∙ ലോകഭൂപടത്തിൽ ശത്രുരാജ്യങ്ങളില്ലാത്ത, സമാധാനത്തിന്റെ പര്യായമായി അറിയപ്പെടുന്ന യുഎഇയിൽ യുദ്ധം എന്നത് സ്വദേശികൾക്കും പ്രവാസികൾക്കും കേട്ടുകേൾവി മാത്രമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഉയർന്ന വെല്ലുവിളികളെ യുഎഇ നേരിട്ട രീതി മാതൃകാപരമാണ്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു നൂറുകണക്കിന് ആക്രമണശ്രമങ്ങളെ വിജയകരമായി തടഞ്ഞുനിർത്താൻ സൈന്യത്തിനും പ്രതിരോധ സംവിധാനങ്ങൾക്കും കഴിഞ്ഞത് ഈ രാജ്യത്തിന്റെ കരുത്തിന്റെ തെളിവാണ്. ആകാശത്തിലും കടലിലും വച്ചുതന്നെ ഭീഷണികളെ നിർവീര്യമാക്കാൻ കഴിയുന്ന പ്രതിരോധ കവചം കേവലം സാങ്കേതികവിദ്യയുടെ മികവ് മാത്രമല്ല, മറിച്ച് ഈ നാടിന്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും കൂടിയാണ്. മനുഷ്യശക്തിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സംയോജനം യുഎഇയുടെ പ്രതിരോധരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തം ജീവൻ പണയംവച്ച് നമ്മെ സംരക്ഷിക്കുന്ന യുഎഇയുടെ സേനയ്ക്കു പ്രവാസികളുടെ സല്യൂട്ട്. ഒറുവിൽ ശിഹാബ് (ദുബായിൽ ബിസിനസ്, വെട്ടിച്ചിറ കുടശ്ശേരിപ്പാറ സ്വദേശി)
കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റും ദുബായ് കിരീടാവകാശിയും സാധാരണക്കാരെപ്പോലെ ദുബായ് മാളിൽ എത്തിയ കാഴ്ച കണ്ടു. ഒരു ഭരണാധികാരി തന്റെ ജനങ്ങൾക്കിടയിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങിവരുന്നത് അവർ നൽകുന്ന സുരക്ഷിതബോധത്തിന്റെ ശക്തമായ സന്ദേശമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് യുഎഇയുടെ മുന്തിയ പരിഗണന. ദീർഘദർശനമുള്ള ഭരണാധികാരികളാണ് ഞങ്ങളുടെ ഭാഗ്യം. ഇവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും യുഎഇ രണ്ടാമത്തെ വീടാണ്. സമാധാനപരമായി ജീവിക്കുന്ന പ്രവാസികൾ ഈ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാണ്. വ്യാജ വാർത്തകൾ നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾക്ക് അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. രാജ്യത്തിന്റെ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുണ്ട്. ഈ രാജ്യത്തിന്റെ സുരക്ഷയ്ക്കും നല്ല ഭാവിക്കും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.
ജനങ്ങളുമായി എപ്പോഴും സമ്പർക്കംപുലർത്തുന്ന ഒമാൻ ഭരണകൂടം
∙ ഒമാൻ ഇറാനുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ഇറാന്റെ ആക്രമണം അവർ പ്രതീക്ഷിച്ചിരുന്നില്ല. രാജ്യങ്ങളുമായി സമാധാന സന്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒമാൻ, അമേരിക്കയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാധാന ചർച്ചയ്ക്ക് ഇറാനുവേണ്ടി മധ്യസ്ഥത വഹിച്ചതുമാണ്. നിലവിലെ ആക്രമണങ്ങളിൽ കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. ജനങ്ങളുമായി എപ്പോഴും സമ്പർക്കം പുലർത്തുന്ന ഒമാൻ ഭരണകൂടം ഒരാളും ആശങ്കപ്പെടേണ്ടതില്ല എന്നും ജനങ്ങളുടെ സുരക്ഷയ്ക്കും മറ്റുമായി വേണ്ടതെല്ലാം ചെയ്തിട്ടുണ്ട് എന്നും അറിയിച്ചിരുന്നു. പെട്ടെന്നുണ്ടായ വിമാനം റദ്ദാക്കലും മറ്റും ചെറിയ രീതിയിൽ ജനങ്ങൾക്ക് പ്രയാസമുണ്ടായി. അതെല്ലാം പരിഹരിക്കുകയും ചെയ്തു. പി.കെ.മുഹമ്മദ് ഷരീഫ് (ഒമാനിൽ ജോലി ചെയ്യുന്നു. ആതവനാട് മാട്ടുമ്മൽ സ്വദേശി)
റമസാൻ പകുതിയോടടുക്കുമ്പോൾ പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ കടകളിൽ തിരക്ക് അനുഭവപ്പെടേണ്ട ഈ സമയത്ത് അപ്രതീക്ഷിതമായുണ്ടായ ആക്രമണങ്ങൾ ജനങ്ങളെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. സാധനം വാങ്ങാനുള്ള ഒമാനികളുടെ വരവ് ഗണ്യമായി കുറഞ്ഞു. പെരുന്നാൾ അടുക്കുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. മറ്റു രാജ്യങ്ങളിലെപ്പോലെ കൂടുതൽ പരുക്കുകളോ നാശനഷ്ടങ്ങളോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. ADVERTISEMENT Go AD-FREE English Summary:
Iran War : UAE security is paramount and the nation has demonstrated remarkable resilience in the face of unexpected challenges, effectively thwarting numerous missile and drone attacks. The combination of human power and artificial intelligence in the UAE\“s defense sector signifies a strong commitment to the safety and well-being of its residents and expatriates. |