ചെറുവത്തൂർ ∙ ചീമേനി നിടുമ്പയിൽ വീട്ടിൽ നിന്ന് 80 പവൻ സ്വർണവും വെള്ളിപ്പാത്രങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതികളെ ഇനിയും കണ്ടെത്തിയില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നിടുമ്പയിലെ മുകേഷിന്റെ വീട്ടിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിന് വാതിൽ തകർത്ത് അകത്ത് കയറി പട്ടാപ്പകൽ സ്വർണവും വെള്ളിയും കവർന്നത്. വീട്ടിൽ പശുവിനെ നോക്കാൻ വന്ന നേപ്പാൾ സ്വദേശി ചക്രശാഹി ഭാര്യ ഇഷ ചൗധരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ച നടത്തിയ സംഘം ഓട്ടോയിലാണ് രക്ഷപ്പെട്ടത്. എന്നിട്ടുപോലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണെന്നാണ് വീട്ടുകാർ പറയുന്നത്.
അപ്പോഴേക്കും പ്രതികൾ സംസ്ഥാനം വിട്ടിരുന്നു എന്ന് വേണം കരുതാൻ എന്നാണ് വീട്ടുകാർ പറയുന്നത്. മാസങ്ങൾക്ക് മുൻപ് വീട്ടിൽ പശു പരിപാലനത്തിന് എത്തിയ ചക്ര ശാഹിയും ഭാര്യയും വീട്ടുകാർ കണ്ണൂരിലേക്ക് പോയ വേളയിൽ കൂടെ ഉള്ള സംഘത്തിന് വിവരം നൽകി അവർ എത്തിയാണ് വാതിൽ തകർത്ത് സ്വർണവും വെള്ളിയും കവർച്ച നടത്തിയതെന്നു കരുതുന്നു. സംഘം നീലേശ്വരം വരെ ഓട്ടോയിൽ കയറി പോയി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. നേപ്പാളിലെ കവർച്ച സംഘങ്ങളിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ നേപ്പാളിൽ എത്തി പിടികുടണമെങ്കിൽ കടമ്പകൾ ഏറെയുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
സംഘത്തിൽപ്പെട്ട ഒരാളെ പൂണെയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചീമേനിയിൽ കൊണ്ട് വന്ന് ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. കവർച്ച സംഘത്തെ സംബന്ധിച്ച വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും ഇവരെ പിടികൂടാനുള്ള സാങ്കേതികത്വം പൊലീസിനെ ബുദ്ധിമുട്ടിലാക്കി. ഇപ്പോൾ കവർച്ച നടന്ന് വർഷം ഒന്നു കഴിഞ്ഞു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നാണ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് വീട്ടുടമ മുകേഷ് പറഞ്ഞു. English Summary:
This news report covers an unsolved gold theft case in Cheruvathur where 80 sovereigns of gold and silver vessels were stolen from a house a year ago. The investigation is now with the Crime Branch as the perpetrators, believed to be a gang from Nepal, remain at large. |
|