cy520520 • 2025-10-28 09:03:33 • views 978
ഏറെ ആഴമുള്ളതും അത്യധികം പ്രാധാന്യമുള്ളതുമാണ് ലഡാക്ക് ഉയർത്തുന്ന ചോദ്യങ്ങൾ. കുറെ വർഷങ്ങളായി ആ പ്രദേശം അനുഭവിച്ചുവരുന്ന അവഗണനയിൽനിന്നും വാഗ്ദാനലംഘനങ്ങളിൽനിന്നുമാണ് ആ ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ, രാജ്യത്തിന്റെതന്നെ ആശങ്കയാകുന്നൊരു അശാന്ത കാലത്തിലൂടെ ലഡാക്ക് കടന്നുപോകുമ്പോഴും പ്രകോപനപരമായ നടപടികളാണ് കേന്ദ്ര സർക്കാരിൽനിന്നുണ്ടാകുന്നതെന്നാണു പരാതി. ദേശീയസുരക്ഷാനിയമ (എൻഎസ്എ) പ്രകാരം പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികൾ വ്യാപകപ്രതിഷേധത്തിനു കാരണമാകുമ്പോഴും അതിനുനേരെ മുഖംതിരിച്ചിരിക്കുന്നതിനു ന്യായീകരണമില്ല.
- Also Read വാങ്ചുകിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം; ഞങ്ങൾ മുന്നോട്ടുതന്നെ: ഗീതാഞ്ജലി അംഗ്‌മോ
ഒരു പ്രദേശത്തിന്റെ ആവശ്യങ്ങൾ കേട്ട് ന്യായമായ പരിഹാരങ്ങൾ എത്രയുംവേഗം കണ്ടെത്തുന്നതിനുപകരം സ്ഥിതി കൂടുതൽ പ്രശ്നഭരിതമാക്കുന്ന സർക്കാർരീതിയും അതിന്റെ ആപൽക്കരമായ അനന്തരഫലവും മണിപ്പുരിൽ നാം കണ്ടതാണ്. ലഡാക്കിലും ഇതേ സാഹചര്യം ആവർത്തിക്കുകയാണെന്നുവേണം ആശങ്കപ്പെടാൻ. കഴിഞ്ഞ 24ന് ലഡാക്കിലെ ലേയിൽ നടന്ന ഹർത്താൽ അക്രമാസക്തമായതിനെത്തുടർന്നു നടന്ന വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടതും കലാപത്തിന്റെ തീച്ചൂട് ഇപ്പോഴും ഒടുങ്ങാത്തതും ഏറെ ഗൗരവമുള്ളതാണ്.
ലഡാക്കിലെ അശാന്തി ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. 2019ൽ ജമ്മു കശ്മീർ സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതു മുതൽ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും ആവശ്യപ്പെട്ട് ലഡാക്ക് ജനത രംഗത്തുണ്ട്. ഇതിൽ നടപടികൾ വൈകുന്നതാണ് ഇപ്പോൾ കലാപം പൊട്ടിപ്പുറപ്പെടാനുള്ള കാരണമായി കരുതുന്നത്. ലഡാക്കിന്റെ സാംസ്കാരികത്തനിമ പരിരക്ഷിക്കുന്നതും തങ്ങൾക്കു നേരിട്ടു പ്രാതിനിധ്യമുള്ളതുമായ ഒരു സർക്കാർ ഇല്ലാത്തതിൽ ലഡാക്ക് ജനത അസ്വസ്ഥരാണ്. ഇവിടെയെത്തി, ലഡാക്കിന്റെ സവിശേഷസ്വഭാവവും സംസ്കാരവും മാനിക്കാത്തവിധം പരിസ്ഥിതിനാശമടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നവരോടുള്ള പ്രതിഷേധവും ഈ ജനതയിലുണ്ട്.
- Also Read ലഡാക്ക് പ്രക്ഷോഭം: ബിജെപി–ആർഎസ്എസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ
അധികാരികളുടെ അവഗണനയിൽ ഏറ്റവും നിരാശ പുലർത്തുന്നത് യുവജനങ്ങളാണ്. 2019നുശേഷം സർക്കാരിന്റെ ഒറ്റ തൊഴിലവസരംപോലും ഉണ്ടായില്ലെന്ന് അവർ ആരോപിക്കുന്നു. അസ്വസ്ഥരും നിരാശരുമായ ‘ജെൻ സീ’ ആണു പ്രക്ഷോഭം നടത്തിയതെന്ന് സോനം വാങ്ചുക് ചൂണ്ടിക്കാട്ടിയത് മറ്റുവിധത്തിൽ വ്യാഖ്യാനിക്കപ്പെടുകയുണ്ടായി.
