എൻവിഗാഡോ∙ കൊളംബിയയിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നരേന്ദ്ര മോദി സർക്കാരിനെ ഉന്നമിട്ടുകൊണ്ട് രാഹുല്‍ പറഞ്ഞു. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എൻജിനിയറിങ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശക്തമായ ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തെക്കുറിച്ച് എനിക്ക് വലിയ ശുഭാപ്തിവിശ്വാസമുണ്ട്. എന്നാൽ അതേസമയം, ഇന്ത്യയുടെ ഘടനയിൽ തിരുത്തപ്പെടേണ്ട ചില പിഴവുകളുമുണ്ട്. ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ആക്രമണമാണ് ഏറ്റവും വലിയ വെല്ലുവിളി. വിവിധ പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും ആശയങ്ങൾക്കും മതവിശ്വാസങ്ങൾക്കും ഒന്നിച്ചു പുലരാൻ ജനാധിപത്യം അത്യാവശ്യമാണ്. ഇന്ത്യയിൽ ഒട്ടേറെ മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുണ്ട്. ഇവയ്ക്ക് നിലനിൽപിനു വേണ്ട ഇടമാവശ്യമുണ്ട്. ആ ഇടം നൽകാൻ ഏറ്റവും മികച്ച രീതി ജനാധിപത്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള ഭിന്നതയാണ് മറ്റൊരു ഭീഷണി. പതിനാറോ പതിനേഴോ പ്രധാന ഭാഷകളും ഒട്ടേറെ മതങ്ങളും ഉള്ള രാജ്യത്ത് അവയ്ക്ക് വളരാൻ വേണ്ട ഇടം നൽകേണ്ടത് അത്യാവശ്യമാണ്’–രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ആശയങ്ങൾ ഭീരുത്വമാണെന്നും രാഹുൽ ആരോപിച്ചു. ‘ആർഎസ്എസിന്റെയും ബിജെപിയുടെയും സ്വഭാവം അതാണ്. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചാൽ, അദ്ദേഹം പറയുന്നത്, ചൈന നമ്മളേക്കാൾ ശക്തരാണെന്നും അവരോട് നമ്മളെങ്ങനെയാണ് തർക്കിക്കുക എന്നുമാണ്. അവരുടെ ആശയങ്ങളുടെ ഹൃദയത്തിലുള്ളത് ഭീരുത്വമാണ്’– രാഹുൽ കൂട്ടിച്ചേർത്തു. English Summary:
Rahul Gandhi criticizes the Indian government during a speech in Colombia: Rahul Gandhi highlights the importance of democracy for India\“s diverse traditions and criticizes the ideologies of the RSS and BJP. |