deltin33 • 2025-10-6 09:21:00 • views 1256
കോട്ടയം∙ മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സാം കെ.ജോർജിന്റെ കാറിൽനിന്നു രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് കഴിഞ്ഞ ദിവസം കാർ പിടിച്ചെടുത്തിരുന്നു. രക്തക്കറയും മുടിയും കാറിൽനിന്ന് പ്രാഥമിക പരിശോധനയിൽ ലഭിച്ച വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നലെ ലാബിലേക്കു നൽകി.
- Also Read പ്ലസ്‌വൺ കാലത്തെ പരിചയം; സാം പ്രണയാഭ്യർഥന നടത്തി; വീട്ടുകാരെ അവഗണിച്ച് ജെസിയുടെ വിവാഹം, ഒടുവിൽ ദാരുണാന്ത്യം
ഇന്നലെ രാവിലെ 11ന് കോട്ടയം കഞ്ഞിക്കുഴിയിലുള്ള കാർ വാഷിങ് സെന്ററിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സാം ഉപേക്ഷിച്ച മുളകുസ്പ്രേയുടെ ടിൻ ഇവിടെനിന്നു കണ്ടെടുത്തു. ഈ സ്പ്രേ ജെസിയുടെ മുഖത്ത് പ്രയോഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറിയതും കൊലപാതകം നടത്തിയതും.
മൃതദേഹം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ ഉപേക്ഷിച്ചശേഷം സാം കഞ്ഞിക്കുഴിയിലെത്തി കാർ കഴുകാൻ നൽകി. അതിനു ശേഷം ബസ് കയറി എംജി സർവകലാശാലാ ക്യാംപസിൽ എത്തി, കയ്യിൽ കരുതിയിരുന്ന, ജെസിയുടെ ഫോൺ ക്യാംപസിലെ മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിനു സമീപത്തെ കുളത്തിൽ എറിഞ്ഞതായാണ് പൊലീസിനു നൽകിയ മൊഴി.
ഇന്നലെ പരിശോധനയ്ക്കായി സാമിനൊപ്പം പൊലീസ് ഇവിടെ എത്തിയെങ്കിലും ആഴമുള്ള പാറമടയാണെന്നു കണ്ടതിനാൽ തിരച്ചിൽ നടത്താതെ മടങ്ങി. കൊലപാതകം നടന്ന, കാണക്കാരി രത്നഗിരി പള്ളിക്കു സമീപത്തെ കപ്പടക്കുന്നേൽ വീട്ടിൽ പൊലീസ് ഇന്നു പരിശോധന നടത്തും.
- Also Read മുറ്റം നിറയെ വള്ളിപ്പടർപ്പ്, വീടിനെ മറച്ച് മരങ്ങൾ; നിഗൂഢതയുടെ മറവിൽ കപ്പടക്കുന്നേൽ വീട്, സാം ഭയന്നത് വിധി
ജെസിയുടെ സംസ്കാരം ഇന്ന് 2നു ജന്മദേശമായ പത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഒന്നിനു കൈപ്പട്ടൂർ പുല്ലാന്നിയിൽ പുതുപ്പറമ്പിൽ വീട്ടിലെത്തിക്കും. ഇവിടെ ശുശ്രൂഷകൾക്കു ശേഷമാണ് സംസ്കാരം.
പക ഒടുങ്ങാതെ സാം
അറസ്റ്റിലായ സാം കെ.ജോർജ് ഇപ്പോഴും ആരെയും കൂസാത്ത ഭാവത്തിൽ. കൊലക്കുറ്റത്തിനു പിടിയിലായിട്ടും സാമിന്റെ ക്രൂര മനോഭാവത്തിൽ മാറ്റമില്ലെന്ന് പൊലീസ് പറഞ്ഞു. ‘അവൾ കൊല്ലപ്പെടേണ്ടവളാണ്’ എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായും വിവരമുണ്ട്. ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചില്ല. English Summary:
Jessy Murder: Police Intensify Scientific Examination, Crucial Evidence Collected |
|