മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഭീകരത അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയതും വലിയ വാർത്താ പ്രാധാന്യം നേടി. കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി വിജയ്‌യെ രൂക്ഷമായി വിമർശിച്ചതും ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു. അറിയാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97)അന്തരിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം.
ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാന്റെ നീക്കങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി കരസേനാ മേധാവി. രാജസ്ഥാനിൽ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ഭൂപടത്തിൽ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
രാജസ്ഥാനിലും മധ്യപ്രദേശിലും വ്യാജ ചുമമരുന്നു കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യമുണ്ടായി മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ ഛിംദ്‌വാഡയിൽ ഇന്ന് 9 കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സികാറിലും ഭരത്പുരിലുമായി രണ്ടു കുട്ടികൾ മരിച്ചിരുന്നു. ഛിംദ്‌വാഡയിൽ മരിച്ച കുട്ടികളിൽ ആറുപേർക്ക് വൃക്ക തകരാറുകൾ കണ്ടെത്തിയിരുന്നു.
ശബരിമല സ്വര്‍ണപ്പാളി വിവാദം കത്തിപ്പടരുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളാണ്. ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശി നല്‍കിയ സ്‌പോണ്‍സര്‍ എന്ന തരത്തിലാണ് ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്റെ പേര് പുറത്തുവന്നത്. ദ്വാരപാലകശില്‍പങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയതോടെയാണ് ദുരൂഹത ഏറിയത്.
കരൂരിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ആരും നിയമത്തിനു അതീതരല്ലെന്നും വ്യക്തമാക്കിയ കോടതി വിജയ്ക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. എന്തു പാർട്ടിയാണിത്. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു. അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ലെന്നും കോടതി വിമർശിച്ചു. English Summary:
Today\“s Recap -03-10-2025 |