കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഊന്നിയാണ് ഡപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ പ്രഥമ ബജറ്റ് അവതരിപ്പിച്ചത്. നഗരവാസികൾക്കു 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുമെന്ന ഉറപ്പ് ബജറ്റിലും ആവർത്തിക്കുന്നുണ്ട്. ഇതിനു വേണ്ടി 145 കോടി രൂപയാണ് വകയിരുത്തിയത്. നഗരം അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള ശ്രമം ബജറ്റിൽ തെളിയുന്നുണ്ട്. ‘ ആദ്യം ജീവൻ സംരക്ഷിക്കുക, ദിനസമസ്യകൾ പരിഹരിക്കുക, നഗരത്തിന്റെ സാമ്പത്തിക ശക്തി ഉറപ്പാക്കുക, ശേഷം ഭാവിയിലെ കൊല്ലം നിർമിക്കുക’ എന്ന ലക്ഷ്യമാണ് ബജറ്റ് വിഭാവന ചെയ്യുന്നത്.
ഞാങ്കടവ് പദ്ധതി
നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 566 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്നതാണ് ഞാങ്കടവ് കുടിവെള്ള പദ്ധതി. 2018 സെപ്റ്റംബറിൽ നിർമാണം തുടങ്ങിയ പദ്ധതി 2022ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഏറ്റവും പ്രധാന ഘട്ടമായ തടയണ നിർമാണത്തിനുള്ള രൂപരേഖ പോലും ഇതുവരെ ആയില്ല.കല്ലടയാറ്റിലെ ഞാങ്കടവിൽ തടയണ നിർമിച്ചു വെള്ളം കെട്ടിനിർത്തി കിളികൊല്ലൂർ വസൂരിച്ചിറയിൽ പ്ലാന്റിൽ എത്തിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി. പൂർത്തിയാകേണ്ടിയിരുന്ന കാലാവധി കഴിഞ്ഞ് 3 വർഷം പിന്നിട്ടിട്ടും തടയണയുടെ നിർമാണം തുടങ്ങാൻ പോലും കഴിഞ്ഞില്ല. ഇതു പരിഹരിച്ചു പദ്ധതി നടപ്പാക്കുമെന്നാണ് ബജറ്റിൽ ഉറപ്പു നൽകുന്നത്. അതേസമയം, തടയണ നിർമിക്കാതെ തന്നെ ജൂലൈയിൽ പമ്പിങ് ആരംഭിക്കും. 950 കുതിരശക്തിയുള്ളത് ഉൾപ്പെടെ 15 പമ്പുകളാണ് ഞാങ്കടവിലും വസൂരിച്ചിറയിലുമായി വേണ്ടി വരുന്നത്. 4 മാസത്തിനകം പമ്പ് സെറ്റുകൾ ലഭിക്കുന്നതോടെ പമ്പിങ് നടത്തി ജലവിതരണം തുടങ്ങാൻ കഴിയും. ADVERTISEMENT Go AD-FREE
എന്നാൽ, വേനൽക്കാലത്ത് വെള്ളം പമ്പ് ചെയ്യണമെങ്കിൽ തടയണ നിർമിക്കേണ്ടതുണ്ട്. ഞാങ്കടവ് പദ്ധതിയിൽ കടവൂർ,കരിക്കോട് മേഖലയെയും ഉൾപ്പെടുത്തുമെന്നു ബജറ്റിൽ പറയുന്നുണ്ടെങ്കിലും ഇതിനു കാലതാമസം ഉണ്ടാകും. അഞ്ചാലുംമൂട്ടിൽ സംഭരണി നിർമിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും അയത്തിൽ, കല്ലുംതാഴം വഴി കടവൂരിലേക്കു പൈപ്പ് സ്ഥാപിക്കുന്നതിനു ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചില്ല. ദേശീയപാത ഒഴിവാക്കി പകരം സ്ഥലം കണ്ടെത്തേണ്ടതുണ്ട്.
