LHC0088 • 2025-10-6 23:21:04 • views 1251
തിരുവനന്തപുരം∙ പാലക്കാട് പല്ലശന സ്വദേശി ഒന്‍പതു വയസുകാരിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാന്‍ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടര്‍മാരെ ബലിയാടാക്കുന്ന ഈ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
- Also Read കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം; ‘മുറിവ്’ ഇല്ലാതെ റിപ്പോർട്ട്, മതിയായ ചികിത്സ നൽകിയെന്ന് വാദം
ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് സംഘടന വ്യക്തമാക്കി. ഏറെ പരിമിതമായ സാഹചര്യങ്ങളില്‍ സാധ്യമാവുന്നതില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന ഈ സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്കു തള്ളിവിടാന്‍ മാത്രമേ ഉപകരിക്കൂ. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും, സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിന് തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രസിഡണ്ട് ഡോ. പി.കെ.സുനിൽ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ് എന്നിവര്‍ അറിയിച്ചു.
- Also Read ‘ആശുപത്രിയിൽ എത്തിച്ചത് ഒടിഞ്ഞ കയ്യിൽ ചോരയൊലിച്ചുള്ള മുറിവുകളോടെ’: മുറിവിനെക്കുറിച്ചു മിണ്ടാതെ ആരോഗ്യവകുപ്പ്
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടർന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് – പ്രസീത ദമ്പതികളുടെ മകളാണ് വിനോദിനി. പഴുപ്പ് വ്യാപിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് കൈ മുറിച്ചു മാറ്റിയത്. English Summary:
Doctor Suspension Case: Palakkad doctors suspended after a child\“s arm was amputated following complications from a plaster cast. The KGMOA protests the suspension, alleging doctors are being made scapegoats for systemic issues. |
|