎസിൽ പകരംതീരുവ ഉണ്ടായിരുന്നില്ല. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടപ്രകാരം ഓരോ രാജ്യത്തിനുംമേൽ തീരുവ ചുമത്താൻ പാടില്ല. ട്രംപ് ഇവിടെ ഉൽപന്ന/സേവനങ്ങൾക്ക് പകരം രാജ്യങ്ങൾക്കാണ് തീരുവ ചുമത്തിയത്. ഇതാണ് ഇപ്പോൾ കോടതി റദ്ദാക്കിയതും. നിലവിൽ‌ ഒരു രാജ്യവും യുഎസുമായി വ്യാപാരക്കരാറിൽ എത്തിയിട്ടില്ല. ഏകദേശ ധാരണ മാത്രമേയുള്ളൂ.

വ്യാപാരക്കരാർ ഒപ്പുവയ്ക്കുന്നത് നീണ്ട പ്രവൃത്തിയാണ്. സമയമെടുക്കും. കരാറിലെത്തിയാൽ, ട്രംപിന് അതത് രാജ്യങ്ങൾക്ക് പ്രത്യേകം തീരുവ പ്രഖ്യാപിക്കാൻ കഴിയും. പകരംതീരുവ പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസിനെയും സമീപിക്കാം. പക്ഷേ, അവിടെ ട്രംപിന് ഭൂരിപക്ഷമില്ലെന്നത് പ്രശ്നമാണ്. കോടതി വിധി ഇന്ത്യയ്ക്ക് അനുകൂലമാണെങ്കിലും വ്യാപാരക്കരാർ ചർച്ചകളിൽ യുഎസിന്റെ മേധാവിത്തം മായുമെന്ന് തോന്നുന്നില്ല. അവർ ഇനി കൂടുതൽ ജാഗ്രതയോടെ അവർക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാനാകും ശ്രമിക്കുക.

∙ പകരംതീരുവ കുറയുമ്പോൾ വ്യാപാരക്കരാറിന്റെ പ്രസക്തി എന്താണ്?

- വ്യാപാരക്കരാർ വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വ്യാപാര, വാണിജ്യ, നികുതി വിഷയങ്ങളിൽ ‘‘വ്യക്തതയും സ്ഥിരതയും’’ പ്രധാനമാണ്. ഇല്ലെങ്കിൽ വാങ്ങുന്നവരും (ഇറക്കുമതി) വിൽക്കുന്നവരും (കയറ്റുമതി) ആശയക്കുഴപ്പത്തിലാകും. ഒരു കരാറുണ്ടാകുമ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ വ്യക്തവും കൃത്യവുമായ ധാരണയിലാണ് എത്തുന്നത്. ഉദാഹരണത്തിന്, ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കരാർ ഒപ്പുവച്ചു. ഇന്ത്യയുടെ കൃഷി ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളെ സംരക്ഷിച്ചുകൊണ്ടാണ് ആ കരാർ. യൂറോപ്യൻ യൂണിയനും അവരുടെ കാതൽമേഖലകളിൽ‌ ഇന്ത്യയ്ക്ക് ഒരു ‘ഈസി എൻട്രി’ തരുന്നില്ല. യുഎസുമായുള്ള ഡീലിലും ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകളിലെ ഒഴിവാക്കിയെന്നാണ് കേന്ദ്രം പറയുന്നത്.‌ ADVERTISEMENT Go AD-FREE

∙ പകരംതീരുവ റദ്ദായതോടെ ഇനി ഇന്ത്യയ്ക്ക് സമ്മർദമില്ലാതെ റഷ്യൻ എണ്ണ വാങ്ങാനാകുമോ?

- റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണ് ട്രംപ് ഇന്ത്യയ്ക്ക് 25% പെനാൽറ്റി ഉൾപ്പെടെ 50% തീരുവ ചുമത്തിയതെന്ന് ഞാൻ കരുതുന്നില്ല. ട്രംപ് അതൊരു കാരണമാക്കിയെന്ന് മാത്രമേയുള്ളൂ. വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യ യുഎസിന്റെ പല ആവശ്യങ്ങൾക്കും വഴങ്ങിയിരുന്നില്ല. മറ്റ് ഒട്ടേറെ വിഷയങ്ങളിൽ ട്രംപിനെ പിന്തുണച്ചിരുന്നുമില്ലെന്ന് നമുക്കറിയാം. വ്യാപാരക്കരാർ എന്നാൽ ഉൽപന്ന കച്ചവടത്തെ മാത്രം ആശ്രയിച്ചല്ലല്ലോ. പ്രതിരോധ ഇടപാടുകളും പ്രധാനമാണ്. ലോകത്തെ പ്രതിരോധ ഉൽപന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യയാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്രോതസ്സ്. തീരുവ ചുമത്തുന്നതിൽ ട്രംപ് ഇതും പരിഗണിച്ചിരിക്കാം.

∙ കേരളത്തിന് ഈ പുതിയ തീരുവ മാറ്റങ്ങൾ എത്രത്തോളം ഗുണം ചെയ്യും?

- കേരളത്തിലെ സമുദ്രോൽപന്നം, കയർ, സ്പൈസസ്, ജെം ആൻഡ് ജ്വല്ലറി, വസ്ത്രം തുടങ്ങിയ മേഖലകൾക്ക് വലിയ നേട്ടമാണ് തീരുവയിലുണ്ടാകുന്ന കുറവ്. യുഎസ് എപ്പോഴും മികച്ചൊരു മാർക്കറ്റ് ആണെന്നതും പ്രധാനമാണ്. നല്ല വിലയും വരുമാനവും ലഭിക്കുമെന്നത് മാത്രമല്ല നിലവാരത്തിലെ വിശ്വാസ്യത നിലനിർത്താനും സഹായിക്കും. അവരുമായുള്ള വ്യാപാര ബന്ധം എപ്പോഴും നേട്ടമാകും. എന്നാൽ, അടിക്കടിയുണ്ടാകുന്ന തീരുവ മാറ്റങ്ങൾ ആഗോളതലത്തിൽ യുഎസിന്റെ വിശ്വാസ്യതയെ ബാധിച്ചേക്കാം. നേരത്തേ ട്രംപ് പകരംതീരുവ പ്രഖ്യാപിക്കുമ്പോൾ അതത് രാജ്യങ്ങൾക്ക് മാത്രമായിരുന്നു അത് അസ്വസ്ഥത സൃഷ്ടിച്ചത്. ഇപ്പോഴത്തെ സംഭവവികാസം ആഗോള സാമ്പത്തികമേഖലയിൽ ഒന്നാകെയാണ് മാറ്റം സൃഷ്ടിച്ചിരിക്കുന്നത്. ADVERTISEMENT GO AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity English Summary:
Will the US Supreme Court’s strike-down of Trump’s high tariffs spark a new gold rush for Indian exporters? - In an exclusive chat, Dr. K.N. Raghavan explains
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165713