കൊച്ചി∙ യുവനേതാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. കെ.ജെ.ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. സ്ത്രീകളെ സ്മാർത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന് വിമർശിച്ച കെ.ജെ.ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. മുൻ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്.
യോഗത്തിൽ പങ്കെടുത്ത റിനി താനും വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്ന് പറഞ്ഞു.‘‘എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല.
രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്’’ – റിനി പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rinianngeorg എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rini in CPM Stage: Rini Ann George attended a CPM protest meeting after filing a sexual harassment complaint. Rini spoke about the cyberbullying she faced after speaking about the incident, emphasizing her intention to highlight ethical behavior in politics. |