cy520520 • 2025-10-19 14:51:11 • views 1236
ന്യൂഡൽഹി ∙ മൂന്നു പതിറ്റാണ്ടോളം സ്വന്തം പിണിയാളുകളായി പാക്കിസ്ഥാൻ കണക്കാക്കിയിരുന്ന അഫ്ഗാനിസ്ഥാൻ അടുത്തകാലത്തായി ഇന്ത്യയുമായി അടുക്കുന്നതാണു പാക്ക് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. അഫ്ഗാൻ ഇന്ത്യയോട് അടുക്കുന്നതാണു തങ്ങളുടെ പ്രശ്നമെന്നു തുറന്നുപറഞ്ഞ പാക്ക് പ്രതിരോധമന്ത്രി, പണ്ടു പാക്കിസ്ഥാനിൽ ഒളിച്ചിരുന്നവരാണ് ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നതെന്നു പരിഹസിക്കുകയും ചെയ്തു.
- Also Read ‘വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്ന് സംശയം; താലിബാന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ’
അഫ്ഗാൻ അതിർത്തിയിലിരുന്നു പാക്ക് സേനയ്ക്കെതിരെ ആക്രമണം നടത്തുന്ന പാക്ക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രികെ താലിബാൻ പാക്കിസ്ഥാന് (ടിടിപി) അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണു വളംവച്ചുകൊടുക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ പരാതി. പാക്ക് ഭൂമിയിൽ ഭീകരാക്രമണം നടത്തിയശേഷം ഇവർ അഫ്ഗാനിലെ ഒളിത്താവളങ്ങളിലേക്കു രക്ഷപ്പെടുന്നു. അതിനാൽ അഫ്ഗാനിലെ ഭീകരതാവളങ്ങളാണു വ്യോമാക്രമണങ്ങളിലൂടെ തകർക്കുന്നതെന്നും പാക്കിസ്ഥാൻ വാദിക്കുന്നു. എന്നാൽ, പാക്ക് സേന ചെയ്യുന്നത് അതിർത്തിലംഘനമാണെന്നാണു താലിബാന്റെ മറുവാദം.
കഴിഞ്ഞയാഴ്ച അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാസന്ദർശനത്തിനിടെ കാബൂളിൽ ഉണ്ടായ പൊട്ടിത്തെറിയുടെ പിന്നിൽ പാക്ക് കൈകളാണെന്ന് അഫ്ഗാൻ നേതാക്കൾ ആരോപണമുയർത്തിയിരുന്നു. തുടർന്ന് അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്നു. ഖത്തറും സൗദിയും ഇടപെട്ടതോടെ ദോഹയിൽ ചർച്ച നടത്തുംവരെ വെടിനിർത്താമെന്നു സമ്മതിക്കയും ചെയ്തതാണ്. എന്നാൽ, സംഘർഷം അടങ്ങിയില്ല.
- Also Read അഫ്ഗാനിലെ ‘പിൻവാതിൽ’ അടയ്ക്കാറായോ? തുടരെ ‘അജ്ഞാത’ ആക്രമണം; പാക്കിസ്ഥാൻ ഇനി കൂടുതൽ ഭയക്കും; മുത്തഖി ഡൽഹിയിൽ എത്തുമ്പോൾ...
2021ൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെയാണ് പഴയ സൗഹൃദം ഉലഞ്ഞുതുടങ്ങിയത്. അന്നു മുതൽ ശത്രുത എരിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഓപ്പറേഷൻ സിന്ദൂറിനുശേഷമുണ്ടായ ചില നയതന്ത്ര കളികളാണ് ഇപ്പോഴത് ആളിക്കത്താൻ കാരണമെന്നാണു വിലയിരുത്തൽ. അമേരിക്കൻ സേനാപിന്മാറ്റത്തിനുശേഷം അഫ്ഗാനിൽ റഷ്യയും ചൈനയും സ്വാധീനം ചെലുത്തിത്തുടങ്ങുകയാണെന്നു ബോധ്യമായ യുഎസ്, 4 ദിവസത്തെ ഇന്ത്യ–പാക്ക് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പാക്ക് നേതൃത്വവുമായി അടുത്തു. അധിനിവേശകാലത്ത് അമേരിക്കൻ സൈന്യം വികസിപ്പിച്ച അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികെ ആവശ്യപ്പെട്ടത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ഈ കളിയിൽ പാക്ക് സേനാമേധാവി അസീം മുനീറിനെ ട്രംപ് സ്വാധീനിക്കുകയും ചെയ്തു.
ബാഗ്രാമിൽ യുഎസ് സൈന്യം തിരിച്ചെത്തിയാൽ, പാക്ക് താലിബാനെ അമർച്ച ചെയ്യാൻ സഹായമാകുമെന്നാണു പാക്കിസ്ഥാന്റെ കണക്കുകൂട്ടൽ. പാക്ക്–അഫ്ഗാൻ ബന്ധം വഷളായതിന് ഇങ്ങനെയൊരു പശ്ചാത്തലവും നയതന്ത്ര വിദഗ്ധർ കാണുന്നു. English Summary:
Afghanistan-Pakistan relations are currently strained due to accusations of supporting terrorist groups and border conflicts: The situation is further complicated by shifting geopolitical dynamics, including US involvement and regional power plays. These tensions have led to increased instability in the region. |
|