കൊച്ചി ∙ ‘‘ചത്തു കഴിഞ്ഞാൽ മാത്രം പത്രത്തിൽ പടം വരുന്ന എന്റെയൊക്കെ പേര് ഇപ്പോൾ ലോകം മുഴുവൻ അറിയുന്നില്ലേ. കരച്ചിലു വരുന്ന അവസ്ഥയിൽ നിൽക്കുകയാണ്. നെട്ടൂരുകാർക്കു തന്നെ കിട്ടിയാൽ മതിയാരുന്നു. അവരാണ് എന്നെ നിലനിർത്തിയത്. പലപ്പോഴും ടിക്കറ്റ് തീരാതെയൊക്കെ ഇരിക്കുമ്പോൾ അവരാണ് ഈ ടിക്കറ്റൊക്കെ എടുക്കാറ്. സഹായിക്കാനായാണ് അവർ ടിക്കറ്റ് എടുക്കുന്നത്. ഞാൻ താമസിക്കുന്ന കുമ്പളത്തുള്ള ആളുകൾക്ക് എന്നെ അറിയില്ലെങ്കിലും 30 കൊല്ലമായി ഇവിടെയുള്ള ആളുകൾക്ക് എന്നെ അറിയാം’’- നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനിലെ കടയിൽ നിന്നു പറയുമ്പോൾ ലോട്ടറി ഏജന്റ് ലതീഷിന് സന്തോഷം അടക്കാനാവുന്നില്ല. ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്ന് ലതീഷ് എടുത്തു വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഓണം ബംപറിന്റെ 25 കോടി ഒന്നാംസമ്മാനം അടിച്ചത്.
- Also Read ഒന്നാം സമ്മാനം ഈ നമ്പറിന്; ഓണം ബംപർ നറുക്കെടുത്തു, ടിക്കറ്റ് വിറ്റത് വൈറ്റിലയിൽ, ആ ഭാഗ്യശാലി ആര് ?
എന്നാൽ ആ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്താണ്. തന്റെ കടയിൽനിന്നു ടിക്കറ്റ് എടുക്കുന്നത് നെട്ടൂരുകാർ ആവാനേ തരമുള്ളൂ എന്നാണ് രോഹിണി ട്രേഡേഴ്സ് എന്ന പലചരക്കു കട നടത്തുന്ന ലതീഷ് പറയുന്നത്. പല ബിസിനസുകളും നടത്തി ഒന്നും ശരിയാവാതെ വന്നപ്പോഴാണ് ലതീഷ് പലചരക്കു കടയ്ക്കൊപ്പം ഒരു വര്‍ഷം മുൻപ് ലോട്ടറിക്കച്ചവടവും തുടങ്ങിയത്. അന്ന് കുടുംബത്തിൽനിന്ന് അടക്കം എതിർപ്പുണ്ടായിരുന്നു. എന്നാൽ രണ്ടു മാസം മുൻപ് ദിവസ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിനു ലഭിച്ചിരുന്നു. അത് എടുത്തത് ആരാണെന്ന് ഇന്നും ലതീഷിന് അറിയില്ല. ഭഗവതി ഏജൻസീസിൽനിന്നു തന്നെയാണ് അന്നും ടിക്കറ്റ് എടുത്തത്.
- Also Read ഓണം ബംപറടിച്ചില്ലേ, ഇതാ 85 കോടിയുടെ ലോട്ടറി; സ്ഥിരം അടിക്കുന്നത് മലയാളികൾക്ക്; എങ്ങനെ കിട്ടും ടിക്കറ്റ്, വിലയെത്ര?
ഇത്തവണ ഭഗവതി ഏജൻസീസിൽനിന്ന് 800 ടിക്കറ്റും എറണാകുളം ലോട്ടറി ഓഫിസിൽനിന്ന് 300 ടിക്കറ്റുമാണ് ലതീഷ് എടുത്തിരുന്നത്. അതു മുഴുവൻ വിറ്റുപോയി. ഇന്നു രാവിലെ 11 മണിയായപ്പോൾത്തന്നെ ബംപർ ടിക്കറ്റ് വിറ്റുതീർന്നു. മുൻപ് ഒരു കോടി രൂപ സമ്മാനം അടിച്ച ശേഷം സമീപത്തുള്ള കടകളിലൊക്കെ ലോട്ടറി വിൽപന കൂടിയിട്ടുണ്ടെന്ന് ലതീഷ് പറയുന്നു. ഇപ്പോൾ കടയ്ക്കു മുന്നിൽ ഒരു തട്ട് വച്ച് അതിലാണ് ലോട്ടറി വിൽക്കുന്നത്. ‘‘ലോട്ടറി തട്ട് വലുതാക്കാനൊന്നും പ്ലാൻ ഇല്ല. ഇത് ഭാഗ്യത്തട്ടാണ്. ദിവസക്കൂലിക്കൊക്കെ ജോലി ചെയ്യുന്ന സാധാരണക്കാരാണ് എന്റെ അടുക്കൽനിന്നു ടിക്കറ്റ് എടുക്കാറുള്ളത്. അവരിലാർക്കെങ്കിലും അടിക്കണമെന്നാണ് എന്റെ ആഗ്രഹം’’ – ലതീഷ് പറയുന്നു. English Summary:
Onam Bumper Lottery: Lottery agent Latheesh from Nettur, Ernakulam, expresses his joy after selling the winning Onam Bumper ticket but wishes the prize had gone to someone from his local community. |