കൊൽക്കത്ത∙ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സന്ദർശനം അലങ്കോലമായതിനു പിന്നാലെ ബംഗാളിൽ രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾ ശക്തം. ബംഗാളിനെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയതിന് മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഒരുപടി കൂടി കടന്ന്, മമതയെ അറസ്റ്റു ചെയ്യണമെന്നാണ് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടത്. മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മെസ്സിയുടെ സന്ദർശനം ബംഗാളിൽ പ്രധാന രാഷ്ട്രീയ ചർച്ചയാകുകയാണ്.
- Also Read മെസ്സി മുംബൈയിൽ പറന്നിറങ്ങുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്; ചുക്കാൻപിടിച്ചത് പിള്ള സർവകലാശാലയും
ബംഗാളിലെ ഫുട്ബാൾ ആരാധകരെ രണ്ടാംകിട പൗരന്മാരായാണ് കൊൽക്കത്തയിൽ പരിഗണിച്ചതെന്നു സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മെസ്സിയെ കാണാൻ കൊതിച്ച് എത്തിയ ബംഗാളി ആരാധകരോടാണ് സ്വന്തം നാട്ടിൽ ഇങ്ങനെ ചെയ്തത്. എന്നാൽ, മന്ത്രിമാരായ അരൂപ് ബിശ്വാസും സുജിത്ത് ബോസും അവരുടെ വിഐപി സുഹൃത്തുക്കളും രക്തത്തിനരികിൽ അട്ടകളെ പോലെ മെസ്സിയെ വളഞ്ഞപ്പോൾ യഥാർഥ ആരാധകർ ഗാലറിയിൽ കുടുങ്ങി. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ 5 മിനിറ്റ് മെസ്സിയെ കാണാൻ മാത്രമാണ് അവർക്ക് കഴിഞ്ഞത്. നേരിട്ട് കാണാനേ കഴിഞ്ഞില്ല. വഞ്ചനയാണിത് – സുവേന്ദു അധികാരി പറഞ്ഞു.
- Also Read പതിനായിരത്തിന് ടിക്കറ്റെടുത്തു, മെസ്സിയുടെ മുഖം പോലും കണ്ടില്ല; സ്റ്റേഡിയത്തിലെ കാർപറ്റുമായി കടന്ന് ആരാധകൻ– വിഡിയോ
പ്രതിപക്ഷ നേതാവെന്ന നിലയിൽ 3 ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘‘ഗാലറി ടിക്കറ്റ് എടുത്തവർക്കെല്ലാം മുഴുവൻ തുകയും റീഫണ്ടായി നൽകണം. കായിക മന്ത്രി അരൂപ് ബിശ്വാസിനെ അറസ്റ്റ് ചെയ്യണം. മന്ത്രി സുജിത് ബോസിനെ പുറത്താക്കണം. സ്പോൺസർമാരായ ശതാദ്രു ദത്ത ഇനീഷ്യേറ്റീവിനെതിരെ നടപടിയെടുക്കണം. ഒപ്പം, മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണം. ബംഗാളിന്റെ ആത്മാവിൽ അവശേഷിക്കുന്നവയും നശിപ്പിക്കുന്നതിനു മുൻപ് മമത രാജിവയ്ക്കണം’’ – സുവേന്ദു അധികാരി പറഞ്ഞു.
- രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
- കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
- ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
അതേസമയം, മെസ്സിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ക്രമസമാധാന നില തകർന്നതിൽ മുഖ്യമന്ത്രി മമത ബാനർജിയെ അറസ്റ്റു ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. പരിപാടിയുടെ സംഘാടകരെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. മുഖ്യമന്ത്രിക്കും പൊലീസ് കമ്മfഷണർക്കുമാണ് പ്രാഥമിക ഉത്തരവാദിത്തം –അദ്ദേഹം പറഞ്ഞു.
- Also Read മെസ്സി മടങ്ങിയത് വിശ്വസിക്കാനാകാതെ ഗാലറി, ഗ്രൗണ്ട് കയ്യടക്കി ജനം; ജനക്കൂട്ടത്തിനിടയിലൂടെ ബജ്‌റങ്ദൾ പതാകയുമായി പ്രകടനം
അതേസമയം, മെസ്സിയുടെ പരിപാടി അലങ്കോലപ്പെടുത്തിയത് മുൻകൂട്ടി പദ്ധതിയിട്ടാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. ‘‘സംഭവിച്ചതെല്ലാം വളരെ ദൗർഭാഗ്യകരമാണ്. സംഭവിക്കാൻ പാടില്ലായിരുന്നു. മെസ്സിയെ ആളുകൾ വളഞ്ഞതോടെ ആരാധകർക്ക് കാണാൻ പോലും കഴിഞ്ഞില്ല. ഇത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയല്ല. സംഘാടകർക്കായിരുന്നു ഉത്തരവാദിത്തം. എന്നാൽ, ചിലർ സ്റ്റേഡിയത്തിൽ ‘ജയ് ശ്രീറാം’ വിളിയുമായി കാവിക്കൊടിയുമായി എത്തിയത് എന്തിനാണ്? ഫുട്ബാൾ ആരാധകരുടെ വൈകാരികത ചൂഷണം ചെയ്യാൻ ചിലർ ശ്രമിക്കുകയായിരുന്നോ? ഇതെല്ലാം മുൻകൂട്ടി തയാറാക്കിയതാണോ?’’ –തൃണമൂൽ നേതാവ് കുനാൽ ഘോഷ് ചോദിച്ചു. പരിപാടി അലങ്കോലമായതിൽ മുഖ്യമന്ത്രി മമത ബാനർജി മെസ്സിയോടും കായിക പ്രേമികളോടും മാപ്പ് പറഞ്ഞിരുന്നു. റിട്ട. ജസ്റ്റിസ് അഷിം കുമാർ റേയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പു പ്രതിനിധി എന്നിവരെ അന്വേഷണത്തിനു നിയോഗിച്ചിട്ടുമുണ്ട്.
കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെയായിരുന്നു മെസ്സിയുടെ പരിപാടി. 11.35ന് സ്റ്റേഡിയത്തിലെത്തിയ മെസ്സി 18 മിനിറ്റിനു ശേഷം പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങുകയായിരുന്നു. സ്റ്റേഡിയത്തിലെത്തിയപ്പോൾ മുതൽ ആൾത്തിരക്കിൽ മെസ്സി അസ്വസ്ഥനായിരുന്നു. സംഘാടനത്തിലെ വീഴ്ചയും പരിപാടി അലങ്കോലമാകാൻ കാരണമായി. മെസ്സി പോയതോടെ നിരാശരായ കാണികൾ ഗ്രൗണ്ട് കയ്യേറി. 4000 രൂപ മുതൽ 20,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത ആരാധകരുടെ പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു. English Summary:
Lionel Messi Kolkata visit is under scrutiny. The event\“s disorganization has sparked political accusations between BJP and TMC, with calls for resignations and investigations. The event disorganization led to fans protesting, with demands for refunds and accountability. |