പാലക്കാട് ∙ വിവാദങ്ങൾക്കു ശേഷം ആദ്യ സർക്കാർ പരിപാടിയിൽ ഉദ്ഘാടകനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്കുള്ള പുതിയ കെഎസ്ആർടിസി എസി സീറ്റർ ബസ് സർവീസ് ആണു രാഹുൽ ഫ്ലാഗ് ഓഫ് ചെയ്തത്. ഞായർ രാത്രി എട്ടരയ്ക്കായിരുന്നു പരിപാടി. പങ്കെടുത്താൽ തടയുമെന്നു ബിജെപിയും യുവമോർച്ചയും പറഞ്ഞിരുന്നുവെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ഡിവൈഎഫ്ഐയും പ്രതിഷേധിക്കാൻ എത്തിയില്ല. ഉദ്ഘാടനത്തെക്കുറിച്ചു സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി ട്രേഡ് യൂണിയൻ നേതാക്കൾക്കു നേരത്തെ അറിവുണ്ടായിരുന്നു. സിഐടിയു യൂണിയനിലെ പല ഭാരവാഹികളും പങ്കെടുക്കുകയും ചെയ്തു. സ്ഥലം എംഎൽഎമാരാണ് പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ ഉദ്ഘാടനം ചെയ്യാറുള്ളത്.
8.50നു സ്റ്റാൻഡിലെത്തിയ രാഹുൽ ഉദ്ഘാടനശേഷം യാത്രക്കാരോടും പങ്കെടുക്കാനെത്തിയവരോടും കുശലം പറഞ്ഞ് 9.20നാണു മടങ്ങിയത്. പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്ന നിലപാടിൽ തന്നെയാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ പറഞ്ഞു.
ബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണു യാഥാർഥ്യമായതെന്നു രാഹുൽ പറഞ്ഞു. ആവശ്യം പലതവണ ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കൂടുതൽ സംസ്ഥാനാന്തര സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. പാലക്കാട് ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ്. പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റാണുള്ളത്. പാലക്കാട് ഡിപ്പോയിൽ നിന്നു രാത്രി ഒൻപതിനും ബെംഗളൂരുവിൽ നിന്നു 9.15നും പുറപ്പെടും. പാലക്കാട്ടു നിന്നു ബെംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ 1171 രൂപയും മറ്റു ദിവസങ്ങളിൽ 900 രൂപയുമാണ് നിരക്ക്. ഡിപ്പോ എൻജിനീയർ എം.സുനിൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
English Summary:
Rahul Mamkootathil MLA inaugurated the new KSRTC AC Seater bus service from Palakkad to Bengaluru after facing controversies. This initiative fulfills the long-standing demand of the people of Palakkad for a 50-seater AC bus to Bengaluru, with fares starting at ₹900. |
|