ആവശ്യങ്ങളുന്നയിക്കുന്നവരുടെ മുൻനിരയിലുള്ളത് ലഡാക് ഏപെക്സ് ബോഡിയും (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെഡിഎ) ആണ്. സമരനേതാവായ സോനം വാങ്ചുക് വിദേശസംഭാവനച്ചട്ടം ലംഘിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുടെ എഫ്സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) ലൈസൻസ് ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു. വിദേശപണ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ച് സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
എതിർശബ്ദങ്ങളെ ഏതു മാർഗത്തിലും നിശ്ശബ്ദമാക്കുന്ന അധികാരരീതിയാണ് സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ തെളിയുന്നത് എന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ അറസ്റ്റ് അതുകൊണ്ടുതന്നെയാണു വലിയ പ്രതിഷേധത്തിനു കാരണമാകുന്നതും. വാങ്ചുക്കിനു പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം ഭാര്യ ഗീതാഞ്ജലി അംഗ്‌മോ നിഷേധിക്കുന്നു. ദേശീയതയ്ക്കുവേണ്ടിയും അഖണ്ഡതയ്ക്കുംവേണ്ടിയും നിലകൊള്ളുന്ന അദ്ദേഹത്തിൽ അതിനു വിരുദ്ധമായ കാര്യങ്ങൾ ആരോപിക്കപ്പെട്ടതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ലഡാക്കിലെ പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനു പിഴവുപറ്റിയെന്നു കോൺഗ്രസും ആംആദ്മി പാർട്ടിയും കുറ്റപ്പെടുത്തുന്നു. ലഡാക്ക് ജനതയെയും സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. ബിജെപിക്ക് അധികാരം ലഭിക്കാത്തതാണോ ജമ്മു കശ്മീരിനു സംസ്ഥാനപദവി നൽകാൻ തടസ്സമെന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ചോദിച്ചതുകൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം.
ഇന്ത്യയുടെ സുരക്ഷയിൽ നിർണായകപ്രാധാന്യമുള്ള ഈ പ്രദേശത്തെ അസ്വസ്ഥത കൂടുതൽ വളരാത്തവിധത്തിൽ എത്രയുംവേഗം പരിഹാരം കാണാൻ ഇനിയും വൈകിക്കൂടാ. രാഷ്ട്രീയ താൽപര്യങ്ങൾക്കും പ്രതികാരനടപടികൾക്കും പകരം, ആ ജനതയെ വിശ്വാസത്തിലെടുത്ത്, ഫെഡറലിസത്തിന്റെ മൂല്യം തിരിച്ചറിയുന്ന നടപടികളാണ് കേന്ദ്ര സർക്കാരിൽനിന്നുണ്ടാകേണ്ടത്. സോനം വാങ്ചുക്കിനെ മോചിപ്പിച്ചാൽ മാത്രമേ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുകയുള്ളൂവെന്ന ആവശ്യത്തെ മാനിക്കുകയും വേണം. അതിർത്തിക്കപ്പുറത്തുനിന്നുള്ള സുരക്ഷാഭീഷണി നിരന്തരമായി അനുഭവിക്കേണ്ടിവരുന്ന അവിടത്തെ ജനതയ്ക്കു വേണ്ടതു ശാശ്വത സമാധാനമാണ്. സങ്കീർണമായ സാഹചര്യം നിലനിൽക്കുന്ന ആ പ്രദേശത്ത് എത്രയും വേഗം സുസ്ഥിരഭരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതും കേന്ദ്ര സർക്കാരിന്റെ കടമയാണ്. English Summary:
The Unrest in Ladakh: Ladakh protests are escalating due to unaddressed grievances and broken promises. The central government\“s approach to Ladakh needs to prioritize the people\“s needs and establish lasting peace. It\“s crucial to recognize the value of federalism and engage in constructive dialogue with the community to resolve the issues promptly. |
|