ചെന്നൈ∙ ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന് നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി ജയറാം രംഗത്തെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.
‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. എന്നോടു പൂജ പോലെ ചെയ്യാൻ പറഞ്ഞു. ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫിസ് മുറിയിൽ വെച്ചാണ് പൂജ നടന്നത്. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോൾ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത്.
ഉണ്ണികൃഷ്ണൻ പോറ്റി പല കാര്യങ്ങൾക്കും വിളിക്കാറുണ്ട്. 2018 മുതൽ പരിചയമുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയിൽ മേളം ചെയ്യാമോയെന്നു ചോദിച്ച് വിളിച്ചിരുന്നു. ചെന്നൈയിലെ അന്നത്തെ പൂജ മഹാഭാഗ്യമായാണ് കരുതിയത്. അത് ഇങ്ങനെയാകുമെന്നു കരുതിയില്ല’’ –ജയറാം പറഞ്ഞു. English Summary:
Jayaram\“s Clarification on Sabarimala Gold Door Pooja Controversy: Jayaram clarifies his involvement in the 2019 Chennai gold door pooja conducted by Unnikrishnan Potti. He attended the pooja at a factory in Ambattur upon Potti\“s invitation and considered it an honor to participate in a ritual for something going to Sabarimala. |