തിരുവോണം ബംപർ നറുക്കെടുപ്പും ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയ പ്രിയനടൻ മോഹൻലാലിന് സർക്കാർ ഒരുക്കിയ സ്വീകരണവുമാണ് ഇന്നത്തെ പ്രധാന സംഭവവികാസങ്ങൾ. ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും നടപടികളും ഇന്നും വാർത്തയിൽ നിറഞ്ഞു. കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ ജെസി സാമിനെ ഭർത്താവ് സാം കെ ജോർജ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണവും ഇന്ന് പ്രധാന വാർത്തയായി. രാജ്യാന്തരതലത്തിൽ ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി അംഗീകാരം നൽകിയതും ഇതു സംബന്ധിച്ചുള്ള പ്രതികരണങ്ങളും ശ്രദ്ധ നേടിയപ്പോൾ പാക്ക് അധീന കശ്മീരിലെ പ്രക്ഷോഭകരുമായി പാക്കിസ്ഥാൻ സർക്കാർ ഒത്തുതീർപ്പിലെത്തിയതും തലക്കെട്ടുകളിൽ ഇടംപിടിച്ചു.
തിരുവോണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ ഭഗവതി ഏജൻസി പാലക്കാട്ടുനിന്നു വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. ‘‘ചത്തു കഴിഞ്ഞാൽ മാത്രം പത്രത്തിൽ പടം വരുന്ന എന്റെയൊക്കെ പേര് ഇപ്പോൾ ലോകം മുഴുവൻ അറിയുന്നില്ലേ. കരച്ചിലു വരുന്ന അവസ്ഥയിൽ നിൽക്കുകയാണ്’’–ടിക്കറ്റ് വിറ്റ നെട്ടൂരിെല ഏജന്റ് ലതീഷ് പ്രതികരിച്ചു.
ആയിരങ്ങളെ സാക്ഷി നിർത്തി മലയാളത്തിന്റെ മോഹന്‍ലാലിന് സംസ്ഥാന സർക്കാറിന്റെ ആദരം. \“വാനോളം മലയാളം, ലാല്‍ സലാം\“ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരവ് നിർവഹിച്ചു. ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. വിശ്വാസികളെ അണിനിരത്തി ‘പ്രതിഷേധ ജ്യോതി’ എന്ന പേരിൽ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.
അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് പാളിച്ച സംഭവിച്ചിട്ടില്ലെന്നും 407 ഗ്രാം സ്വര്‍ണം ലോക്കറില്‍ ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതികരിച്ചു. അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ ജയറാമിന്റെ പ്രതികരണം.
ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) ആണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ–ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്.
പാക്ക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. English Summary:
Today\“s Recap 04 October 2025 |