എലിവേറ്റഡ് ഫ്ലൈഓവർ
നഗരവികസനത്തെ ഏറെ പ്രതികൂലമായി ബാധിച്ച പദ്ധതിയാണ് ചിന്നക്കടയിലെ അടിപ്പാത നിർമാണം. ഇതു പൊളിച്ചു നീക്കി തൂണുകളിൽ പാലം നിർമിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ബജറ്റിൽ തന്നെ ഇതിനുള്ള നടപടി തുടങ്ങുന്നതു നേട്ടമാകും. റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നു താലൂക്ക് ഓഫിസ് ജംക്‌ഷൻ വരെ നീളുന്ന എലിവേറ്റഡ് ഫ്ലൈഓവർ ആണ് വിഭാവന ചെയ്യുന്നത്. എസ്എംപി പാലസ് ഗേറ്റ് നിരന്തരം അടച്ചിടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് എസ്എംപി പാലസ് മുതൽ തൂണുകളിൽ പാലം നിർമിച്ച് ചിന്നക്കടയിൽ എലിവേറ്റഡ് ഫ്ലൈ ഓവറിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. ഇതിന്റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. ADVERTISEMENT Go AD-FREE
അറവുശാല
ഒരു പതിറ്റാണ്ടിലേറെയായി അടച്ചിട്ടിരിക്കുകയാണ് കോർപറേഷന്റെ അറവുശാല. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടം കോർപറേഷന് ഉണ്ടായി. ആധുനിക അറവുശാല നിർമിക്കുന്നതിനു മൊത്തം തുകയുടെ (77.30 ലക്ഷം) 50% ആയ 38.65 ലക്ഷം രൂപ 2011ജനുവരി 5നു നഗരകാര്യ ഡയറക്ടർ കൊല്ലം കോർപറേഷനു കൈമാറിയിരുന്നു. ഈ തുക 2019 വരെ ഉപയോഗിക്കാതെ നഗരസഭയുടെ അക്കൗണ്ടിൽ കിടന്നു.
തുടർന്നുള്ള 2 സാമ്പത്തിക വർഷങ്ങളിൽ 2 പദ്ധതികൾ തയാറാക്കി. മരാമത്ത് പണികളുടെ പേരിൽ 26,30,946 രൂപ ചെലവഴിച്ചു. മലിനജലം ഒഴുകിപ്പോകുന്നതിന് ഇഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന് 25.21 ലക്ഷം ചെലവഴിച്ചു. അറവുശാല പ്രവർത്തിക്കുമ്പോൾ ആവശ്യമായി വരുന്ന ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് 1.59 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. ആകെ 53.11ലക്ഷം രൂപ ചെലവഴിച്ചിട്ടും അടഞ്ഞുകിടക്കുന്ന അറവുശാലയ്ക്കു പകരം പുതിയ സ്ഥലം വാങ്ങി ബെൽജിയം മാതൃകയിലുള്ള അറവുശാല നിർമിക്കാനാണ് പദ്ധതി. ADVERTISEMENT GO AD-FREE
മറ്റു ശ്രദ്ധേയ പദ്ധതികൾ
നഗരവാസികൾക്കു ഭീഷണിയായി മാറിയ തെരുവുനായകളെ ഷെൽട്ടർ നിർമിച്ച് പുനരധിവസിപ്പിക്കും എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ 2 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഷെൽട്ടർ നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെത്തുന്നവർക്കു പ്രാഥമിക ആവശ്യത്തിന് വൃത്തിയുള്ള ശുചിമുറി ഇല്ലെന്ന പരാതിക്കു പരിഹാരമായാണ് സെൻസർ അടിസ്ഥാനത്തിലുള്ള ആധുനിക ആസ്പിറേഷൻ ടോയ്‌ലറ്റുകൾക്കു പണം വകയിരുത്തിയത്. കന്യാകുമാരി മാതൃകയിൽ ‘സൺസെറ്റ് സിറ്റി’ പദ്ധതി തുടങ്ങുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു വഴി തുറക്കും. കൊല്ലത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ കുറഞ്ഞു വരുന്ന പ്രവണതയാണ് നിലവിൽ. English Summary:
The Kollam Corporation Budget, presented by the Deputy Mayor, allocates ₹145 crore to ensure 24-hour drinking water and focuses on key UDF manifesto promises. The budget also outlines major infrastructure projects, including a new elevated flyover at Chinnakada and a modern slaughterhouse, to address long-standing civic issues. |
|