ന്യൂഡൽഹി ∙ പാക്ക് അധിനിവേശ കശ്മീരിൽ അഞ്ചു ദിവസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യ. പാക്കിസ്ഥാന്റെ അടിച്ചമർത്തൽ സമീപനവും വിഭവങ്ങൾ കൊള്ളയടിക്കുന്ന പ്രവൃത്തിയുമാണ് അശാന്തിക്ക് കാരണമെന്നാണ് ഇന്ത്യയുടെ ആരോപണം. പ്രക്ഷോഭം അടിച്ചമർത്താനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിൽ ഇതുവരെ 15 പേർ കൊല്ലപ്പെടുകയും 150ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യം നടത്തിയ ക്രൂരമായ അടിച്ചമർത്തലിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
- Also Read കെട്ടടങ്ങാതെ പ്രതിഷേധത്തീ: പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം തുടരുന്നു; 15 മരണം
പാക്കിസ്ഥാന്റെ നിർബന്ധിതവും നിയമവിരുദ്ധമായ അധിനിവേശത്തിനു കീഴിലാണ് പ്രദേശമെന്നും സാധാരണക്കാർക്കെതിരെ പാക്കിസ്ഥാൻ സൈന്യം ക്രൂരമായ നടപടികൾ സ്വീകരിക്കുന്നതായും ഇന്ത്യ കുറ്റപ്പെടുത്തി. പാക്ക് അധിനിവേശ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാനെ ഉത്തരവാദിയാക്കണമെന്നും രാജ്യാന്തര സമൂഹത്തിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
- Also Read പ്രവാസികളുടെ കയ്യിൽ അവശ്യസമയത്ത് പണമെത്തും, ടെൻഷനില്ലാതെ വിശ്രമജീവിതം; ഉറപ്പാക്കണം ഈ നിക്ഷേപങ്ങൾ, എന്തെല്ലാം ശ്രദ്ധിക്കണം?
മൗലികാവകാശ നിഷേധത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ സെപ്റ്റംബർ 29ന് പ്രതിഷേധം ആരംഭിച്ചത്. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെ 38 ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. പ്രതിഷേധങ്ങൾ ആരംഭിച്ചതു മുതൽ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ലൈൻ തുടങ്ങിയ സേവനങ്ങളുടെ നിരോധനവും പാക്ക് അധിനിവേശ കശ്മീരിൽ തുടരുകയാണ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Vikspeaks1 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
India\“s Reaction to PoK Protests: PoK Protests involve widespread demonstrations against Pakistan\“s governance in Pak Occupied Kashmir. India has condemned Pakistan\“s suppression of the protests and called for accountability for human rights violations in the region. |