deltin33 • 2025-10-28 09:08:18 • views 1257
തിരുവനന്തപുരം ∙ നാട്ടുകാരുടെയും ബന്ധുക്കളുടെയും അപരിചിതരുടെയും ഒക്കെ ശല്യപ്പെടുത്തൽ ഭയന്ന്, ബംപർ ഭാഗ്യക്കുറി ജേതാക്കൾ പേരു പുറത്തു പറയാൻ മടിക്കുന്നതായി ലോട്ടറി വകുപ്പ്. പലരും ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി ലോട്ടറി ജില്ലാ, സംസ്ഥാന ഓഫിസുകളിലെത്തി ആദ്യം ആവശ്യപ്പെടുന്ന കാര്യം പേര് പുറത്തു പറയരുതെന്നാണ്. ഇക്കാര്യം ആവശ്യപ്പെട്ട് രേഖാമൂലം കത്തും നൽകുന്നുണ്ട്. അതിനാൽ, സമ്മാനം ലഭിക്കുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയാത്ത അവസ്ഥയിലാണ് വകുപ്പ്. സമ്മാനം ലഭിക്കുന്നതും അത് മാധ്യമങ്ങൾ വാർത്തയാക്കുന്നതും നല്ല കാര്യമായാണ് ലോട്ടറി വകുപ്പ് കാണുന്നത്. ഒരാൾക്കു ലോട്ടറിയടിക്കുന്നത് കൂടുതൽ പേരെ ലോട്ടറി ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് വകുപ്പിന്റെ പക്ഷം.
2022ലെ ഓണം ബംപർ ടിക്കറ്റെടുത്ത് തിരുവനന്തപുരം സ്വദേശി ഓട്ടോ ഡ്രൈവറായ അനൂപിന് 25 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് പബ്ലിസിറ്റി തിരിച്ചടിയായത്. പണം കടം ചോദിച്ചെത്തുന്നവരുടെ ശല്യം സഹിക്കാതെയായപ്പോൾ അനൂപിന് കുടുംബത്തോടൊപ്പം വീട്ടിൽനിന്നു മാറിനിൽക്കേണ്ടി വന്നു. ഇതിനു ശേഷമാണ് ബംപർ സമ്മാനം നേടുന്നവർ പൊതുവേ പേരു വെളിപ്പെടുത്താൻ തയാറാകാത്തത്. വർഷത്തിൽ 6 ബംപർ നറുക്കെടുപ്പുകളാണുള്ളത്. ഇതിൽ 25 കോടി ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബംപറിനാണ് വൻ ഡിമാന്റ്.
തിരുവോണം ബംപർ അടിച്ചത് നെട്ടൂരിൽ താമസിക്കുന്ന സ്ത്രീക്ക്?
നെട്ടൂർ (കൊച്ചി) ∙ 25 കോടിയുടെ ബംപർ അടിച്ചത് നെട്ടൂരിൽ താമസിക്കുന്ന സ്ത്രീക്ക് ആകാൻ സാധ്യതയെന്ന് ലോട്ടറി ഏജന്റ് എം.ടി.ലതീഷ്. ടിക്കറ്റ് ഇന്നു ബാങ്കിൽ നൽകിയേക്കും. ഫലം വന്ന ദിവസം 2 പ്രാവശ്യം ഇവർ കടയിൽ വന്നിരുന്നു. മാധ്യമ പ്രവർത്തകർ എപ്പോഴാണു പോകുന്നതെന്നു തിരക്കി. ചന്തിരൂരിലെ ചെമ്മീൻ കമ്പനിയിൽ ജോലി നോക്കുന്ന ഇവർ പതിവായി ടിക്കറ്റ് എടുക്കുന്ന ആളല്ല. ഓണം ബംപർ ആയതു കൊണ്ടാണ് എടുത്തത്.
രാത്രി ടിക്കറ്റിന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ചില ആളുകളോടും ലോട്ടറി അടിച്ച കാര്യം ഇവർ നേരിട്ടല്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. രാവിലെ ഇവരുടെ വീട്ടിലേക്ക് ലോട്ടറി ഏജന്റിന്റെ സുഹൃത്തുക്കൾ ചെന്നപ്പോഴാണ് വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയ വിവരമറിയുന്നത്. അന്വേഷിച്ചെത്തിയ മാധ്യമ പ്രവർത്തകരോടും മറ്റുള്ളവരോടും ഇവർ കാര്യം നിഷേധിച്ചു.
അതേസമയം, ഇന്നലെ രാത്രി തമിഴ്നാട്ടിൽ നിന്ന് കട അന്വേഷിച്ച് വിളി വന്നതായി ലതീഷ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ലോറിക്കാർ 24 ടിക്കറ്റ് വാങ്ങിയിരുന്നു. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
English Summary:
Why Lottery Winners Hide Their Identities |
|